മുണ്ടത്തിക്കോട് വെടിക്കെട്ടു പുരയിൽ ജോലിയിലായിരുന്ന തൊഴിലാളികളുമായി സംസാരിക്കുകയും വാർത്തകൾ ശേഖരിക്കുകയും ചെയ്ത റിപ്പോർട്ടർന്മാർ തങ്ങൾ അല്പനേരം മുൻപ് സംസാരിച്ച പലരും അഗ്നിക്കിരയായി. എന്നും, കുറച്ചു പേർ ഗുരുതരാവസ്ഥയിൽ തുടരുന്നു എന്നുമാണ് അറിയാൽ കഴിഞ്ഞത്.
മണ്ണും മനസ്സും ഒരുപോലെ പൊള്ളുന്ന വാർത്തകളാണ് വീണ്ടും തൃശ്ശൂരിൽ നിന്ന് വരുന്നത്. ആകാശത്ത് വർണ്ണവിസ്മയം തീർക്കേണ്ട വെടിക്കെട്ട് പുരകൾ മരണത്തിന്റെ അഗ്നിനാളങ്ങളായി മാറുമ്പോൾ, അവിടെ കരിഞ്ഞുതീരുന്നത് പാവപ്പെട്ട കുറേ മനുഷ്യരുടെ സ്വപ്നങ്ങളും, പ്രതീക്ഷകളും, കുടുംബങ്ങളുമാണ്. ആശുപത്രി വരാന്തകളിൽ ഉറ്റവർക്കായി കണ്ണീരോടെ കാത്തിരിക്കുന്നവരുടെ വേദനയ്ക്ക് എന്ത് ആചാരമാണ് പരിഹാരമാവുക?
വർണ്ണങ്ങൾ കാണാൻ തടിച്ചുകൂടുന്ന ജനക്കൂട്ടത്തിന് എപ്പോഴാണ് മരണം കരിമരുന്നിന്റെ രൂപത്തിൽ വീഴുക എന്ന് ആർക്കും പറയാനാവില്ല. ഓരോ വർഷവും നിയമങ്ങൾ കർശനമാക്കുന്നു എന്ന് പറയുമ്പോഴും, നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് ടെൻ കണക്കിന് സ്ഫോടകവസ്തുക്കൾ ജനവാസ മേഖലകളിൽ ഇപ്പോഴും അശ്രദ്ധമായി കൈകാര്യം ചെയ്യപ്പെടുന്നു. ആചാരത്തിന്റെ പേരിൽ മനുഷ്യജീവനെ പന്താടുന്നത് എന്ന് അവസാനിക്കും?
മറ്റൊരു വശത്ത് .കൊടുംവെയിലിൽ മണിക്കൂറുകളോളം തളച്ചിടപ്പെടുന്ന ആനകൾ. അവയുടെ കണ്ണിലെ ദൈന്യതയോ, വേദനയോ കാണാൻ നമുക്ക് കഴിയുന്നില്ല. നാലു കാലിലും ചങ്ങലയിട്ട് ലോറിയിൽ ആനയെ കൊണ്ടു വരുന്ന കാഴ്ച ദയനീയമാണ്. മദം പൊട്ടുന്ന ആനയുടെ ചവിട്ടടിയിൽ പിടഞ്ഞുതീരുന്ന മനുഷ്യരുടെ എണ്ണം വർഷാവർഷം കൂടിവരികയാണ്.
ആർക്ക് വേണ്ടി? ഈ മിണ്ടാപ്രാണികളെ പീഡിപ്പിച്ചുകൊണ്ട് നടത്തുന്ന എഴുന്നള്ളിപ്പുകൾ ഏത് ദൈവത്തെയാണ് പ്രീണിപ്പിക്കുന്നത്?
പാവപ്പെട്ട പാപ്പാന്മാരുടെകുടുംബവും സാധാരണക്കാരായ ഭക്തരുമാണ് പലപ്പോഴും ഈ ആഘോഷങ്ങളുടെ ഇരകളാകുന്നത്.
മാറ്റത്തിന് സമയമായില്ലേ?
ദേവാലയങ്ങളും ഉത്സവപ്പറമ്പുകളും ശാന്തിയുടെയും സമാധാനത്തിന്റെയും ഇടങ്ങളാവണം. അവിടെ ഭയത്തിന്റെ നിഴലിൽ നിൽക്കേണ്ടി വരുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല.
മനുഷ്യന്റെ ജീവനേക്കാൾ വലുതല്ല ഒരു ആചാരവും. മരിച്ചൊടുങ്ങുന്ന മനുഷ്യർക്കും മുറിവേൽക്കുന്ന മിണ്ടാപ്രാണികൾക്കും വേണ്ടി ഇനിയെങ്കിലും നമ്മൾ ശബ്ദമുയർത്തണം.
കരിമരുന്നിന്റെ പുകയേക്കാൾ ഗന്ധം ഇന്ന് ആ ചുവന്ന മണ്ണിൽ രക്തത്തിന്റേതാണ്. വരും വർഷങ്ങളിലെങ്കിലും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ആനയെ എഴുന്നള്ളിക്കുന്നതിനും അപകടകരമായ വെടിക്കെട്ടുകൾ നടത്തുന്നതിനും കർശനമായ പുനർചിന്തനം ആവശ്യമാണ്. നമുക്ക് വേണ്ടത് മനുഷ്യർ ചിരിക്കുന്ന ഉത്സവങ്ങളാണ്. ഓരോ കുടുംബത്തിൻ്റേയും കണ്ണീരും , ചോരയൊഴുകുന്ന ചടങ്ങുകളല്ല. മനുഷ്യൻ്റെ ജീവനേക്കാൾ വിലയുള്ളതല്ല ഒരു ചടങ്ങും. ഭയമില്ലാതെ ഉത്സവപ്പറമ്പുകളിൽ പോകാനും, സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്താനും നമുക്ക് കഴിയണം . വരുംതലമുറക്കായ് നമ്മൾ കരുതി വെക്കേണ്ടത് വെടിക്കെട്ടിൻ്റെ കരിപ്പുകയല്ല. സഹജീവി സ്നേഹത്തിൻ്റെ വിളക്കാണ്.



