Saturday, November 28, 2026
Homeഇന്ത്യയുവതിയെയും യുവാവിനെയും വെട്ടിക്കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ

യുവതിയെയും യുവാവിനെയും വെട്ടിക്കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ

ചെന്നൈ: യുവതിയെയും യുവാവിനെയും വെട്ടിക്കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ. തമിഴ്നാട്ടിലെ തിരുവണ്ണാമലൈ സ്വദേശിയായ സഞ്ജയ് ​ഗാന്ധിയെയാണ് ഇരട്ടക്കൊലപാതകത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിലെ സഹപാഠിയായിരുന്ന മാലിനി, ഇവരുടെ ബന്ധുവായ രഞ്ജിത് കുമാർ എന്നിവരെയാണ് സഞ്ജയ് ​ഗാന്ധി കൊലപ്പെടുത്തിയത്. തിരുവണ്ണാമലൈയ്ക്ക് സമീപം തിരുപ്പത്തൂരിലായിരുന്നു സംഭവം

സഞ്ജയ് ​ഗാന്ധിയും മാലിനിയും തിരുവണ്ണാമലൈയിലെ സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞവർഷം സ്കൂളിൽ പൂർവവിദ്യാർഥികളുടെ സം​ഗമം സംഘടിപ്പിച്ചിരുന്നു. ഈ റീയൂണിയനിൽവെച്ച് സഞ്ജയ് ​ഗാന്ധിയും മാലിനിയും സൗഹൃദം പുതുക്കി. തുടർന്ന് ഇരുവരും അടുപ്പത്തിലായി. എന്നാൽ, ഏതാനുംദിവസങ്ങളായി മാലിനി തന്നെ അവ​ഗണിക്കുകയാണെന്നാണ് സഞ്ജയ് ​ഗാന്ധിയുടെ മൊഴി. ബന്ധുവായ രഞ്ജിത്കുമാറുമായി മാലിനി അടുപ്പത്തിലായെന്നും സഞ്ജയ് ​ഗാന്ധി സംശയിച്ചു. ഇതോടെ രണ്ടുപേരെയും കൊലപ്പെടുത്താൻ പ്രതി തീരുമാനിക്കുകയായിരുന്നു.

മാലിനിയും രഞ്ജിത് കുമാറും തിരുപ്പത്തൂരിൽ ഒരു പുരയിടം നോക്കാനെത്തിയപ്പോഴാണ് പ്രതി ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയത്. ഇരുവരും കാറിൽനിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ പ്രതി രണ്ടുപേരെയും വെട്ടിവീഴ്ത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തതായും കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

അതേസമയം, തിരുപ്പത്തൂരിലെ ഇരട്ടക്കൊലയിൽ തമിഴ്നാട്ടിൽ രാഷ്ട്രീയവിവാ​ദവും ഉയർന്നിരിക്കുകയാണ്. കൊലപാതകങ്ങളും അക്രമസംഭവങ്ങളും ആവർത്തിക്കുന്നത് സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നതിന്റെ തെളിവാണെന്ന് പ്രതിപക്ഷമായ ഡിഎംകെ ആരോപിച്ചു. മുഖ്യമന്ത്രി വിജയ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും പ്രതിപക്ഷ നേതാവായ ഉദയനിധി സ്റ്റാലിൻ തുറന്നടിച്ചു.

കഴിഞ്ഞദിവസം തിരുപ്പത്തൂരിൽ ഇരട്ടക്കൊലപാതകവും അതിന് തലേദിവസം പല്ലാവരത്ത് ഒരു യുവാവിന്റെ കൊലപാതകവും അരങ്ങേറി. അധികാരമേറ്റത് മുതൽ ക്രമസമാധാന നില ഉറപ്പുവരുത്തുന്നതിൽ സർക്കാർ പരാജയമാണ്. കുറ്റങ്ങൾ മറ്റുള്ളവരുടെമേൽ കെട്ടിവെയ്ക്കാനും റീലുകളിലൂടെ പ്രതിച്ഛായ വർധിപ്പിക്കാനും മാത്രമാണ് സർക്കാരിന് താത്പര്യമെന്നും ഉദയനിധി സ്റ്റാലിൻ ആരോപിച്ചു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ