തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ സഞ്ചരിച്ചിരുന്ന ഔദ്യോഗിക കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തില്‍ കോളേജ് വിദ്യാർത്ഥി മരിച്ചു. കലഞ്ഞൂർ ഐ.എച്ച്.ആർ.ഡി കോളേജ് വിദ്യാർത്ഥിയായ കൃഷ്ണനന്ദു (19) ആണ് ദാരുണമായി മരണപ്പെട്ടത്.
പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ സ്ഥിരം അപകടമേഖലയായ കൂടലില്‍ വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം.ശബരിമല മണ്ഡലകാല മുന്നൊരുക്ക യോഗത്തില്‍ പങ്കെടുക്കുന്നതിനായി പത്തനംതിട്ടയിലേക്ക് ഔദ്യോഗിക ആവശ്യത്തിനായി വരികയായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ്. രാവിലെ കോളേജിലേക്ക് പോവുകയായിരുന്ന കൃഷ്ണനന്ദുവിന്റെ ബൈക്കിന് മുന്നിലേക്ക് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച വയോധികൻ പെട്ടെന്ന് ചാടുകയായിരുന്നു. തുടർന്ന് വയോധികനെ ഇടിച്ചുവീഴ്ത്തിയ ശേഷം നിയന്ത്രണം വിട്ട ബൈക്ക് എതിർദിശയില്‍ നിന്ന് വന്ന ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറിനടിയിലേക്ക് മറിയുകയായിരുന്നു.അപകടത്തില്‍ കാറിന്റെ ചക്രം വിദ്യാർത്ഥിയുടെ തലയിലൂടെ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റു.
ഉടൻ തന്നെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തില്‍പ്പെട്ട വയോധികന്റെ പരിക്ക് ഗുരുതരമല്ല. കാറിലുണ്ടായിരുന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.സംഭവത്തിന് പിന്നാലെ ദേവസ്വം ബോർഡ് പ്രസിഡന്റ് മറ്റൊരു വാഹനത്തില്‍ സ്ഥലത്തുനിന്ന് യാത്ര തുടർന്നു.
അപകടം നടന്നയുടൻ കൂടല്‍ പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും റോഡിലെ ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.



