എസ്.എസ്.എൽ.സി ഫലം: മാതാപിതാക്കൾ
ഓർക്കേണ്ട ചില കാര്യങ്ങൾ ❤️
എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പുറത്തുവരുകയാണ്. ഓരോ വീട്ടിലും കുട്ടികളും മാതാപിതാക്കളും വലിയ ആകാംക്ഷയിലായിരിക്കും. ഈ ഘട്ടത്തിൽ മാതാപിതാക്കൾ പുലർത്തേണ്ട പക്വതയും കരുതലും കുട്ടികളുടെ ഭാവിജീവിതത്തിൽ വളരെ നിർണ്ണായകമാണ്.
ആദ്യം നാം ചെയ്യേണ്ടത് — അവരെ ചേർത്തുപിടിക്കുകയാണ്.
മാർക്കിനേക്കാൾ വലുതാണ് മക്കൾ. എസ്.എസ്.എൽ.സി ഫലം വരുമ്പോൾ വിജയത്തേക്കാൾ നാം ആഘോഷിക്കേണ്ടത് കുട്ടികളുടെ ആത്മവിശ്വാസത്തെയാണ്.
ഫലം എന്തുതന്നെയായാലും —
“ഞങ്ങൾ നിന്റെ കൂടെയുണ്ട്” എന്ന ഉറപ്പാണ് കുട്ടികൾക്ക് ഈ സമയത്ത് നൽകേണ്ട ഏറ്റവും വലിയ കരുത്ത്.
അവർക്കു ആശ്വാസവാക്കുകൾ നൽകുക:
“സാരമില്ല മോനേ / മോളേ… വിഷമിക്കേണ്ട. തോറ്റാൽ നമുക്ക് വീണ്ടും എഴുതിയെടുക്കാമല്ലോ.”
തോൽവി ജീവിതത്തിന്റെ അവസാനമല്ലെന്ന് അവർക്ക് ബോധ്യപ്പെടുത്തി കൊടുക്കണം.
മാർക്ക് കുറഞ്ഞതിന്റെ പേരിൽ കുട്ടികളെ ശകാരിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുത്. അത് അവരെ വലിയ മാനസിക സമ്മർദ്ദത്തിലേക്ക് നയിക്കും.
ഓരോ കുട്ടിയും വ്യത്യസ്തരാണ്. അയൽവീട്ടിലെ കുട്ടിയുടെ മാർക്ക് നിങ്ങളുടെ കുട്ടിയുടെ അളവുകോലല്ല.
ഇന്ന് റോഡുകളിൽ വിജയിച്ചവരുടെ ഫോട്ടോകൾ ഫ്ലെക്സിൽ വെച്ച് ആഘോഷിക്കുമ്പോൾ, മാർക്ക് കുറഞ്ഞ കുട്ടികൾക്ക് തങ്ങൾ പരാജയപ്പെട്ടവരാണെന്ന അപകർഷതാബോധം ഉണ്ടാകാൻ സാധ്യതയുണ്ട്. പഠനത്തിനപ്പുറം ഓരോ കുട്ടിക്കുമുള്ള വൈവിധ്യമാർന്ന കഴിവുകളെ നാം കാണാതെ പോകരുത്.
പരീക്ഷയിലെ മാർക്ക് കൊണ്ട് മാത്രം ഒരു കുട്ടിയുടെ കഴിവിനെ അളക്കുന്നത് ശരിയല്ല.
പരാജയപ്പെട്ടവർക്കും മാർക്ക് കുറഞ്ഞവർക്കും ലോകത്ത് വലിയ വിജയങ്ങൾ നേടാനാകുമെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്.
മാർക്കുകളേക്കാൾ വിലപ്പെട്ടതാണ് നിങ്ങളുടെ കുട്ടികളുടെ ജീവനും സന്തോഷവും. ആത്മവിശ്വാസം കൈവിടാതെ അടുത്ത ചുവടിനായി തയ്യാറെടുക്കാൻ അവരെ പ്രോത്സാഹിപ്പിക്കൂ.
പ്രിയപ്പെട്ട മാതാപിതാക്കളേ,
നിങ്ങളുടെ സ്നേഹവും പിന്തുണയും ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയിൽ നിന്നും കുട്ടികൾക്ക് തിരിച്ചു വരാൻ സാധിക്കും.
നമുക്ക് അവർക്ക് തണലായി നിൽക്കാം. 🌿



