ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക ആപ്പ് ആയ റെയിൽവൺ അപ്രതീക്ഷിതമായി പണി മുടക്കിയത് രാത്രി യാത്രക്കാരെ വലച്ചു. ടിക്കറ്റ് ബുക്കിങ് , ട്രെയിനിന്റെ നിലവിലെ സ്ഥാനം എന്നിവയടക്കമുള്ള കാര്യങ്ങൾ അറിയാൻ ലക്ഷക്കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്ന ആപ്പ് ആണ് ദിവസത്തിന്റെ ആദ്യ മണിക്കൂറിൽ പണിമുടക്കിയത്.
കാര്യമറിയാതെ ആപ്പിലൂടെ ടിക്കറ്റ് എടുക്കാൻ ശ്രമിച്ച യാത്രക്കാരുടെ സ്ക്രീനിൽ തെളിഞ്ഞത് ആപ്പിന്റെ പരിപാലനത്തിനായി ടിക്കറ്റ് ബുക്കിങ് അടക്കമുള്ള സേവനങ്ങൾ താത്കാലികമായി നിർത്തി വച്ചിരിക്കുന്നു എന്ന സന്ദേശമാണ്.
പരിപാലന പരിപാടികൾക്ക് ശേഷം സേവങ്ങൾ 12.20 (00.20 am) മണിയോടെ പുനഃസ്ഥാപിക്കുമെന്നും സന്ദേശത്തിൽ ഉണ്ടായിരുന്നു.
ബുക്കിങ്ങും റിസർവേഷനും അടക്കമുള്ള സേവനങ്ങൾ നിന്നതോടെ രാത്രി സമയത്ത് സുരക്ഷിതമായ യാത്രകൾക്ക് ട്രെയിനുകളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് പേരാണ് ബുദ്ധിമുട്ടിലായത്.എന്നാൽ ആപ്പിൽ സാങ്കേതിക പ്രശ്നങ്ങൾ ഒന്നുമില്ലെന്നും , കൃത്യമായ ഇടവേളകളിൽ നടക്കുന്ന പതിവ് പരിപാലന പ്രവർത്തനങ്ങൾ മാത്രമാണ് നടക്കുന്നതെന്നും റെയിൽവേ വ്യക്തമാക്കി.



