ആന്ധ്രപ്രദേശിലെ കാക്കിനടയിൽ ബാങ്ക് ഓഫ് ബറോഡ ശാഖയിൽ പണയം വെച്ച സ്വർണം മാറ്റി മുക്കുപണ്ടം വെച്ച കേസിൽ ഗോൾഡ് അപ്പ്രൈസർ അറസ്റ്റിൽ. ബാങ്ക് ഓഫ് ബറോഡയുടെ കാക്കിനട ബ്രാഞ്ചിലെ ഗോൾഡ് അപ്പ്രൈസറായ നരവ സൂരിബാബുവിനെയാണ് (59) ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 1.45 കോടി രൂപ വിലമതിക്കുന്ന 1.2 കിലോഗ്രാം സ്വർണാഭരണങ്ങൾ പൊലീസ് പിടിച്ചെടുത്തു.
കാക്കിനട റൂറൽ മണ്ഡലത്തിലെ ചീഡിഗ ഗ്രാമവാസിയാണ് അറസ്റ്റിലായ സൂരിബാബു. കാക്കിനട നഗരത്തിലെ ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിന് സമീപമുള്ള ബാങ്ക് ശാഖയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. 44 സ്വർണ്ണ വായ്പ അക്കൗണ്ടുകളുടെ പണയത്തിലിരുന്ന സ്വർണാഭരണങ്ങൾ വ്യാജ ആഭരണങ്ങൾ വെച്ച് മാറ്റിസ്ഥാപിച്ച ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. അടുത്തിടെയാണ് തട്ടിപ്പ് പുറത്തുവന്നത്.
ശനിയാഴ്ച പ്രതിയിൽ നിന്നും 1.45 കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ വീണ്ടെടുത്തതായി കാക്കിനട എസ്.പി ജി. ബിന്ദു മാധവ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസവഞ്ചന കുറ്റത്തിന് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 316(4) പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.



