Tuesday, August 18, 2026
Homeഅമേരിക്കഓണനിലാവ് (കഥ) ✍ നിഷ എലിസബത്ത് ജോർജ്

ഓണനിലാവ് (കഥ) ✍ നിഷ എലിസബത്ത് ജോർജ്

ഓഫീസിൽ നിന്നു ഇറങ്ങിയപ്പോൾ ആണ് നെയിൽ സലൂണിൽ കയറണം എന്നു ഞാനോർത്തത് . സലൂണിൽ കയറി നഖങ്ങളിൽ എല്ലാം ഇഷ്ട നിറമായ ലൈറ്റ് ഗ്രീൻ ജെൽ അടിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ഞാൻ വില്ല്യമിനെ വിളിച്ചു വീട്ടിലേയ്ക്കു വരാൻ അല്പം താമസിക്കും എന്നു പറഞ്ഞു

സലൂണിൽ നിന്നിറങ്ങി കാർ പാർക്കിങ്ങിലേയ്ക്ക് നടക്കുക ആണ് ഞാനിപ്പോൾ .

ചൂട് കുറഞ്ഞുവരുന്നു. സെപ്റ്റംബർ ആയല്ലോ ഇനി ഇവിടെ അമേരിക്കയിൽ എല്ലാം ഇലപൊഴിയുന്ന കാലം വരുന്നു .

കാറിൽ കയറി ഞാൻ എ സി ഓണാക്കി ,

“നിക്കി മിനാജിന്റെ ഗേൾ ഓൺ ഫയർ ” റാപ്പ് ഇട്ടു സീറ്റിൽ ഒന്നു ചാരി കിടക്കുമ്പോൾ ആണ് . സെൽഫോൺ അടിച്ചത് ,

നോക്കിയപ്പോൾ മമ്മി ആണ് വിളിക്കുന്നത് . രണ്ടു മിസ്ഡ് കാൾ കഴിഞ്ഞു മൂന്നാമത്തെ വിളി ആണ് ഇത് .
ഇനി ഇപ്പം എടുത്തില്ലെങ്കിൽ പിന്നേം വിളിക്കും.

മ്യൂസിക് ഒന്നു ലോ ചെയ്തു ഫോൺ എടുത്തു .

“മോളേ കല്ലു..വെള്ളിയാഴ്ച ആണ് ഓണം നീ വരുമോ ?
ഫോണിന്റെ പശ്ചാത്തല സംഗീതം പോലെ “ബേ ബേ ” എന്ന മുക്ര ഇടുന്ന ശബ്ദം കേൾക്കാം , കേശു ആണ് . ഇത് കേൾക്കുമ്പോൾ തന്നെ എന്തൊരു അറപ്പാണ് .

“മ്മ് ” ഞാൻ മൂളി .
എന്തിനു പോകണം . ആരെ കാണാൻ പോകണം .

ഡാനിഷ് റോഡിലുള്ള ഞാൻ വളർന്ന വീട് ഒരിക്കലും എന്റേതാണെന്നു തോന്നിയിട്ടില്ല . ആ വീടു മുഴുവനും കേശുവിന്റെ വളർച്ചയ്ക്കും തെറാപ്പിക്കും വേണ്ടി ഉള്ള സാധനങ്ങൾ കൊണ്ട് നിറച്ചിരിക്കുകയാണ്
എന്നെ ഒരിക്കലും മമ്മി സ്നേഹിച്ചിട്ടില്ല .ഡാഡിക്കു എന്നെ ഇഷ്ടം ആയിരുന്നു . നാലു വർഷം മുൻപ് ഡാഡിയും പോയി .

കേശു ജനിക്കുന്നതുവരെ ആ വീട്ടിൽ ഡാഡിയുടേം മമ്മിയുടേം കൂടെ എന്തു സന്തോഷത്തിൽ ആണ് ജീവിച്ചത് .

ഓർക്കാൻ വയ്യ, കേശുവിന്റെ ജനനം .
സെറിബ്രൽ പാലസി ആണ് അവന് . അന്നു തൊട്ട് എല്ലാവരുടെയും ശ്രദ്ധ അവനിൽ ആയി . മമ്മിയും ഡാഡിയും അവനുവേണ്ടി ജീവിക്കുന്നു .

എപ്പോഴും ആശുപത്രി വാസം . അല്ലെങ്കിൽ ഹോം നേഴ്സ് , തെറാപ്പികൾ . വീടുമുഴുവനും ഇഴഞ്ഞു നടക്കും . എത്ര തിന്നാൻ കൊടുത്താലും തികയില്ല. ഇരുപത്തിഎട്ടു വയസ്സുള്ള ഒരു ശല്യം .

എത്ര തവണ ഹെൽത്തു ഡിപ്പാർട്മെന്റിൽ നിന്നും അറിയിച്ചതാണ് അവനെ നഴ്സിംഗ് ഹോമിൽ ആക്കാം എന്ന് . മമ്മി ഒരിക്കലും സമ്മതിച്ചില്ല . മമ്മിയുടെ തന്നിഷ്ടം .

എന്റെ കാറിന്റെ മുൻപിൽ കിടന്ന ഒരു വണ്ടി പുറകോട്ടു എടുക്കുന്നു .
‘ഇവനൊക്കെ എന്തു നോക്കിയാണ് റിവേഴ്‌സ് എടുക്കുന്നത് . ‘

“പീ ….പീ ….” എന്നു നീട്ടി ഒന്ന് ഹോൺ അടിച്ചു കൊടുത്തു . നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു .

സന്ധ്യ മയങ്ങിയിരിക്കുന്നു .എക്സിറ്റ് കടന്നു കാർ ‘എ ലൈൻ ‘ റോഡിലൂടെ ,ട്രാഫിക്കിലൂടെ ഒഴുകിക്കൊണ്ടിരുന്നു .

മമ്മിക്കു എന്റെ ജീവിതത്തിനോട് വലിയ താല്പര്യം ഇല്ലായിരുന്നു .

മമ്മിക്കു വയ്യാതായാൽ കേശുവിനെ നോക്കുവാൻ ഞാൻ എപ്പോഴും ആ വീട്ടിൽ ഉണ്ടാവും എന്നായിരിക്കും മമ്മി വിചാരിച്ചത് .
എനിക്ക് ആ ചിന്ത തന്നെ തമാശ ആയി തോന്നി .. മമ്മിയുടെ ജീവിതമോ പോയി, ഇനി ആ ജന്തുവിനെ നോക്കാൻ എന്റെ ജീവിതം കൂടി കളയണം .

അതുകൊണ്ടു തന്നെ ആണ് ഡാഡി മരിച്ചു കഴിഞ്ഞ് വില്ല്യം എന്നെ പ്രൊപ്പോസ് ചെയ്തപ്പോൾ അവന്റെ കൂടെ റിച്ചമോണ്ടിലുള്ള ഈ വീട്ടിലേയ്ക്ക് മാറിയത് .

എ ലൈൻ റോഡിൽ നിന്നും റിച്ചുമൊണ്ട് റോഡിലേയ്ക്ക് കാർ കയറി . എന്റെയും വില്ല്യമിന്റെയും വീടെത്തിയിരിക്കുന്നു .

ജനാലയിലൂടെ വെളിച്ചം ഡ്രൈവ് വേ യിലേക്ക് വീഴുന്നുണ്ട് . വില്ല്യം ജോലി കഴിഞ്ഞു വന്നെന്നു തോന്നുന്നു .

വില്ല്യം വെളുമ്പൻ ആണ് . വെളുത്തു നീളം ഉള്ള പുരുഷന്മാരെ എനിക്ക് ഇഷ്ടം ആണ് . അവന്റെ പിങ്ക് നിറമുള്ള ചുണ്ടുകൾ ആണ് എന്നെ ആകർഷിച്ചത് .

ഡിന്നറിനുള്ള ഇറ്റാലിയൻ ലസാനിയ ഓവനിലേയ്ക്ക് വെയ്ക്കുക ആണ് അവൻ .

എന്നെ കണ്ടപ്പോൾ തന്നെ അവൻ “ഓ മൈ സ്വീറ്റ് ഹാർട് ” എന്നു പറഞ്ഞുകൊണ്ട് അവന്റെ പിങ്കു ചുണ്ടുകൾ എന്റെ ചുണ്ടുമായി കൊരുത്തു .

പോയി ഫ്രഷ് ആയി വാ അപ്പോഴേയ്ക്കും നിന്റെ ഡിന്നർ റെഡിയാവും എന്നു പറഞ്ഞു കവിളത്തു തട്ടി .

ഞൻ വില്ല്യമിനെ ഒരിക്കൽ മാത്രമേ ഡാനിഷ് റോഡിലുള്ള മമ്മിയുടെ വീട്ടിലേയ്ക്കു കൊണ്ടുപോയിട്ടുള്ളൂ അതും വില്ല്യ മിന്റെ നിർബന്ധം കാരണം . വില്ല്യമിന്റെ മമ്മി അവന്റെ ചെറുപ്പത്തിലെ മരിച്ചതാണ്. ഡാഡി പിന്നീട് വേറേ വിവാഹം കഴിച്ചു . ഒത്തിരി കഷ്ടപ്പാടായിരുന്നു ചെറുപ്പകാലത്തു എന്നു പറഞ്ഞിട്ടുണ്ട് .

ഇഴഞ്ഞു നടന്നു അവിടത്തന്നെ ഒന്നിനും രണ്ടിനും പോകുന്ന കേശുവിനെ വില്ല്യം കാണുന്നതു പോലും ഓർക്കാൻ വയ്യാരുന്നു .

ഒരു വിരുന്നുകാർ പോലും വരാത്ത ആ വീട്ടിൽ കയറി ചെന്നു വില്ല്യമിനെ മമ്മിയുടെ മുൻപിൽ നിർത്തിയപ്പോൾ അഭിമാനം ആയിരുന്നു .

കാണ് …ഇതാണെന്റെ ബോയ് ഫ്രണ്ട് . നിങ്ങൾ ഒരിക്കൽ എങ്കിലും എനിക്ക് നന്മ വരണം എന്നു ഓർത്തിട്ടുണ്ടോ . കേശുജനിച്ചപ്പോൾ മുതൽ ഉള്ള കഷ്ടകാലം ആണ് എനിക്ക് . എപ്പോഴും അവനെ നോക്കണം .എങ്ങോട്ടും പോകാൻ പറ്റില്ല .ഈ വീട്ടിൽ ഉള്ളതെല്ലാം അവന്റെ സൗകര്യത്തിനാക്കി .എനിക്ക് വയസ് മുപ്പത്തി രണ്ടായി . ഞാൻ വളർന്നതോ ഒരു പെണ്ണായതോ മമ്മി അറിഞ്ഞിട്ടുണ്ടോ ,എനിക്ക് എന്റെ ജീവിതം ആണ് വലുത് . മമ്മിയുടെ മുഖത്തു നോക്കി അത്രയും പറഞ്ഞപ്പോൾ എനിക്ക് ശ്വാസം മുട്ടുന്നപോലെ തോന്നി .

നിന്റെ അനിയൻ കുഞ്ഞല്ലേ ..വയ്യാത്തവൻ അല്ലേ ? മമ്മിയുടെ കുഴിയിലായ കണ്ണുകളിൽ ഉരുകാൻ വെമ്പുന്ന മഞ്ഞുകണങ്ങൾ

അതേ എനിക്ക് ഉറപ്പാണ് , കേശുവിനുവേണ്ടി നിറയുന്ന ഈ കണ്ണുകൾ എന്നെ കണ്ടിട്ടില്ല .

വില്ല്യം കേശുവിന്റെ അടുത്ത് അൽപ നേരം ഇരുന്നു . ഒരു മുഷിഞ്ഞ കുപ്പായം ആണ് എപ്പോഴും കേശുവിന്റെ വേഷം . തിന്നാൻ എന്തെങ്കിലും കിട്ടുമോ എന്നു നോക്കുക ആണ് കേശു വില്ല്യമിന്റെ അടുത്ത് . ബേ ..ബേ .. എന്ന് ശബ്ദം വച്ചു അവൻ എന്തൊക്കൊയോ വില്ല്യമിനോട് പറയുന്നുണ്ടായിരുന്നു .

എന്നെ കണ്ടാൽ കേശു നിശബ്ദൻ ആകും . ബേ .. ബേ .. കേട്ടാൽ മൂക്കിന്റെ പാലം നോക്കി ചൂണ്ടുവിരൽ കൊണ്ടൊരു പ്രയോഗം ഉണ്ട് എനിക്ക് . നന്നായി വേദനിക്കും അവന് .പിന്നെ പേടിയാണ് , “ഇറ്റ്സ് ഗൂഡ്‌ . ..”

കുളികഴിഞ്ഞു ഒരു ലാവെൻഡർ സ്പ്രേ അടിച്ചു കണ്ണാടിയിൽ നോക്കി . ഞാൻ സുന്ദരി ആണ് . ഇന്ന് രാത്രി വില്ല്യമിനു കൊടുക്കാൻ ഈ സുഗന്ധം എന്റെ നേർത്ത നൈറ്റ് ഗൗണിൽ ഉണ്ട് .

ഡിന്നർ കഴിച്ചു കൊണ്ടിരുന്നപ്പോൾ വില്ല്യം ചോദിച്ചു , നിന്റെ മമ്മി വിളിച്ചിട്ടു നീ എന്താ ഫോൺ എടുക്കാതിരുന്നത് . എന്നെ വിളിച്ചിരുന്നു .

വെള്ളിയാഴ്ച നിങ്ങളുടെ എന്തോ റീജിയണൽ ഫെസ്റ്റിവൽ ആണന്നു പറഞ്ഞു . മമ്മി വീട്ടിലോട്ടു ക്ഷണിച്ചിട്ടുണ്ട് . ഞാൻ ഗൂഗിളിൽ നോക്കുക ആയിരുന്നു .. പൂക്കളും പുതിയ ഡ്രസ്സുകളും , കളികളും , ട്രഡീഷണൽ ഫുഡും ഒക്കെ ആണല്ലേ ഈ ഓണം .

എനിക്ക് അതിശയം തോന്നിയില്ല വില്ല്യം ഇങ്ങനെ ആണ് . എല്ലാത്തിനെ പറ്റിയും അറിയാൻ അവനു വലിയ ഉത്സാഹം ആണ് .
.
ഞാൻ വെറുതെ മൂളി ക്കൊണ്ടിരുന്നു.

വെള്ളിയാഴ്ച ഞാൻ ഓഫീസിൽ ചെന്നുകഴിഞ്ഞു വില്ല്യം എന്നെ വിളിച്ചു . അവൻ ഉച്ചയ്ക്ക് ഡാനിഷ്‌റോഡിലെ മമ്മിയുടെ വീട്ടിലേയ്ക്കു പോവുകയാണെന്നും ,ഞാനും കൂടി ഹാഫ് ഡേ ലീവ് എടുത്തു അങ്ങോട്ടു വരുവാനും പറഞ്ഞു .

ഞാൻ നിസ്സംഗ ഭാവത്തിൽ മൂളി
“ഉം …”
വില്ല്യ മിനെ ഉപദേശിച്ചിട്ടു കാര്യം ഇല്ല എന്തെങ്കിലും തീരുമാനിച്ചാൽ അതിൽ നിന്നു മാറില്ല അവൻ .
.
ഞാൻ ആണ് ആദ്യം ഡാനിഷ് റോഡിലെ വീട്ടിലേയ്ക്കു ചെന്നത് . വില്ല്യമിനെ വിളിച്ചപ്പോൾ അവൻ ‘വന്നു കൊണ്ടിരിക്കുന്നു ‘എന്നു പറഞ്ഞു .

പരിപ്പിന്റെയും നെയ്യിന്റേം മണം അടുക്കളയിൽ നിന്നും വരുന്നുണ്ട് .

കുപ്പായവും ഇട്ടു അങ്ങോട്ടു നീന്തി വന്ന കേശുവിന്റെ വായിക്കിരുവശവും തുപ്പൽ പതഞ്ഞു നിൽക്കുന്നു .
കുറ്റി രോമങ്ങൾ എഴുന്നു നിൽക്കുന്ന മൊട്ടത്തലയും മുഖവും . മഞ്ഞപിടിച്ച പൊന്തിയ പല്ലുകാട്ടി എന്നെ നോക്കി അവൻ ഒന്നു ഇളിച്ചു കാണിച്ചു . പിന്നെ പേടിയോടെ തല ചെരിച്ചു മുറിയുടെ മൂലയിലേക്ക് മാറിയിരുന്നു . ഡയപ്പർ നിറഞ്ഞിരിക്കുന്നതു കാണാം .
അറപ്പോടെ ഞാൻ കണ്ണു വെട്ടിച്ചു .

ഈ ജന്തുവിനെ ഒന്നു കുളിപ്പിച്ചു കൂടേ ? മമ്മിയോടു ഞാൻ ഒച്ചയിട്ടു .

മമ്മി അടുക്കളയിൽ ഓണ സദ്യ ഒരുക്കുക ആണ് . എല്ലാം മേശപ്പുറത്തു എടുത്തു വെച്ചു കഴിഞ്ഞു .
പിന്നെ മമ്മി കേശുവിനെയും കൊണ്ടു കുളിമുറിയിലേക്ക് കയറി .

അപ്പോഴാണ് വില്ല്യം വന്നത് . കയ്യിൽ കുറേ കെട്ടുകൾ ഉണ്ട് . എനിക്ക് ആകാംഷ തോന്നി വില്ല്യം എന്താണ് ഈ കൊണ്ടുവന്നിരിക്കുന്നത് .

മമ്മിയും കേശുവും അപ്പോഴേയ്ക്കും കുളി കഴിഞ്ഞു ഇറങ്ങി വന്നു .
വില്ല്യം വന്നത് കണ്ട്‌ മമ്മിയുടെ മുഖം വിടർന്നു . കേശു , ബേ .. ബേ .. എന്നു ഒച്ചയിട്ടു കൊണ്ട് വില്ല്യമിന് അടുത്തേയ്ക്കു വലിഞ്ഞു നീന്തി ചെന്നു . വില്ല്യം കേശുവിന്റെ മുഖത്തു വാത്സല്യത്തോടെ തലോടി .

മമ്മിയുടെ കൈയിലേയ്ക്കു,കൊണ്ടുവന്ന കെട്ടുകൾ കൊടുത്തിട്ടു വില്ല്യം പറഞ്ഞു ”
ഞാൻ ഇന്ത്യൻ കടയിൽ നിന്നും വാങ്ങിയതാണ് . മമ്മിയും കേശുവും ഇതൊന്നു മാറിയിട്ടു വാ .

അത്ഭുതത്തോടെ വില്ല്യമിന്റെ കൈകളിൽ നിന്നും ഓണക്കോടി വാങ്ങി മമ്മി ഉടുത്തു കൊണ്ടു വന്നു .

കേശുവിന്റെ ശുഷ്കിച്ച അരയിൽ ഒരു കസവുമുണ്ട് ,ഒരു ചന്ദന കളർ ജുബ്ബ . മമ്മിക്ക് ഒരു കസവു സാരി .

വില്ല്യമിന്റെ മുൻപിൽ ഇട്ട തൂശനിലയിലെ ചോറിലേയ്ക്ക് പരിപ്പു കറി ഒഴിക്കുമ്പോൾ മമ്മി യുടെ കുഴിയിലായ കണ്ണുകളിൽ വീണ്ടും ഉരുകാൻ വെമ്പുന്ന മഞ്ഞുകണങ്ങൾ ഞാൻ കണ്ടു .

എനിക്കുറപ്പാണ് ഈ കണ്ണുനീർ കേശുവിനുവേണ്ടി അല്ല .

ജീവിതത്തിൽ ഒരിക്കലും ഒരു നല്ല ഉടുപ്പ് ഇട്ടിട്ടില്ലാത്ത കേശുവിന്റെ മുഖത്ത് അപ്പോൾ ഒരു ഓണനിലാവ് ഞാൻ ആദ്യമായി കണ്ടു .

നിഷ എലിസബത്ത് ജോർജ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ