ഹണ്ടിംഗ്ടൺ വാലി, ഫിലഡൽഫിയ: പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിതമായ ഹണ്ടിംഗ്ടൺ വാലി സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് കത്തീഡ്രൽ പെരുന്നാൾ ആഗസ്റ്റ് 14, 15 (വെള്ളി, ശനി) തീയതികളിൽ, അടൂർ–കടമ്പനാട് ഭദ്രാസനാധിപൻ H.G. ഡോ. സക്കറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ ഭക്തിനിർഭരമായി കൊണ്ടാടുന്നു. (1333 Welsh Road, Huntingdon Valley, PA 19006)
പെരുന്നാളിന്റെ ആദ്യദിനമായ ആഗസ്റ്റ് 14, വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാർത്ഥനയോടുകൂടി പെരുന്നാൾ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് തിരുമേനിയുടെ ഭക്തിനിർഭരമായ പ്രഭാഷണം ഉണ്ടായിരിക്കും.
പെരുന്നാളിന്റെ പ്രധാന ദിനമായ ആഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 8:30ന് പ്രഭാത പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിക്കും. 9:30ന് ഡോ. സക്കറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബാനയും, മാതാവിന്റെ മധ്യസ്ഥതയിൽ അഭയം തേടിയുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയും നടക്കും.
11:30ന് കുരിശ്, കൊടികൾ, മുത്തുക്കുടകൾ എന്നിവ വഹിച്ചുകൊണ്ട്, പള്ളിക്ക് ചുറ്റും വലം വച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ പെരുന്നാൾ റാസയും, അതിനെത്തുടർന്ന് 11:45ന് ആശീർവാദ ശുശ്രൂഷയും കൈമുത്തും നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് വിഭവ സമൃദ്ധമായ പെരുന്നാൾ സദ്യയോടുകൂടി പെരുന്നാൾ ചടങ്ങുകൾക്ക് സമാപനമാകും.
വിശുദ്ധ കന്യക മറിയം അമ്മയുടെ അനുഗ്രഹവും മധ്യസ്ഥതയും തേടി നടക്കുന്ന ഈ പെരുന്നാൾ ശുശ്രൂഷകളിൽ കുടുംബസമേതം പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസ്സികളെയും, കുടുംബങ്ങളെയും പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നതായി കത്തീഡ്രൽ വികാരി വെരി. റവ. സി.ജെ ജോൺസൺ കോർ എപ്പീസ്‌ക്കോപ്പാ, സെക്രട്ടറി ഡെന്നിസ് സാബു ശങ്കരത്തിൽ, ട്രഷറാർ റോയ് വർഗീസ് എന്നിവർ അറിയിച്ചു.



