Saturday, November 28, 2026
Homeഇന്ത്യവിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാം; അടുത്ത വർഷത്തെ നീറ്റ് പരീക്ഷ ഓൺലൈൻ/ഓഫ് ലെെൻ രീതികളിൽ നടത്താന്‍ ആലോചന

വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാം; അടുത്ത വർഷത്തെ നീറ്റ് പരീക്ഷ ഓൺലൈൻ/ഓഫ് ലെെൻ രീതികളിൽ നടത്താന്‍ ആലോചന

ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ നീറ്റ്-യുജി പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (CBT), പേപ്പര്‍-പെന്‍ പരീക്ഷ എന്നീ രണ്ട് രീതികളില്‍ ഒന്ന് തിരഞ്ഞെടുക്കാന്‍ അവസരം നല്‍കിയേക്കും. ഓണ്‍ലൈന്‍ പരീക്ഷാ രീതിയിലേക്ക് മാറുമ്പോള്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും തുല്യ അവസരം ഉറപ്പാക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നീക്കം പരിഗണിക്കുന്നത്. ദി പ്രിന്റാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നീറ്റ് പരീക്ഷ ഇതുവരെ ഓഫ്ലൈന്‍ രീതിയിലാണ് നടത്തിയിരുന്നത്.

അടുത്ത വര്‍ഷം തന്നെ പൂര്‍ണമായും കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയിലേക്ക് മാറിയാല്‍ പരമ്പരാഗത രീതിയില്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതിനാല്‍ പരീക്ഷാ രീതി തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കുന്നത് പരിഗണിക്കുന്നത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (NTA) നടത്തുന്ന എല്ലാ മത്സരപരീക്ഷകളും ഭാവിയില്‍ ഓണ്‍ലൈന്‍ രീതിയിലേക്ക് മാറ്റുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

മത്സരപരീക്ഷാ പരിഷ്‌കരണത്തിനായി നന്ദന്‍ നിലേകനി അധ്യക്ഷനായ ഉന്നതതല സമിതിയും രണ്ട് പരീക്ഷാ രീതികള്‍ തിരഞ്ഞെടുക്കാനുള്ള അവസരത്തെ പിന്തുണയ്ക്കുന്നതായാണ് വിവരം. ജെഇഇ മെയിന്‍ പരീക്ഷയിലും സമാനമായ രീതിയാണ് പിന്തുടര്‍ന്നത്. 2011ല്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ഓപ്ഷനായി അവതരിപ്പിച്ചെങ്കിലും ഓഫ്ലൈന്‍ രീതിയും വര്‍ഷങ്ങളോളം തുടര്‍ന്നു. 2019 ജനുവരിയിലാണ് ജെഇഇ മെയിന്‍ പൂര്‍ണമായും ഓണ്‍ലൈന്‍ പരീക്ഷാ രീതിയിലേക്ക് മാറിയത്. 2026ലെ നീറ്റ്-യുജിക്ക് 22.79 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഏകദേശം 20 ലക്ഷം പേര്‍ 13 ഭാഷകളിലായി 5,400ലധികം പരീക്ഷാ കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതി.

ഇത്രയും വലിയ പരീക്ഷ ഓഫ്ലൈന്‍ രീതിയില്‍ നടത്തുന്നതിന് ചോദ്യപേപ്പറുകള്‍ അച്ചടിക്കുന്നതും രഹസ്യ പാക്കറ്റുകള്‍ വിവിധ കേന്ദ്രങ്ങളിലെത്തിക്കുന്നതും ഉള്‍പ്പെടെ വലിയ ക്രമീകരണങ്ങള്‍ ആവശ്യമാണ്. പേപ്പര്‍ ചോര്‍ച്ചയ്ക്കുള്ള സാധ്യതകളും ഇതിലൂടെ വര്‍ധിക്കുന്നു. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ഇത്തരം അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനൊപ്പം വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

ജൂലൈയില്‍ രൂപീകരിച്ച നിലേകനി സമിതി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ പരീക്ഷാ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും ഊന്നല്‍ നല്‍കുന്നുണ്ട്. എല്ലാ ജില്ലകളിലും കുറഞ്ഞത് ഒരു ഡിജിറ്റല്‍ പരീക്ഷാ കേന്ദ്രം സ്ഥാപിക്കാനാണ് എന്‍ടിഎ ലക്ഷ്യമിടുന്നത്. പുതിയ കേന്ദ്രങ്ങളില്‍ കുറഞ്ഞത് 285 പ്രവര്‍ത്തനക്ഷമമായ കമ്പ്യൂട്ടറുകള്‍ ഉണ്ടായിരിക്കണം. സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഐഐടികള്‍, എന്‍ഐടികള്‍, ഐഐഎമ്മുകള്‍, ഐഐഎസ്ഇആര്‍കള്‍, എയിംസ്, ഐടിഐകള്‍ എന്നിവയെ പരീക്ഷാ കേന്ദ്രങ്ങളാക്കുന്നതിനും ക്ഷണിച്ചിട്ടുണ്ട്.

പരീക്ഷാ കേന്ദ്രങ്ങളുടെ സുരക്ഷയും നിലവാരവും ഉറപ്പാക്കാന്‍ സര്‍ട്ടിഫിക്കേഷന്‍, പരിശോധന, ഓഡിറ്റ് എന്നിവ ഉള്‍പ്പെടുന്ന സംവിധാനവും സമിതി തയ്യാറാക്കുകയാണ്. പരീക്ഷയ്ക്ക് മുമ്പ് കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നതിനും വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും കേന്ദ്രങ്ങളുടെ നിലവാരം വിലയിരുത്തുന്നതിനുമുള്ള നിര്‍ദേശങ്ങളുണ്ട്. എട്ട് സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയ സമിതി 2027 ജനുവരിയില്‍ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ