കരിപ്പൂർ; കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 97 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കരിപ്പൂർ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റിൽ. ഷാർജയിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി ആകെ 661.9 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് റഹീസ് (40), കോഴിക്കോട് നാദാപുരം സ്വദേശി ഖാലിദ് (44) എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
റഹീസ് തന്റെ വസ്ത്രത്തിന്റെ പോക്കറ്റിൽ ഒളിപ്പിച്ചുവെച്ച് 331.5 ഗ്രാം തൂക്കം വരുന്ന മൂന്ന് സ്വർണച്ചെയിനുകളും, ഖാലിദ് വസ്ത്രത്തിന്റെ പോക്കറ്റിൽ തന്നെ ഒളിപ്പിച്ച് 330.4 ഗ്രാം തൂക്കം വരുന്ന മൂന്ന് സ്വർണച്ചെയിനുകളുമാണ് കൊണ്ടുവന്നത്.
തുടർന്ന് വിമാനത്താവള പരിസരത്ത് പൊലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ, കസ്റ്റംസിനെ വെട്ടിച്ച് പുറത്തെത്തിച്ച സ്വർണം ഏറ്റുവാങ്ങാനെത്തിയ കൊടുവള്ളി സ്വദേശി ഹാനിഫ (32) എന്നയാളെയും പൊലീസ് പിടികൂടി. ഇയാളിൽ നിന്ന് 3,10,000 രൂപയും കണ്ടെടുത്തിട്ടുണ്ട്.
സ്വർണക്കടത്ത് റാക്കറ്റുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.



