Sunday, September 27, 2026
Homeഅമേരിക്കവേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ഫിലഡല്‍ഫിയ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ 14ാം വര്‍ഷത്തിലേക്ക്

വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ഫിലഡല്‍ഫിയ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ 14ാം വര്‍ഷത്തിലേക്ക്

ജോസ് മാളേയ്ക്കല്‍

ഫിലഡല്‍ഫിയ: ചിക്കാഗൊ സെ. തോമസ് സീറോമലബാര്‍ രൂപതയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സില്‍വര്‍ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി രൂപതയിലെ ഇടവകകളും, മിഷനുകളും നവീകരണധ്യാനങ്ങള്‍, തീര്‍ത്ഥാടനയാത്രകള്‍, ബൈബിള്‍ പഠനങ്ങള്‍, ദിവ്യകാരുണ്യ ആരാധന എന്നിവ നടത്തിവരുന്നു. ആത്മീയ നവീകരണത്തിനായി ഫിലാഡല്‍ഫിയ ഫൊറോനാ ദേവാലയം ഈ ജൂബിലിവര്‍ഷത്തില്‍ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രവും മൈനര്‍ ബസിലിക്കയുമായ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനിലേക്ക് ജൂബിലി തീര്‍ത്ഥാടനം നടത്തുന്നു.

എട്ടുനോമ്പിനോടനുബന്ധിച്ച് ആണ്ടുതോറും നടത്തിവരുന്ന പ്രാര്‍ത്ഥനാപൂര്‍ണമായ മരിയന്‍തീര്‍ത്ഥാടനവും വേളാങ്കണ്ണിമാതാവിന്റെ തിരുനാളും പൂര്‍വാധികം ഭക്തിപുര്‍വം ഈ വര്‍ഷം സെപ്റ്റംബര്‍ 6 ശനിയാഴ്ച്ച ആഘോഷിക്കപ്പെടുന്നു. ജര്‍മ്മന്‍ടൗണിനു തിലകമായി നിലകൊള്ളുന്ന മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ (The Basilica Shrine of Our Lady of the Miraculous Medal; 475 E. Chelten Avenue, Philadelphia, PA 19144)) തുടര്‍ച്ചയായി ഇതു പതിനാലാം വര്‍ഷമാണു വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിക്കപ്പെടുന്നത്. വിവിധ ഇന്‍ഡ്യന്‍ ക്രൈസ്തവസമൂഹങ്ങളുടെയും, ഫിലാഡല്‍ഫിയാ സീറോമലബാര്‍ ഫൊറോനാപള്ളിയുടെയും സഹകരണത്തോടെ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രമാണു തിരുനാളിനു നേതൃത്വം നല്‍കുന്നത്.

സെപ്റ്റംബര്‍ 6 ശനിയാഴ്ച്ച വൈകുന്നേരം നാലുമണിമുതല്‍ ആരംഭിക്കുന്ന തിരുനാള്‍ കര്‍മ്മങ്ങളിലേക്ക് എല്ലാ മരിയഭക്തരെയും വിശ്വാസികളെയും സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ ഷ്രൈന്‍ റെക്ടര്‍ ഫാ. ജോണ്‍ കെറ്റില്‍ബെര്‍ഗര്‍ സി. എം., സീറോമലബാര്‍പള്ളി വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍, കൈക്കാരന്മാര്‍ എന്നിവര്‍ സംയുക്തമായി ക്ഷണിക്കുന്നു.

കിഴക്കിന്റെ ലൂര്‍ദ് എന്നറിയപ്പെടുന്ന വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ (Our Lady of Good Health) തിരുസ്വരൂപം 2012 സെപ്റ്റംബര്‍ എട്ടിനാണു ഫിലഡല്‍ഫിയാ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനില്‍ ആശീര്‍വദിച്ചു പ്രതിഷ്ഠിക്കപ്പെട്ടത്. അന്നുമുതല്‍ ഒരു വ്യാഴവട്ടക്കാലമായി മുടക്കം വരാതെ എല്ലാ വര്‍ഷങ്ങളിലും ഈ തിരുനാള്‍ ആഘോഷമായി നടത്തിവരുന്നു. മൈനര്‍ ബസിലിക്കയായി ഉയര്‍ത്തപ്പെട്ടതിനുശേഷം ഇതു മൂന്നാംതവണയാണു വേളാങ്കണ്ണിമാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നത്.

എല്ലാ തിങ്കളാഴ്ച്ച ദിവസങ്ങളിലും ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനില്‍ രാവിലെ മുതല്‍ വൈകിട്ടു വരെ വിവിധ സമയങ്ങളില്‍ നടക്കുന്ന വി. കുര്‍ബാനയിലും, നൊവേനയിലും മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിനു മരിയഭക്തര്‍ പങ്കെടുക്കാറുണ്ട്.

മിറാക്കുലസ് മെഡല്‍ നൊവേന, ആഘോഷമായ തിരുനാള്‍ കുര്‍ബാന, വേളാങ്കണ്ണി മാതാവിന്റെ നൊവേന, വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, വിവിധ ഇന്‍ഡ്യന്‍ ഭാഷകളിലുള്ള ജപമാലപ്രാര്‍ത്ഥന, തിരുസ്വരൂപം വണങ്ങി നേര്‍ച്ചസമര്‍പ്പണം എന്നിവയാണു തിരുനാള്‍ ദിവസത്തെ തിരുക്കര്‍മ്മങ്ങള്‍.

സീറോമലബാര്‍ പള്ളി വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍, റവ. ഫാ. ജോസി കൊല്ലമ്പറമ്പില്‍, റവ. ഫാ. ജസ്റ്റിന്‍ പനച്ചിക്കല്‍, റവ. ഫാ. ജോണ്‍ കെറ്റില്‍ബര്‍ഗര്‍ സി. എം. (സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ ഷ്രൈന്‍) എന്നിവര്‍ തിരുക്കര്‍മ്മങ്ങള്‍ക്കു നേതൃത്വം വഹിക്കും.

സീറോമലബാര്‍ ഇടവകയും, വിവിധ ഇന്ത്യന്‍ ക്രൈസ്തവരും ഒന്നുചേര്‍ന്ന് നടത്തുന്ന ഈ തിരുനാളില്‍ പങ്കെടുത്ത് ആരോഗ്യമാതാവിന്റെ അനുഗ്രഹങ്ങളും, വിശേഷാല്‍ ജൂബിലിദണ്ഡവിമോചനവും പ്രാപിക്കാന്‍ മരിയഭക്തര്‍ക്കു സുവര്‍ണാവസരം. ഇന്ത്യന്‍ അമേരിക്കന്‍ ക്രൈസ്തവ വിശ്വാസപാരമ്പര്യത്തിന്റെയും, പൈതൃകത്തിന്റെയും, മരിയന്‍ ഭക്തിയുടെയും അത്യപൂര്‍വമായ ഈ കൂടിവരവിലേക്ക് ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും സ്വാഗതം.

സീറോമലബാര്‍ ഇടവകവികാരി റവ. ജോര്‍ജ് ദാനവേലില്‍, കൈക്കാരന്മാരായ ജോസ് തോമസ് (തിരുനാള്‍ കോര്‍ഡിനേറ്റര്‍), സജി സെബാസ്റ്റ്യന്‍, ജോജി ചെറുവേലില്‍, പോളച്ചന്‍ വറീദ്, ജെറി കുരുവിള, സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനകള്‍, മതബോധനസ്‌കൂള്‍ എന്നിവ തിരുനാളിന്റെ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു.

ജോസ് മാളേയ്ക്കല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ