വ്യത്യസ്തമായ ഒട്ടനവധി ആചാരാഘോഷങ്ങൾ നമുക്കുണ്ട്. ഇവ ഓരോന്നും നിത്യജീവിതത്തിലുള്ള വഴികാട്ടിയും ആദർശങ്ങളുമാണ്. ജീവിതത്തിൽ ചെയ്യാൻ പാടുള്ളതും, അല്ലാത്തതുമായ കാര്യങ്ങളുടെ സൂചനകൂടിയാണ് ഇവയുടെ ലക്ഷ്യം. പല ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ട ദീപങ്ങളുടെ ഉത്സവം അഥവാ ദീപാവലി സന്തോഷത്തിന്റെയും, ഐശ്വര്യത്തിന്റെയും പ്രതീകമായി ആഘോഷിക്കപ്പെടുന്ന പ്രധാനപ്പെട്ട ഉത്സവമാണെന്ന് നമുക്കേവർക്കുമറിയാം.ഈ ദിനത്തിൽ ദീപങ്ങളാൽ വീടുകളെല്ലാം അലങ്കരിക്കു ന്നതോടൊപ്പം പ്രാർത്ഥനകളും, സമ്മാനങ്ങൾ കൈമാറുന്ന ആഘോഷഭരിതമായൊരു സന്ദർഭം കൂടിയാണിത്.
ദീപം, ആവലി അഥവാ നിര എന്നീ രണ്ട് പദങ്ങളാൽ സംയോജനമായ ദീപാവലിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളാണ് നിലനിൽക്കുന്നത്.
ഉത്തരേന്ത്യയിൽ ദീപാവലി ആഘോഷം ആചരിക്കുന്നത് രാവണവധശേഷം അയോധ്യയിലേക്ക് തിരിച്ചെത്തുന്ന രാമൻ, സീത, ലക്ഷ്മണൻ, ഹനുമാനെയും വരവേറ്റ ഓർമ്മയെന്നാണ്. ആ ദിവസം അമാവാസിയാ ണെന്ന് കരുതപ്പെടുന്നതുകൊണ്ട് മൺവിളക്കുകൾ തെളിയിക്കപ്പെട്ടു.

ലോകം മുഴുവൻ സ്വന്തം കൈപ്പിടിയിൽ ഒതുക്കാനായി ആഗ്രഹിച്ച നരകാസുരനെ ശ്രീകൃഷ്ണഭഗവാൻ നിഗ്രഹിച്ച് ലോകത്തിന് ശാന്തിയും സമാധാനവും കൊണ്ടുവന്നതിന്റെ അടയാളമാണ് ദക്ഷിണേന്ത്യയിൽ ദീപാവലി ആഘോഷിക്കപ്പെടുന്നത്.
ദീപാവലി ആഘോഷങ്ങൾക്ക് വിവിധ സംസ്ഥാനങ്ങളിൽ, വ്യത്യസ്ത പാരമ്പര്യങ്ങളുള്ള, വ്യത്യസ്ത വിഭാഗങ്ങൾക്കിടയിലെ ദീപാവലി ആഘോഷങ്ങൾ നോക്കാം.
ആദ്യം ആന്ധ്രപ്രദേശിലെ ‘ദീപാവലി’ എന്ന് പേരുള്ള ഗ്രാമത്തെ കുറിച്ചാണ്. ഈ ഗ്രാമം ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ഗാര മണ്ഡലത്തിലാണ്.
ഈ പ്രദേശത്ത് രാജഭരണം നിലനിന്നിരുന്ന സമയത്ത് ശ്രീ കൂർമ്മനാഥ ക്ഷേത്ര സന്ദർശത്തിനായി ഒരു രാജാവ് ഗ്രാമത്തിലൂടെ കടന്നു പോകുമായിരുന്നു. ഒരു ദിവസം സന്ധ്യക്ക് രാജാവ് ക്ഷേത്രാരാധന കഴിഞ്ഞ് മടങ്ങുമ്പോൾ ബോധരഹിതനായി. പരിഭ്രാന്തരായ ഗ്രാമവാസികൾ പരിചരിക്കാനെത്തുകയും ഗ്രാമം മുഴുവൻ എണ്ണ വിളക്കുകളാൽ പ്രകാശിപ്പിക്കുകയും, ബോധം വന്നപ്പോൾ അദ്ദേഹത്തിന് വെള്ളം നൽകുകയും ചെയ്തു. അവരുടെ ദയയിലും, ഇരുട്ടിൽ അവർ കാണിച്ച വെളിച്ചത്തിലും സന്തുഷ്ടനായ അദ്ദേഹം ഈ ഗ്രാമത്തിന്റെ പേര് എന്താണെന്ന് ഗ്രാമവാസികളോട് ചോദിച്ചു. ഗ്രാമത്തിന് പേരില്ലെന്ന് പറഞ്ഞത് കേട്ടപ്പോൾ, വിളക്കുകളുടെ വെളിച്ചത്തിൽ തന്നെ സേവിച്ചതിനുള്ള നന്ദി സൂചകമായി ‘ഈ ഗ്രാമം ഇന്നുമുതൽ ദീപാവലി’ എന്ന് വിളിക്കപ്പെടുമെന്ന് രാജാവ് പ്രഖ്യാപിച്ചു. അന്നുമുതൽ ആന്ധ്രപ്രദേശിലെ ഗ്രാമം ദീപാവലി ഗ്രാമമെന്നറിയിപ്പെട്ടുവെന്ന് ഗ്രാമവാസികൾ പറയുന്നു. ഏതാണ്ട് ആകെ ആയിരത്തോളം ജനസംഖ്യയുള്ള ഈ ഗ്രാമത്തിൽ എല്ലാ വർഷവും അഞ്ചുദിവസം ഗംഭീരമായി ദീപാവലി ആഘോഷിക്കുന്നു.
ഉത്തർപ്രദേശിലെ ദേവ ദീപാവലി സൂര്യോദയത്തോടെ ഗംഗ ആയിരക്കണക്കിന് പൊങ്ങിക്കിടക്കുന്ന ദ്വീപങ്ങളാൽ പ്രകാശപൂരിതമാകുന്നു ജലോപരിതലത്തിൽ ഇളകുന്ന ഗംഗയെ കാണുന്നത് അതിമനോഹരവും കണ്ണിനു കുളിർമയേകുന്ന കാഴ്ചയുമാണ്. ഗംഗയിൽ ആരതി പൂജയും നടത്തുന്നു.
മഹാരാഷ്ട്രയിൽ ദീപാവലി വാസുസരാസ് എന്ന നാമത്തോടു കൂടിയാണ് ആഘോഷിക്കപ്പെടുന്നത്. പശുവിനെയും, പശുക്കിടാവിനെയും ആരാധിച്ചുകൊണ്ടുള്ള ആഘോഷത്തോടെ ആരംഭിക്കുന്ന ദീപാവലിക്ക് മൃഗാരാധനക്കായി പൂജ നടത്തുന്നു.
പശ്ചിമബംഗാളിലെ ദീപാവലി ആഘോഷം മറ്റെല്ലാവിടെയുമുള്ള ആഘോഷങ്ങളിൽ നിന്നും ഗംഭീരമായതാണ്. കാളി ദേവിയെ ആരാധിക്കുന്നതിലൂടെ പശ്ചിമബംഗാൾ ഭൂതകാലത്തിന്റെ ഇരുട്ടിനെ നശിപ്പിക്കാൻ തെരുവുകളൊക്കെ വർണ്ണാഭമായ രംഗോലികളാൽ അലങ്കാരമായിട്ടാണ് ഒരുക്കങ്ങളൊക്കെ. സമൃദ്ധിയുടേയും സംരക്ഷണത്തിന്റേയും അനുഗ്രഹം യാചിച്ച് ഭക്തർ കാളിദേവി യോട് പ്രാർത്ഥിക്കുന്നതും ഈ സമയത്താണ്. ദുർഗാ പൂജയായാണിവിടെ ഈ ദിനമാ ഘോഷിക്കുന്നത്. കൂടാതെ അസം, ബീഹാർ, ഒഡീഷ ഇവിടങ്ങളിലും ദുർഗാപൂജയാണ് ഇന്നേദിവസം ആഘോഷിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളൊക്കെ രാവണനെ പരാജയപ്പെടുത്തിയതിന് ശ്രീരാമനെ ആരാധിക്കുന്ന ആഘോഷമായിട്ടാണ്.
രാജസ്ഥാനിലെ ഉദയ്പൂർ- തടാകങ്ങളും കൊട്ടാരങ്ങളുമു ള്ളതുകൊണ്ട് സമ്പന്നമായ രാജകീയ നഗരമായിട്ടറിയപ്പെടുന്നു. നിരവധി സന്ദർശകരെത്തുന്ന ഉദയപൂരിലെ പിച്ചോള തടാകത്തിൽ ദീപാവലി അലങ്കാരങ്ങളുടെ തിളങ്ങുന്ന ലൈറ്റുകളുടെ പ്രതിഫലന കാഴ്ച അതിമനോഹരമാണ്.
ഇന്ത്യയുടെ പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പൂർ, ദീപാവലി ആഘോഷവേളകളിൽ തെരുവുകളും, ചന്തകളും, ചരിത്ര സ്മാരകങ്ങളും ദീപങ്ങളാൽ അലങ്കരിക്കപ്പെടുന്നു. ദീപാവലി നാളിൽ രാത്രിയിൽ ജൊഹാരി ബസാർ, ബാഹു ബസാർ എന്നീ പ്രധാന മാർക്കറ്റുകൾ ദീപ പ്രഭയാൽ അതിമനോഹരമായ ദൃശ്യം സമ്മാനിക്കുന്നു.
പഞ്ചാബിലെ അമൃത് സർ സിക്ക് പാരമ്പര്യത്തിന് പേര് കേട്ടതാണ്. ഗുരു ഹർഗോവിന്ദ് സിംഗ് മുഗൾതടവറയിൽ നിന്ന് മോചിതനായതിന്റെ സ്മരണാർത്ഥം ബന്ദി ചോർ ദിവസും, ദീപാവലിയും ഒന്നിച്ചിവിടെ ആഘോഷിക്കുന്നു. ദീപങ്ങളാലലങ്കരിച്ച ഇവിടുത്തെ ഏറ്റവും പ്രശസ്തമായ സുവർണ്ണ ക്ഷേത്രം അലങ്കരിക്കപ്പെട്ടത് കാണാൻ ആയിരക്കണക്കിന് ജനങ്ങൾ സന്ദർശിക്കുന്നു.
ആദ്യ ദീപാവലി അയോധ്യയിലാണ് ആഘോഷിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. കാരണം ശ്രീരാമൻ വനത്തിൽ നിന്ന് മടങ്ങിയെത്തതിന്റെ അടയാളമായിട്ടാണ് മഹത്തായ അയോധ്യ നഗരം ദീപാവലി ദിനത്തിൽ ലക്ഷക്കണക്കിന് ദീപങ്ങൾ തെളിയിച്ച് നഗരത്തെ മുഴുവൻ പ്രകാശപൂരിതമാക്കുന്നതെന്നാണ്.
ദീപാവലിക്ക് വ്യത്യസ്ത ആഘോഷങ്ങളാൽ ശ്രദ്ധേയമാണ് ഡൽഹി. അക്ഷർധാം ക്ഷേത്രങ്ങൾ, ലക്ഷ്മി നാരായണ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളും ദില്ലിഹട്ട്, ചാന്ദ്നി ചൗക്ക് അലങ്കാര വസ്തുക്കളും, വിവിധങ്ങളായ മധുര പലഹാരങ്ങളും കൊണ്ട് സന്ദർശകരെ ആകർഷിക്കുന്ന പ്രധാന കേന്ദ്രമായി മാറുന്നു.
മുംബൈ: ദീപാവലി വേളയിൽ ഏറ്റവും ആകർഷകമായ കേന്ദ്രങ്ങളിലൊന്നാണ് മറൈൻ ഡ്രൈവ്. ദീപങ്ങളാലും, ആകാശത്ത് നിറയുന്ന വർണ്ണവിഭവമായ വെടിക്കെട്ടുകളും കൊണ്ട് ശ്രദ്ധേയമാണ്. സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന മുംബൈയിലെ ചരിത്ര സ്മാരകങ്ങളും, ഗേറ്റ് വേ ഓഫ് ഇന്ത്യയും ദീപങ്ങളാൽ അലങ്കരിക്കപ്പെടുന്നു.
ഗുജറാത്തിൽ പടക്കം പൊട്ടിക്കുന്നതാണ് പ്രധാനം. ദീപാവലി പ്രമാണിച്ച് ഇവിടെ ചില വീടുകളിൽ നെയ്യൊഴിച്ച് കത്തിച്ച ഒരു ദീപം രാത്രി മുഴുവൻ കത്തിക്കുകയും, രാവിലെ ദീപത്തിന്റെ അവശിഷ്ടമുപയോഗിച്ച് കണ്മഷി നിർമ്മിക്കാൻ ഉപയോഗിക്കുന്നു. ഇത് സ്ത്രീകൾ കണ്ണുകളിൽ പുരട്ടുന്നതിലൂടെ ഐശ്വര്യം കൊണ്ടുവരാൻ കഴിയുമെന്നും മംഗളകരമായ ഒരു ആചാരമാണിതെന്നും വിശ്വസിക്കുന്നു.
ഹിമാചൽ പ്രദേശിൽ ദീപാവലിയോട് അനുബന്ധിച്ച് വീടുകൾ വൃത്തിയാക്കി മനോഹരമായ മാലകളുണ്ടാക്കി വീടുകളുടെ പ്രവേശന കവാടത്തിൽ അലങ്കാരങ്ങളായി തൂക്കിയിടുന്നു. സമ്പത്തിന്റേയും സമൃദ്ധിയുടേയും ദേവതയായ ലക്ഷ്മി ദേവിയെ ആകർഷിക്കുകയെ ന്നതാണിതിന്റെ ഉദ്ദേശം. ഇവിടെയുള്ള ദീപാവലി ആഘോഷങ്ങളുടെ ഒരു പ്രത്യേകത ഉൾ പ്രദേശങ്ങളിലൊക്കെ ആടിനെ ബലിനൽകുക എന്നതാണ്. ദീപാവലി സമയത്ത് ആചാരത്തിന്റേയും വിശുദ്ധ വഴിപാടുകളുടേയും ഭാഗമായി ആടുകളെ ബലിയർപ്പിക്കുന്നു. കർണാടകയിൽ ആകട്ടെ അഞ്ച് ദിവസങ്ങളിലായി ആഘോഷിക്കുന്ന ദീപാവലി ആചാരങ്ങളെ ഉയർത്തി കാണിക്കുന്ന ആഘോഷം, ആരാധന സമയമാണ്. കർണാടകയിൽ ദീപാവലിയുടെ അർത്ഥം ‘വെളിച്ചത്തിന്റെ വരികൾ’ എന്നാണ്.
വിവിധ സ്ഥലങ്ങളുടെ സാംസ്കാരിക വ്യത്യാസമനുസരിച്ച് ആഘോഷങ്ങൾ വ്യത്യാസമുണ്ടെങ്കിലും എല്ലായിടത്തും ദീപാവലി ആഘോഷ സന്ദേശം ഒരുപോലെയാണ് ഉൾക്കൊള്ളുന്നത്.
വിവിധങ്ങളായ ആചാരങ്ങളാൽ എല്ലായിടങ്ങളിലും ഐക്യത്തോടെ, ആനന്ദത്തോടെ ആഘോഷിക്കപ്പെടുന്ന ദീപങ്ങളുടെ ഉത്സവമായ ദീപാവലി മറ്റാഘോഷങ്ങളിൽ നിന്നും മുന്നിട്ട് നിൽക്കുന്ന ഒരു പുണ്യാഘോഷം തന്നെയാണ്.



