കെപ് ടൗൺ: ദക്ഷിണാഫ്രിക്കൻ ബോക്സറും മുൻ ലോക ചാമ്പ്യനുമായ സൊളാനി ടെറ്റെ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ഈസ്റ്റേൺ കേപ്പിലെ എംഡാൻറ്സാനെയിലുള്ള സ്വന്തം വീടിന് മുന്നിൽ വെച്ചാണ് വെടിയേറ്റത്. സ്വന്തം കാറിൽ വീട്ടിലേക്ക് എത്തി ഗേറ്റ് തുറക്കാനായി കാത്തിരിക്കുമ്പോഴാണ് ആക്രമണം.
ടെറ്റയ്ക്ക് ഒപ്പം കാറിലുണ്ടായിരുന്ന 27 കാരിയായ സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റു. നിലവിൽ ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. രണ്ടുപേർ ചേർന്നാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. നോക്കൗട്ട് വിജയ വേഗത്തിൽ ലോക റെക്കോർഡ് സ്വന്തമാക്കിയിട്ടുള്ള താരത്തിന് 38 വയസായിരുന്നു.



