കോൺഫിഡൻസ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമലാ സിതാരാമന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് അന്വേഷിക്കുന്നതിന് അന്വേഷണ കമ്മീഷന്റെ അധ്യക്ഷനായി ഭരണഘടനാ കോടതിയിലെ ജഡ്ജിയായി പ്രവർത്തിച്ച് പരിചയമുള്ള ഒരാളെ നിയമിക്കണം എന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
സമയബന്ധിതമായി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. റെയ്ഡ് നടക്കുന്നതിനിടെ പ്രോട്ടോക്കോൾ ലംഘനം ഉണ്ടായെന്നും, രണ്ട് സാക്ഷികൾ വേണമെന്നുണ്ടെന്നും ഇത് പാലിച്ചിട്ടില്ലെന്നും കത്തിൽ പറയുന്നുണ്ട്. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്ന ഔദ്യോഗിക റിപ്പോർട്ടുകൾ മാത്രം പൊതുസമൂഹത്തിൽ വിശ്വാസ്യത ഉറപ്പാക്കാൻ പര്യാപ്തമല്ലെന്നും അദ്ദേഹം കത്തിലൂടെ ചൂണ്ടിക്കാട്ടി.
ജനുവരി 30-ന് ഉച്ചയ്ക്ക് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയായിരുന്നു സി.ജെ. റോയി സ്വന്ത തോക്കിൽ നിന്ന് നിറയൊഴിച്ച് ജീവനൊടുക്കിയത്. അതേസമയം, റോയിയുടെ മരണകാരണം സംബന്ധിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ നിർണ്ണായക വിവരങ്ങൾ പുറത്തുവന്നു. നെഞ്ചിന്റെ ഇടതുഭാഗത്ത് തുളഞ്ഞുകയറിയ വെടിയുണ്ട ശ്വാസകോശത്തെയും ഹൃദയത്തെയും തകർത്തതാണ് മരണത്തിന് കാരണമായത്.



