കെയ്റോ: ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയിലെ പ്രധാന റിങ് റോഡില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞുണ്ടായ വന്‍ തീപിടിത്തത്തില്‍ കുറഞ്ഞത് 30 പേരോളം മരിക്കുകയും 21 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. ഗിസയിലെ അല്‍-വറാഖ് പ്രദേശത്ത് ഒരു തുരങ്കത്തിന് മുകളിലായി ബുധനാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്.
ഒരു പ്രൈവറ്റ് കോണ്‍ട്രാക്ടറുടെ ഉടമസ്ഥതയിലുള്ള ടാങ്കറിന് മുന്നിലേയ്ക്ക് ഉയര്‍ന്ന വോള്‍ട്ടേജുള്ള വൈദ്യുതി കേബിള്‍ പൊട്ടിവീണതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നു. കേബിള്‍ വീണതിനെ തുടര്‍ന്ന് ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ടാങ്കര്‍ റോഡിന്റെ മധ്യഭാഗത്തെ ഡിവൈഡര്‍ ഇടിച്ച് മറിഞ്ഞ് തീപിടിക്കുകയുമായിരുന്നു.
ടാങ്കറില്‍ നിന്ന് ഇന്ധനം പുറത്തേക്ക് ഒഴുകി തൊട്ടടുത്തുള്ള വാഹനങ്ങളിലേക്ക് തീ പടര്‍ന്നുപിടിച്ചു. കാറുകള്‍, മിനിബസുകള്, മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയുള്‍പ്പെടെ 27ഓളം വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചതായാണ് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
വാഹനങ്ങള്‍ക്ക് പെട്ടെന്ന് തീപിടിച്ചതിനാല്‍ ഉള്ളിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ലെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പൊള്ളലേറ്റവരെയും പുക ശ്വസിച്ച് അസ്വസ്ഥതയുണ്ടായവരെയും സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഈജിപ്ഷ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അപകടസ്ഥലത്തേക്ക് ഉടന്‍ തന്നെ 39 ആംബുലന്‍സുകള്‍ അയച്ചാണ് ആരോഗ്യ മന്ത്രാലയം രക്ഷാപ്രവര്‍ത്തനം നടത്തിയത്. തീപിടിത്തത്തില്‍ മരിച്ച തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനായി ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാന്‍ അന്വേഷണത്തിന് നേതൃത്വം നല്കുന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടു. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദെല് ഫത്താഹ് അല്‍-സിസി (Abdel-Fattah el-Sissi) അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി. ആരോഗ്യ മന്ത്രി ഖാലിദ് അബ്ദെല് ഗഫാര്‍ (Khaled Abdel Ghaffar) ആശുപത്രികളിലെത്തി പരിക്കേറ്റവരുടെ ചികിത്സാ സൗകര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.
ഫയര്‍ഫോഴ്സ് തീ അണയ്ക്കുകയും ബുള്‍ഡോസര്‍ ഉപയോഗിച്ച് കത്തിയ വാഹനങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയും ചെയ്ത ശേഷം റിങ് റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചു.
അമിതവേഗത, മോശം റോഡുകള്‍, ഗതാഗത നിയമങ്ങളുടെ ലംഘനം, വാഹനങ്ങളുടെ മോശം പരിപാലനം എന്നിവ കാരണം ഈജിപ്തില്‍ വാഹനാപകടങ്ങള്‍ പതിവാണ്. ഈജിപ്തിലെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ (CAPMAS) പ്രകാരം 2025ല്‍ മാത്രം 5,829 ആളുകളാണ് റോഡപകടങ്ങളില്‍ മരിച്ചത്. ഇത് മുന്‍വര്‍ഷത്തെക്കാള്‍ 10.8% വര്‍ധനവാണ്. ഈ അടുത്ത സമയത്ത് ഗിസയില്‍ നടന്ന ട്രെയിന്‍ കൂട്ടിയിടിയില്‍ 4 പേര് കൊല്ലപ്പെടുകയും 88 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൂടാതെ ജനുവരിയില്‍ ബേനി സുയിഫിന് സമീപമുണ്ടായ വാഹനാപകടത്തില്‍ 21 പേര് മരിക്കുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.



