ഫിലാഡൽഫിയ: ജീവകാരുണ്യ പ്രവർത്തനരംഗത്ത് ശ്രദ്ധേയമായ സേവനങ്ങൾ കാഴ്ചവയ്ക്കുന്ന ഫ്രണ്ട്സ് ഓഫ് തിരുവല്ല – ഫിലാഡൽഫിയ റീജിയൻ യോഗം പ്രസിഡന്റ് ഫിലിപ്പോസ് ചെറിയാന്റെ വസതിയിൽ ചേർന്നു.
പ്രസിഡന്റ് ഫിലിപ്പോസ് ചെറിയാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ജോർജ് ജോസഫ് കഴിഞ്ഞ യോഗത്തിന്റെ മിനിറ്റ്സ് വായിച്ച് അംഗീകാരം നേടി. ട്രഷറർ തോമസ് പോൾ 2025-ലെ വരവ്-ചെലവ് കണക്കുകളും 2026-ലെ ബജറ്റും അവതരിപ്പിച്ചു. തുടർന്ന് അംഗങ്ങൾ ഏകകണ്ഠമായി അത് പാസാക്കി.
2025-ൽ തിരുവല്ല സ്വദേശിയായ ഒരു വൃക്കരോഗിക്ക് ഡയാലിസിസ് ചികിത്സയ്ക്കാവശ്യമായ സാമ്പത്തിക സഹായം നൽകിയതായും, 2026-ൽ തിരുവല്ല ലൈഫ് കെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ചെന്നിത്തലയിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിനും, മാർ ഒസ്താത്തിയോസ് ഗുരുകുലം ഫൗണ്ടേഷനും ഗണ്യമായ സാമ്പത്തിക സഹായം നൽകിയതായും യോഗം വിലയിരുത്തി.
2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവല്ല നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ച ശ്രീ. വർഗീസ് മാമൻ എം.എൽ.എ. യ്ക്ക് അഭിനന്ദനങ്ങളും വിജയാശംസകളും യോഗം രേഖപ്പെടുത്തി. പ്രസിഡന്റ് ഫിലിപ്പോസ് ചെറിയാനും ട്രഷറർ തോമസ് പോളും ആശംസകൾ അറിയിച്ചു. സെക്രട്ടറി ജോർജ് ജോസഫ് അവതരിപ്പിച്ച അഭിനന്ദന പ്രമേയം യോഗം ഏകകണ്ഠമായി പാസാക്കി.
അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികാഘോഷം പ്രമാണിച്ച് 2026 ജൂലൈയിൽ പ്രത്യേക യോഗവും ആഘോഷപരിപാടികളും സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
വിഭവസമൃദ്ധമായ അത്താഴവിരുന്നോടെയാണ് യോഗം സമാപിച്ചത്.



