അദ്ധ്വാനത്തിന്റെ മഹത്വം..! (2 തെസ്സ. 3:6-12)
“ഇങ്ങനെയുള്ളവരോട് സാവധാനത്തോടെ വേല ചെയ്ത് അഹോവൃത്തി കഴിക്കണം എന്ന് കർത്താവായ യേശു ക്രിസ്തുവിൽ ഞങ്ങൾ അജ്ഞാപിച്ചു പ്രബോധിപ്പിക്കുന്നു”(വാ.12)
“അണ്ണാൻ കുഞ്ഞും തന്നാൽ ആയത് ” എന്നത് അദ്ധ്വാനത്തിന്റെ മഹത്വവും മഹനീയതയും ഉയർത്തിക്കാട്ടുന്ന ഒരു ജ്ഞാന മൊഴിയാണ്! “അലസ്സന്റെ മനസ്സ് സാത്താന്റെ പണിപ്പുര” എന്ന ചൊല്ല്, അദ്ധ്വാനിക്കാതെ അലസ്സരായിരിക്കുന്നതിന്റെ തിന്മ ചൂണ്ടിക്കാണിക്കുന്നു! വേദ പുസ്തകത്തിലുടനീളം, അദ്ധ്വാനത്തിന്റെ പ്രസക്തിയും പ്രാധാന്യവും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആദിമ മാതാപിതാക്കൾക്ക് ആദ്യമായി ദൈവം നൽകിയ നിർദ്ദേശം “വേല ചെയ്യണം എന്നും തോട്ടം കാക്കണമെന്നും” ആയിരുന്നു! (ഉല്പ. 2:15).
നാം ധ്യാനിക്കുന്ന വേദഭാഗത്ത് വി.പൗലോസ്, തെസ്സലോനിക്യ സഭയിൽ ചിലർ അദ്ധ്വാനിക്കാതെ അലസരായി ക്രമം കെട്ട് നടക്കുന്നതായി അറിഞ്ഞ്, അദ്ധ്വാന
ത്തിന്റെ മഹത്വവും ആവശ്യകതയും സംബന്ധിച്ച് അവരെ പ്രബോധിപ്പിക്കുന്ന
താണ് നാം കാണുന്നത്. വി. പൗലൊസ് തനിക്കും കൂടെയുള്ളവർക്കും വേണ്ടി, സ്വന്തം കൈയ്യാൽ അദ്ധ്വാനിച്ച് സന്ധാരണം കണ്ടെത്തിയവൻ ആയിരുന്നു! (അ.പ്ര. 20:34; 1 കോരി. 4:12).
1976 ലെ മോൺട്രിയൽ ഒളിംപിക്സിൽ ജീംനാസ്റ്റിക്ക് വിഭാഗത്തിൽ വിസ്മയം കാഴ്ചവെച്ച അത്ഭുത വനിത നാദിയ കൊമനിച്ച്, തന്റെ വിജയത്തെക്കുറിച്ച് പറഞ്ഞിട്ടുള്ള വാക്കുകൾ ശ്രദ്ധാർഹമാണ്: “കഠിനാദ്ധ്വാനം എന്റെ വിജയത്തെ എളുപ്പമാക്കി. എന്റെ ജീവിത രഹസ്യം അതാണ്. ഞാൻ വിജയിക്കുന്നതും അതു കൊണ്ടാണ് “. “ഞാൻ എന്തെങ്കിലും നേട്ടം ജീവിതത്തിൽ കൈവരിച്ചിട്ടുണ്ടെങ്കിൽ, അത് എന്റെ കഠിനാദ്ധ്വാനം വഴി മാത്രമാണ് “: എന്നാണ് ന്യൂട്ടൺ പറഞ്ഞിരിക്കുന്നത്!
അദ്ധ്വാനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുമ്പോൾ തന്നെ, വൃഥാ അദ്ധ്വാനത്തെക്കുറിച്ചും ദൈവ വചനം മുന്നറിയിപ്പ് നൽകുന്നുണ്ട്. അദ്ധ്വാനം ദൈവീകമല്ലായെങ്കിൽ, അത് ബാബേൽ ഗോപുര നിർമ്മാണം പോലെ വ്യർത്ഥമായിരിക്കും എന്നും വചനം നമ്മെ ഓർമ്മിപ്പിക്കുന്നു! “യഹോവ വീടു പണിയാതിരുന്നാൽ, പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാൽ, കാവൽക്കാർ വൃഥാ ജാഗരിക്കുന്നു” (സങ്കീ.127:1) എന്നാണ് സങ്കീർത്തനക്കാരൻ പ്രസ്താവിക്കുന്നത്. ദൈവഹിതാനുസരണം അദ്ധ്വാനിക്കുന്നവർ ആയിരിക്കുവാൻ നമുക്ക് കഴിയട്ടെ.. ദൈവം സഹായിക്കട്ടെ…
ചിന്തയ്ക്ക്: അദ്ധ്വാനം ആരാധനയാണ്! (Work is worship).



