ഭാഷാടിസ്ഥാനത്തില്‍ ഭാരതത്തെ സംസ്ഥാനങ്ങളായി വിഭജിച്ച ദിനമാണല്ലോ ആയിരത്തി തൊള്ളായിരത്തി അമ്പത്താറാം മാണ്ട് നവംബര്‍ ഒന്ന്. കൃത്യമായ അതിരുകള്‍ നിര്‍ണ്ണയിക്കപ്പെട്ട കേരളം എന്ന മലയാളികളുടെ മലനാട് നിലവില്‍ വന്നത് ആ ദിനമാണ്. നവംബര്‍ ഒന്ന് കേരളത്തിന്റെ പിറന്നാളാണ്. ‘കേരളരാജ്യ’ത്തെപ്പറ്റി പല പരാമര്‍ശങ്ങളും പുരാണങ്ങളില്‍ കാണാമെങ്കിലും അത് മലയാളികളുടെ നാടായി നാമകരണം ചെയ്യപ്പെട്ട ദിനമാണ് അത്.
കേരളം പിറക്കുന്നതിന് മുന്‍പും മലയാളവും മലയാളികളും ഉണ്ടായിരുന്നുവെന്നാണ് ഇതിന്റെ സാരം. ചീരാമകവിയുടെ ‘ഇരാമചരിതം’ (പന്ത്രണ്ടാം നൂറ്റാണ്ടിനോടടുത്ത കാലം)ആണ് മലയാളഭാഷയുടെ ആദിരൂപമായി കണക്കാക്കപ്പെടുന്നത്’.
”ഊഴിയില്‍ ചെറിയവര്‍ക്ക് അറിയുമാറ് ഊനമറ്റ ഇരാമചരിതത്തിലെ
ഒരു തെല്ലു ഉരചെയ്യാന്‍ ആഗ്രഹിച്ച ചീരാമകവി രചിച്ച രാമചരിതം .” എന്ന മുന്നുരയോടെയാണ് ഈ പാട്ട് സാഹിത്യം ആരംഭിക്കുന്നത്. യുദ്ധകാണ്ഡമാണ് രാമചരിതത്തിലെ പ്രതിപാദ്യം.എന്നാലും രാമായണകഥയുടെ ഒരു സംക്ഷിപ്തരൂപം ഇതില്‍ വായിക്കാം.നാം ഇന്ന് എഴുതുകയും വായിക്കുകയും ചെയ്യുന്ന മലയാളത്തിന്റെ ആദിരൂപം ആണ് ഈ കാവ്യത്തിലെ ഭാഷ. തമിഴില്‍നിന്ന് പതുക്കെ പതുക്കെ വേറിട്ട് മലയാളം ഒരു സ്വതന്ത്രഭാഷയാവുന്നതിന്റെ തുടക്കം ഇവിടെ നിന്നാണെന്ന് പറയെണ്ടതില്ലല്ലോ.
സീതാന്വേഷണത്തിനിടയില്‍ രാമന്‍ സുഗ്രീവനെ കണ്ടുമുട്ടുന്നിടത്തുനിന്നാണ് രാമചരിതം കഥ തുടങ്ങുന്നത്. ഒന്നാംപടലത്തിലെ ആദ്യത്തെ ഒമ്പത് പാട്ടുകള്‍ ദേവന്മാരെയും വ്യാസന്‍ വാല്മീകി കമ്പന്‍ എന്നീ കവിശ്രേഷഠന്മാരെയും വന്ദിക്കുന്നു. പത്താമത്തെ പാട്ടില്‍നിന്നാണ് കഥ തുടങ്ങുന്നത്. കഥാരംഭത്തിലെ രണ്ടു പാട്ടുകള്‍ ഒന്ന് പയിചയപ്പെടാം.
രാമചരിതം ഒന്നാം പടലം
പാട്ട് 10
ആഴിമാതാവിനെ നിചാചരവരന്‍ കവര്‍ന്നുകൊണ്ടാടിമാതങ്കള്‍ വരുംമുന്നം മറന്ത വഴിയേ
ഊഴിമീതു നടന്നന്റു കവിമന്നവനുറവാ –
യോടി നാടുകെനവേയരികള്‍ നാലുതിചെെയും
കീഴുമേലും വിനവിന്റളവില്‍ വായുതനയന്‍
കേടില്ലാത മതിയൊടു തിരയാഴി കടന്ന –
മ്മാഴനീര്‍മിഴിയെ മെെതിലിയെ നേടിയൊരിരാ –
മാല്‍ പുനന്തമയുരപ്പതിനരിപ്പമെങ്ങളാല്‍,”
ഈ പാട്ടിന്റെ ഏകദേശ അര്‍ത്ഥം ഇങ്ങനെയാണ്ഃ – ‘രാവണന്‍ സീതയെ അപഹരിച്ച് ആടിമാസങ്ങള്‍ക്കും മുന്നേ അപ്രത്യക്ഷനായ വഴിയിലൂടെ ശ്രീരാമന്‍ ഭൂമിയിലൂടെ അലഞ്ഞകാലത്ത് വാനരരാജാവായ സുഗ്രീവനൂമായി സഖ്യം ചെയ്തു.സുഗ്രീവന്‍ പെട്ടന്ന് അന്വേഷിക്കുക എന്ന് ആജ്ഞാപിച്ചപ്പോള്‍ വാനരന്മാര്‍ നാലുദിക്കും കീഴ്മേലും അന്വേഷിച്ചു ചെന്നു.വായുപുത്രനായ ഹനൂമാന്‍ കലര്‍പ്പറ്റ ബുദ്ധിയോടെ സമുദ്രം കടന്ന് സുന്ദരിയായ സീതയെ അന്വേഷിച്ചു നടന്നപ്പോളുണ്ടായ വിഷമങ്ങള്‍ വര്‍ണ്ണിക്കാന്‍ എനിക്ക് പ്രയാസമാണ്. ‘
പാട്ടിലെ വാക്യങ്ങളുടെ ദ്രാവിഡത്തനിമ ശ്രദ്ധിക്കുക-
1.ആഴിമാതാവ് …സീത. ( സംസ്കൃതേതരമായ, മലയാളത്തിന്റെ സ്വന്തം ഴ എന്ന ശബ്ദം ആദ്യം പ്രത്യക്ഷപ്പെടുന്നത് ഒരു പക്ഷേ ഇവിടെ ആവാം.
2.നിചാചരവരന്‍.. രാവണന്‍ .’നിശ’യിലെ സംസ്‌കൃതശബ്ദം ‘ശ’യെ ച ആദേശം ചെയ്യുന്നു.
3.ആടിമതം … ആടിമാസം (”സ ”ക്ക് പകരം ത വരുന്നു )
4.കവിമന്നവന്‍ ….കപിമന്നവന്‍ (സുഗ്രീവന്‍ )
5.ഊഴിമീതു….ഭൂമിയില്‍
6.അരികള്‍ വാനരന്മാര്‍
7.നാലുദിചെെ…നാലു ദിശകള്‍
8.മെെതിലി ….മെെഥിലി
9.വിനവിന്റളവ്…അന്വേഷിച്ച സമയത്ത്
10.മാല്‍ ..ദുഃഖം
11.ഉരപ്പതിനരിപ്പമെങ്ങളാല്‍…വര്‍ണിക്കാന്‍ എനിക്ക് പ്രയാസമാണ്.
ഖരം, അതിഖരം, ഘോഷം അനുനാസികം എന്ന ക്രമത്തിലുള്ള അമ്പത്തൊന്നക്ഷരാളിയായ മലയാളം അന്ന് ഇല്ലായിരുന്നു. ക,ച,ട ത, പ (ഖരം)മാത്രം ഉള്‍ക്കൊള്ളുന്ന തമിഴിന്റെ രീതിയാണ് രാമചരിതത്തിലെ ഭാഷ. ഖ,ഗ ഘ ;ഛ,ജ ഝ;ഠ, ഡ, ഢ; ഥ,ദ,ധ; ഫ,ബ, ഭ എന്നീ ശബ്ദങ്ങളും ശ,ഷ സ,ഹ ശബ്ദങ്ങളും ഈ പാട്ടില്‍ കാണില്ലെന്ന് ചുരുക്കം. അമ്പത്തൊന്ന് അക്ഷരങ്ങള്‍ കോര്‍ത്ത അക്ഷരമാല ഭാഷാപിതാവ് ഏഴുത്തച്ഛന്റെ സംഭാവനയാണെന്നാണ് കരുതപ്പെടുന്നത്.
തമിഴകത്തെ ഈ ലിപിക്രമം മാത്രം ഉപയോഗിച്ച് രചിക്കപ്പെട്ട ശ്രീ മനോജ് കുറൂരിന്റെ ”നിലം പൂത്തു മലര്‍ന്ന നാള്‍” അതുകൊണ്ടുതന്നെ മലയാളിയുടെ വായനയെ വിസ്മയിപ്പിച്ച കൃതിയാണ്. സംഘകാലത്തെ ഗോത്രവര്‍ഗ്ഗങ്ങളുടെ കഥ പറയാന്‍ ഉചിതമായതും ആ മൊഴിതന്നെയാണ്. സംസ്കൃതീകരിച്ച മൊഴി അവരുടെ വായില്‍ തിരുകുന്നത് അനീതിയാണ്.”ഈ കൃതി വായിച്ചുതീരവേ മലയാളത്തിന്റെ ആദ്യ നോവല്‍ ഇതാവേണ്ടിയിരുന്നു എന്നൊരു വിചാരം എനിക്കുണ്ടായി.കാരണം,നമ്മുടെയൊക്കെ ജീവിതത്തിന്റെ നിലത്തെഴുത്ത് ഇന്ദുലേഖയിലല്ല, ഇതിലാണ് എനിക്ക് വായിക്കാന്‍ കഴിഞ്ഞത്” എന്ന ശ്രീ അയ്മനം ജോണിന്റെ നിരീക്ഷണം എത്ര കൃത്യമാണെന്ന് മനോജിന്റെ ഈ നോവല്‍ വായിച്ചവര്‍ സാക്ഷ്യപ്പെടുത്തും. ഈ പുസ്തകം വായിക്കാന്‍ ഭാഗ്യമുണ്ടാവാത്തവര്‍ക്ക് ഒരു പ്രവേശിക താഴെ ചേര്‍ക്കുന്നു.-
1”.എന്നാല്‍ മറ്റു ചിലരുണ്ട്. ഉയിരിടങ്ങളുണ്ടായിട്ടും ഒറ്റക്കായിപ്പോയവര്‍. കൂട്ടംകൂടിയലഞ്ഞിട്ടും നിലയിടം കിട്ടാതെ പോയവര്‍.ഇനം തിരിച്ചുള്ള പൊതുപ്പേരുകളല്ലാതെ പെരുമയുടെ അടയാളങ്ങളില്ലാത്തവര്‍.ഉയിരുതന്നെ എഴുത്താക്കിയവര്‍. നാടാളുന്നവര്‍ക്കും മൊഴിയാളുന്നവര്‍ക്കും വാഴ്വും പെരുമയും നല്‍കിയ കൂടല്‍പ്പാട്ടുകളില്‍ അവരുടെ പേരുകളില്ല.എങ്കിലും വരികളിലും വരികള്‍ക്കിടയിലും ചിലപ്പോഴൊക്കെ അവരുടെ വാഴ്വുണ്ട്. അവരറിഞ്ഞ നിറവും മണവും ചുവയും കേള്‍വിയുമുണ്ട്. അന്നേ പലരും പറഞ്ഞിട്ടും എഴുതപ്പെടാതെപോയ മലയാളത്തെപ്പോലെ അകവും പുറവുമുണ്ട്. അവരുടെ എഴുത്താണിത്. താളിയോലകളിലോ കളിമണ്‍പലകകളിലോ പതിയാത്ത ഉയിരെഴുത്തുകള്‍ ” (തുടക്കം,p 11)).
2”.വടക്കു വേങ്കടമല, തെക്ക് കുമരി മുനമ്പ്,കിഴക്കും പടിഞ്ഞാറും പെരുംകടല്‍…….വേട്ടയാടുന്ന എയിനരും കുറുവരും നിലമുഴുന്ന ഉഴവരും പെെക്കളെ മേയ്ക്കുന്ന ആയരും…..ഉപ്പുണ്ടാക്കുന്ന ഉമണരും മീന്‍ പിടിക്കുന്ന പരതവരും..” വാണ ഉയിരിടങ്ങളാണ് ഈ നോവലിലെ ഇടങ്ങള്‍
ഉയിരടങ്ങളോടിണങ്ങുന്ന മലയാളമൊഴിയുടെ ഉയിരെഴുത്തുകളാണ് നമ്മളിതില്‍ വായിക്കുന്നത്. വടമൊഴിക്കാരുടെ ഉപനിഷ്ത്തുപോലും ലളിതമായ ഉയിരെഴുത്തുകളായി മാറുന്ന ആ മൊഴിയുടെ തനിമ നോക്കു..
” മാനത്തിനു നിറമില്ല മോളേ. അതെപ്പോഴും കണ്ണുകളെ കബളിപ്പിക്കുന്നു. അതുപോലെ ഈ ഉലകവും നേരല്ലെന്നാണു ചിലരൊക്കെ പറയുന്നത്.ഒന്നുമില്ലായ്മക്കുമേല്‍ കണ്ണുകളെപ്പറ്റിക്കാന്‍ നെയ്തെടുത്ത നിറമുള്ള പുതപ്പുകള്‍…..”’ ഹിരണ്മയേന പാത്രേണ സത്യസ്യാപിഹിതം മുഖം” എന്ന സംസ്കൃത(വടമൊഴി)ത്തെ വെല്ലുന്നു ഈ ലളിതമായ ഉയിരെഴുത്ത്, അല്ലേ?
മലയാളമൊഴിയില്‍ മലനാടിന്റെ ,മലയാളിയുടെ, തനിമയുണ്ട്. സംഘകാലത്തിനും പുറകിലേക്ക് നീളുന്നു അതിന്റെ നാള്‍വഴികള്‍. മലയാളിത്തത്തിന്റെ വേരുകള്‍ കുറുവരിലും ഉഴവരിലും പാണരിലുംനിന്ന് വലിച്ചെടുക്കുന്ന നീരും ലവണങ്ങളും ആണ്. നമ്മുടെ ഉയിര് (സത്ത, ആത്മാവ് എന്ന് സംസ്കൃതം) പുഷ്ടിപ്പെടുന്നത് ആ വേരുകളിലെ നീരോട്ടംകൊണ്ടാണ്.



