Sunday, December 8, 2024
Homeഅമേരിക്ക" തിളക്കം കുറയാത്ത താരങ്ങൾ " (2) ജയൻ.

” തിളക്കം കുറയാത്ത താരങ്ങൾ ” (2) ജയൻ.

സുരേഷ് തെക്കീട്ടിൽ

സോഷ്യൽ മീഡിയയോ നവമാധ്യമങ്ങങ്ങളോ ഇല്ലാത്ത എന്തിന് ടിവി പോലും സാധാരണ ക്കാർക്ക് കേട്ടുകേൾവിയില്ലാത്ത കാലത്ത് ആയിരുന്നല്ലോ ജയൻ മലയാള സിനിമയിൽ ഇടിമിന്നലായി വന്നതും നിറഞ്ഞു നിന്നതും പിന്നെ യാത്രയായതുമെല്ലാം. സിനിമാ രംഗത്ത് ഉണ്ടായതാകട്ടെ വിരലിലെണ്ണാവുന്ന വർഷങ്ങൾ മാത്രവും. അതിൽ തന്നെ നായകസ്ഥാനത്ത് കേവലം ഒരു വർഷം. അതെ ജയന് ലഭിച്ചത് വളരെ കുറഞ്ഞ ഒരു കാലം. ആ കാലത്തിൽ തന്നെ അഭിനയമികവു പ്രകടിപ്പിക്കാൻ തക്കവണ്ണം എത്ര കഥാപാത്രങ്ങൾ ലഭിച്ചു. ഏറെയൊന്നുമില്ല എന്നോ അല്ലെങ്കിൽ ഇല്ല എന്നു തന്നെയോ പറയാം. എടുത്തുപറയത്തക്ക അവാർഡുകളോ അംഗീകാരങ്ങളോ ജയനെന്ന നടനെ തേടിയെത്തിയോ? ഇല്ല. എന്നിട്ടും ജയൻ വിസ്മയമാണ് തരംഗമാണ്. ഇന്നും വികാരമാണ് ചർച്ചകളിൽ നിറയുന്ന താരമാണ്. കാരണമെന്തായിരിക്കും? ജയനെ, ജയനിലെ പൗരുഷത്തെ, ആക്ഷൻ രംഗങ്ങളിലെ ആ മികവിനെ എല്ലാറ്റിലുമുപരി പൂർണതയ്ക്കായുള്ള ആ സമർപ്പണത്തെ ആത്മാർത്ഥതയെ മലയാളി ഏറ്റുവാങ്ങിയത് അവരുടെ ഹൃദയത്തിലേക്കായിരുന്നു. ജയൻ വിട പറഞ്ഞിട്ട് ഈ നവംബർ പതിനാറിന് 44 വർഷങ്ങൾ പിന്നിടുന്നു.
അന്ന് തിരുവിതാംകൂറിൻ്റെ ഭാഗമായിരുന്ന കൊല്ലം ജില്ലയിലെ തേവള്ളി ഓലയിൽ ആണ് ജയൻ്റെ ജന്മദേശം .1939 ജൂലായ് 25 നാണ് മാധവൻ പിള്ളയുടേയും, ഭാരതിയമ്മയുടേയും രണ്ടാൺ മക്കളിൽ മൂത്തയാളായി കൃഷ്ണൻ നായർ എന്ന ജയൻ്റെ ജനനം. വളരെ ചെറുപ്പത്തിലേ നേവി ഉദ്യാഗസ്ഥനായി.16 വർഷംനേവിയിൽ ഉദ്യോഗസ്ഥനായിരുന്നു. ശേഷമാണ് സിനിമയിൽ സജീവമാകുന്നത്.
ജേസി സംവിധാനം ചെയ്ത ശാപമോക്ഷം എന്ന ചിത്രത്തിൽ ഒരു പാട്ടു രംഗത്തിലൂടെയായിരുന്നു ജയൻ്റെ സിനിമാരംഗത്തേക്കുള്ള വരവ്. പിന്നെ രചിക്കപ്പെട്ടതെല്ലാം ചരിത്രം. മലയാളവും മലയാളിയും കണ്ടറിഞ്ഞ തിളക്കമുള്ള ചരിത്രം. ജയൻ്റെ മരണശേഷം അജയൻ എന്ന പേരിൽ സഹോദരൻ സോമൻ നായർ സിനിമയിൽ ഭാഗ്യം പരീക്ഷിച്ചുവെങ്കിലും വിജയിക്കാനായില്ല.

കാലം ഓർമ്മകൾക്ക് മങ്ങൽ വരുത്തും എന്നും പതിയേ പതിയേ മായ്ച്ചുകളയും എന്നും പൊതുവേ പറയാറുണ്ട്. പുതിയ കാലത്താണെങ്കിൽ മറന്നു പോകാൻ അത്ര വലിയ സമയമൊന്നും വേണ്ട എന്നും പലരും പറയാറുണ്ട്. എന്നാൽ വിട പറഞ്ഞ് നാൽപ്പത്തിനാല് വർഷങ്ങൾ പിന്നിടുമ്പോഴും മലയാളിയുടെ മനസ്സിൽ ഒട്ടും മങ്ങാത്ത ഓർമ്മയും ഒരു വലിയ വേദനയുമായി നിൽക്കുകയാണ് ജയൻ എന്ന നടൻ. അഭിനയത്തികവു കൊണ്ട് അത്ഭുതം തീർത്തു എന്ന് കടുത്ത ആരാധകർ പോലും അവകാശപ്പെടാറില്ല. എന്നാൽ ജനഹൃദയങ്ങളിൽ പ്രത്യേകിച്ച് ഒരു തലമുറയുടെ മനസ്സിൽ ജയൻ സൃഷ്ടിച്ച ആരാധനയുടെ തരംഗം അത് അത്ഭുതം തന്നെ എന്ന് ജയനിലെ അഭിനയ പ്രതിഭയെ അംഗീകരിക്കാൻ മടിക്കുന്നവർ എന്തിന് കടുത്ത വിമർശകരുണ്ടെങ്കിൽ അവർ പോലും സമ്മതിക്കും.

1980 നവംബർ 16ന് മദ്രാസിലെ ഷോളവാരത്തുവെച്ച് കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിംഗിനിടയിൽ ഹെലികോപ്ടർ അപകടത്തിൽ ആ താരസൂര്യൻ അകാലത്തിൽ വിട പറഞ്ഞപ്പോൾ വാർത്ത കേട്ട് കേരളം അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു. എന്റെ ബാല്യകാല ഓർമ്മയിൽ ആ ദിവസമിന്നും തെളിഞ്ഞു നിൽക്കുന്നുണ്ട്. പിന്നീടൊരിക്കലും നാട് മുഴുവൻ അത്രമേൽ സങ്കടത്തോടെ തേങ്ങിക്കരഞ്ഞ ഒരു ദിനം എന്റെ ഓർമ്മയിയിലില്ല. കൊല്ലം പട്ടണം കണ്ട ഏറ്റവും വലിയ വിലാപയാത്രയായിരുന്നു ജയന്റേത് എന്ന് വായിച്ചതോർക്കുന്നു.
മലയാള സിനിമയിലെ അതുവരെയുണ്ടായിരുന്ന നായകസങ്കൽപ്പം തിരുത്തിയെഴുതിയ ജയന്റെ നിഴൽ സ്ക്രീനിൽ തെളിയുമ്പോൾ പോലും നിർത്താതെ കൈയടികൾ ഉയർന്നിരുന്നു.” ആ കാലമല്ലേ ?”എന്ന് വേണമെങ്കിൽ ചോദിക്കാം. അതെ എന്ന് മറുപടി പറഞ്ഞ് ഒരു ചോദ്യം തിരിച്ചും ചോദിക്കാം “എങ്കിൽ വേറെ ആർക്കുമെന്തേ ആ കൈയ്യടികൾ ഉയർന്നില്ല?” എന്ന്.

തന്റെ ജോലിയിൽ പൂർണ്ണത വരുത്താൻ അതിരു കവിഞ്ഞ ആത്മാർത്ഥത കാണിച്ച് മരണം ഏറ്റുവാങ്ങിയ വ്യക്തിയുടെ തൊഴിലിലെ സത്യസന്ധത ആർക്കും ചോദ്യം ചെയ്യാനാവില്ല. കൂടെ രംഗത്ത് പ്രവർത്തിച്ചവർ പിൽക്കാലത്ത് സ്നേഹവും വിനയവും നിറഞ്ഞ ആപെരുമാറ്റത്തെ കുറിച്ച് അഭിമുഖങ്ങളിൽ പറയുന്നത് ധാരാളം കേട്ടിട്ടുമുണ്ട്. അത്തരം ഗുണങ്ങളെല്ലാം എല്ലാ രംഗങ്ങളിൽ നിന്നും അന്യം നിന്നു പോയി കൊണ്ടിരിക്കുന്ന കാലമാണിന്ന്. അതിനാൽ തന്നെ നാം തിരിച്ചറിയണം ആ നന്മകളെ. ആധുനിക സാങ്കേതിക വിദ്യകൾ ഏറെയൊന്നും വികസിക്കാതിരുന്ന ഒരു കാലത്ത് വിനോദോപാധികൾ വീടുകളിലും കൈവിരൽത്തുമ്പിലും എത്താതിരുന്ന ഒരു കാലത്ത് കേരളത്തിലെ നഗരങ്ങിൽ തിയേറ്ററുകളിലേയും ഗ്രാമങ്ങളിലെ ഓലമേഞ്ഞ ടാക്കീസുകളിലേയും സ്ക്രീനുകളിൽ നിറഞ്ഞാടിയ ആ പൗരുഷം കുടിയേറിയത് മലയാളിയുടെ മനസ്സിലേക്കായിരുന്നു. സാധാരണക്കാരിൽ സാധാരണക്കാരുടെ നിഷ്കളങ്ക ഹൃദയങ്ങിൽ ജയൻ വീരനായകനായി വേരുറപ്പിച്ചു. സമൂഹത്തിലെ തിന്മകളെ നെഞ്ചുവിരിച്ച് നിന്ന് ജയൻ്റെ ഉശിരൻ കഥാപാത്രങ്ങൾ വെല്ലുവിളിച്ചപ്പോൾ ആ സാഹസികനടനെ ജനം ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. തുല്യതകളില്ലാതെ ഉള്ളിന്റെയുള്ളിൽ പ്രതിഷ്ഠിക്കുകയായിരുന്നു.

വടക്കൻപാട്ടുകഥകളിലെ വീരപുരുഷനായി, തന്റേടിയായ തൊഴിലാളി നേതാവായി, പ്രതികാര ദാഹിയായ യുവാവായി ജയൻ എത്തിയപ്പോഴൊക്കെ ജനം ആവേശത്താൽ ആർത്തു വിളിച്ച കാലം. ആ ആകാര വടിവിൽ പോലീസ് വേഷങ്ങൾ തിളങ്ങി. അലക്കി തേച്ച യൂണി ഫോറത്തിൽ കുടുക്ക് ഇടുന്നതിൽ പോലും വിട്ടുവീഴ്ചയില്ലാതെ ശ്രദ്ധ പുലർത്തി ജയൻ എത്തിയത് അക്കാലത്ത് പുതുമ തന്നെയായിരുന്നു. ഒരു വടക്കൻപാട്ടു സിനിമയിൽ “ചന്ദനക്കാതൽ കടഞ്ഞ പോലെ ” എന്ന ഗാനത്തിനൊപ്പം ജയനെ കാണിക്കുമ്പോൾ ശരിയാണല്ലോ എന്നു തന്നെയാകണം പ്രേക്ഷകർ മന്ത്രിച്ചിട്ടുണ്ടാകുക. സംശയമില്ല .

ആ മുഴക്കമുള്ള ശബ്ദം മരണശേഷംനാൽപ്പത്തിനാല് കൊല്ലങ്ങൾ പിന്നിടുമ്പോഴും അതായത് അദ്ദേഹം മരിച്ചതിന് ശേഷം ജനിച്ചവർ പോലും നന്നായി തിരിച്ചറിയുന്നു. വൃത്തിയായി വേഷം ധരിച്ച് പ്രത്യേകഭാവത്തോടെ ആണൊരുത്തൻ നടന്നു വരുന്നത് , ഷർട്ടഴിച്ച് വടിവൊത്ത മസിലുകൾ ഉരുണ്ടു കളിക്കുന്ന ശരീരവുമായി ഒരു നായകൻ എതിരാളികളെ പോരിനു വിളിക്കുന്നത് ഡ്യൂപ്പില്ലാതെ സംഘട്ടന രംഗങ്ങൾ മിഴിവോടെ ചെയ്യുന്നത് എല്ലാം മലയാളി കണ്ടത്, അഭിമാനം കൊണ്ടത് ഈ മനുഷ്യനിലൂടെയായിരുന്നു വളരെ കുറഞ്ഞ കാലം കൊണ്ടാണ് ജയൻ താരസിംഹാസനം കയ്യടക്കിയത്. നായകനായി തിളങ്ങി വരവേ മഹാ ദുരന്തം ഏറ്റുവാങ്ങുകയും ചെയ്തു. ജയൻ എന്ന എക്കാലത്തേയും ആക്ഷൻ ഹീറോയെ കുറിച്ച് ഒരു കുറിപ്പ് എഴുതാൻ തീരുമാനിച്ചതിനു പിന്നിൽ ഈയടുത്ത് വായിച്ച ഒരു പുസ്തകത്തിന്റെ സ്വാധീനം കൂടിയുണ്ട്. മലയാളത്തിന്റെ വിഖ്യാതനായ എഴുത്തുകാരൻ .എം.മുകുന്ദൻ എഴുതിയ ഓർമ്മകളിലേക്ക് മടങ്ങി വരുന്നവർ എന്ന പുസ്തകം.തനിക്ക്ഏറെ ആത്മബന്ധമുണ്ടായിരുന്നവരും , നൊമ്പരങ്ങൾ ബാക്കിയാക്കി ജീവിതത്തിൽ നിന്നും പടിയിറങ്ങി പോയവരുമായ ശ്രദ്ധേയരായ വ്യക്തികളെ കുറിച്ചാണ് മുകുന്ദന്റെ ഈ പുസ്തകം. മഹാശ്വേതാദേവി, പുനത്തിൽ, കാക്കനാടൻ ,ഹബീബ് തൻവർ, എം.എഫ് ഹുസൈൻ, കെ.പി.അപ്പൻ കൊച്ചുബാവ ,
അക്ബർ കക്കട്ടിൽ അങ്ങനെയുള്ളവരുടെ ആ ചുരുക്ക പട്ടികയിൽ ഒരാൾ ജയനാണ്. മയ്യഴിപ്പുഴയുടെ തീരങ്ങളും ജയൻ എന്ന നടനും എന്ന പേരിലാണ് ആ അദ്ധ്യായം രചിക്കപ്പെട്ടിട്ടുള്ളത്. “പൗരുഷത്തിന്റെ വേഷപ്പകർച്ചയുമായി തിരശ്ശീലയിൽ തെളിഞ്ഞ ആ കാലങ്ങൾ മലയാളിയുടെ മനസ്സിൽ ഇന്നും തെളിഞ്ഞു കിടപ്പുണ്ട് എന്നും ആ പ്രിയ സുഹൃത്തിന്റെ അകാല വിയോഗം ഒരു വലിയ വേദനയായി ഇന്നും മനസ്സിലുണ്ട്” എന്നുമെഴുതിയാണ് ആ ലേഖനം എം.മുകുന്ദൻ എന്ന മഹാപ്രതിഭ അവസാനിക്കുന്നത്.

സിനിമയുടെ യാതോരു അലങ്കാരങ്ങളുമില്ലാതെ മറ്റ് വിഷയങ്ങൾ ദീർഘനേരം സംസാരിക്കാനിഷ്ടപ്പെടുന്ന സാഹിത്യത്തേയും, സാഹിത്യം ചേർന്ന സിനിമ കഥകളേയും ഉള്ളിൽ കൊണ്ടു നടക്കുന്ന ജയനെക്കുറിച്ച്, മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സിനിമയാക്കാനും അഭിനയിക്കാനും കൊതിച്ച് ജയൻ നടത്തിയ ചർച്ചകളെ കുറിച്ച് അദ്ദേഹം മനസ്സ് തുറക്കുന്നു.വിധിയുടെ ഇടപെടൽ മൂലം ആ ആഗ്രഹം സഫലമാകാതെ ജയൻ കടന്നു പോയത് തനിക്ക് ഇന്നും ദുഃഖ സ്മരണയാണ് എന്ന് എഴുതുന്ന എം.മുകുന്ദൻ തുടർന്ന് ഇങ്ങനെ കുറിക്കുന്നു.
“ഒരു പക്ഷേ കലാമൂല്യമുള്ള ആ വേഷം അല്ലെങ്കിൽ മറ്റാരെങ്കിലുമെഴുതിയ അല്പം കൂടെ സീരിയസ്സായ വേഷങ്ങൾ ജയൻ ചെയ്തിരുന്നെങ്കിൽ തീർച്ചയായും ചലച്ചിത്ര ലോകത്ത് ഭാവാത്മക രംഗങ്ങളിൽ പ്രതിരൂപാ ത്മക സൗന്ദര്യമായി അദ്ദേഹം തിളങ്ങി നിന്നേനെ.അഭിനയത്തിന്റെ കാലാഹരണപ്പെടാത്ത ഭാവങ്ങൾ നമുക്ക് കിട്ടിയേനേ “എന്ന്.
ഓർക്കുക ഈ വരികൾ ആരുടേതാണ് എന്ന് …..

ജയൻ്റേതായി അടയാളപ്പെടുത്തപ്പെട്ടത് വെറും നൂറ്റമ്പതോളം സിനിമകൾ മാത്രമാണെന്നോർക്കണം. എണ്ണത്തിനു മാത്രമല്ല പ്രാധാന്യം എന്ന് ഓർമിപ്പിക്കുക കൂടിയാണ് ഈ നടൻ എന്നു പറഞ്ഞാലും അത് തെറ്റാവില്ല.

മരണ ശേഷം പുറത്തിറങ്ങിയ എല്ലാ ജയൻ ചിത്രങ്ങളും കളക്ഷനിൽ റെക്കാർഡുകൾ സൃഷ്ടിച്ചു. അതിനു മുമ്പേ ഇറങ്ങിയ ചിത്രങ്ങൾ വീണ്ടും തിയേറ്ററുകളിൽ എത്തി നിറഞ്ഞാടി. ജയൻ തരംഗത്തിൽ ജയൻ ഒന്നു വന്നു പോകുന്ന സിനിമകൾ കൂടി ജയൻ്റെ പോസ്റ്ററുകളുമായി വന്ന് വൻ വിജയം നേടി.

പ്രസിദ്ധ നടൻ ശ്രീ.മധു ജയനെ കുറിച്ച് പറഞ്ഞതായി വായിച്ച ഒരു വരി മനസ്സിൽ തെളിയുന്നു. അതെഴുതി ഈ കുറിപ്പ് അവസാനിപ്പിക്കാം.
“ജയൻ ഭാഗ്യവാനാണ്. കാരണം അവൻ എന്നും ചെറുപ്പമായിരിക്കും.” എത്ര സത്യം. ആ ഓർമ്മകൾക്കും എന്നും എല്ലാവരുടെ മനസ്സിലും യുവത്വമായിരിക്കും. സിരകളിൽ ആവേശം പകരാൻ പ്രാപ്തമായ ആത്മവിശ്വാസമുണർത്തുന്ന കരുത്തു നിറഞ്ഞ യുവത്വം .

സുരേഷ് തെക്കീട്ടിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments