പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷാവസ്ഥ രൂക്ഷമായതിനെ തുടർന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ പ്രധാന വിമാനക്കമ്പനികൾ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തു. സർവീസുകൾ കൂട്ടത്തോടെ തടസ്സപ്പെട്ടതോടെ ആയിരക്കണക്കിന് പ്രവാസികളും ഉംറ തീർത്ഥാടകരുമാണ് കടുത്ത യാത്രാ പ്രതിസന്ധിയിലായിരിക്കുന്നത്.
എയർ ഇന്ത്യ, ഇൻഡിഗോ, ഇത്തിഹാദ്, ലുഫ്താൻസ അടക്കം 11 പ്രമുഖ എയർലൈനുകളാണ് റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചത്. ഇന്ത്യൻ വിമാനക്കമ്പനികളായ എയർ ഇന്ത്യ റിയാദ്, ദമ്മാം, ജിദ്ദ സർവീസുകൾ ഒക്ടോബർ 17 വരെയും ഇൻഡിഗോ റിയാദ്, ദമ്മാം സർവീസുകൾ ഒക്ടോബർ 15 വരെയും റദ്ദാക്കിയിട്ടുണ്ട്.
മുംബൈയിൽ നിന്നുള്ള ആകാശ എയർ സർവീസുകളെയും ഇത് ബാധിച്ചു. ഗൾഫ് മേഖലയിൽ നിന്നുള്ള ഇത്തിഹാദ് എയർവേയ്സ് ഒക്ടോബർ 19 വരെയും ഗൾഫ് എയർ ഒക്ടോബർ 17 വരെയും സൗദി സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. ഖത്തർ എയർവേയ്സും താൽക്കാലികമായി സർവീസുകൾ റദ്ദാക്കി.
യൂറോപ്യൻ, അമേരിക്കൻ വിമാനക്കമ്പനികളും മേഖലയിലേക്ക് കടുത്ത യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എയർ ഫ്രാൻസ് ഒക്ടോബർ അവസാനം വരെയും ലുഫ്താൻസ ഒക്ടോബർ 16 വരെയും സർവീസുകൾ റദ്ദാക്കിയപ്പോൾ, ഫിലിപ്പൈൻ എയർലൈൻസ് നവംബർ 29 വരെ സർവീസുകൾ നിർത്തിവെച്ചു. കാത്തേ പസഫിക്, ഡെൽറ്റ എയർലൈൻസ് എന്നിവ അടുത്ത വർഷത്തേക്ക് സർവീസുകൾ നീട്ടിവെച്ചിരിക്കുകയാണ്.
മേഖലയിലെ നിലവിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സുരക്ഷ ഉറപ്പുവരുത്തിയ ശേഷം മാത്രമേ സർവീസുകൾ പുനഃസ്ഥാപിക്കൂ എന്നും എയർലൈൻ വക്താക്കൾ അറിയിച്ചു. അതേസമയം, ഉംറ തീർത്ഥാടകർക്ക് ജാഗ്രതാ നിർദ്ദേശവുമായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് രംഗത്തെത്തി. യാത്രാപുറപ്പാടിന് മുൻപായി അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ നിലവിലെ സ്ഥിതി ഉറപ്പുവരുത്തണമെന്ന് കോൺസുലേറ്റ് അഭ്യർത്ഥിച്ചു.



