Saturday, October 5, 2024
Homeഅമേരിക്കബഹുസ്വരതയുടെ ഓണം .. ✍അഫ്സൽ ബഷീർ തൃക്കോമല

ബഹുസ്വരതയുടെ ഓണം .. ✍അഫ്സൽ ബഷീർ തൃക്കോമല

അഫ്സൽ ബഷീർ തൃക്കോമല

1961 ലാണ് കേരളത്തിൽ ഓണം ദേശീയോത്സവമായി പ്രഖ്യാപിച്ചത്. അത്തം
മുതൽ പത്തു ദിവസവും തുടർന്ന് ചതയം വരെ തുടരുമ്പോൾ ഓണാഘോഷങ്ങൾ എങ്ങനെ എന്ന പ്രാഥമിക ചോദ്യമാണ് പ്രസക്തമാകുന്നത് .
ഓണത്തെ സംബന്ധിച്ച് നിരവധി ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു മഹോത്സവമാണ് .പ്രഹ്ലാദന്റെ മകനായ വിരോചനന്റെ മകൻ മഹാബലിയുടെ സ്മരണയുടെ പ്രതീകമായിട്ടാണ് ഈ ഉത്സവം തുടക്കം കുറിച്ചത്.മഹാബലി എന്ന വാക്കിനർത്ഥം ‘വലിയ ത്യാഗം’ ചെയ്‌തവൻ എന്നാണ്‌. വാമനവിജയത്തെ അടിസ്ഥാനമാക്കി അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി.

ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. എറണാകുളം ജില്ലയിലെ തൃക്കാക്കരയാണ്‌ ഓണത്തപ്പന്റെ ആസ്ഥാനം. എന്നാൽ അവിടെ മഹാബലിക്കു പകരം വാമനനെയാണ് ആരാധിക്കുന്നത്. വാമനൻ മഹാബലിക്കുമേൽ വിജയം നേടിയത് തിരുകാൽകരൈ എന്ന തൃക്കാക്കരയിൽ വച്ചായിരുന്നു എന്നും ഐതീഹ്യമുണ്ട് . കേരളീയരാണ് ഓണാഘോഷം തുടങ്ങിയത് എങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ കേരളത്തിലും മധുര ഉൾപ്പെട്ട തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘകാലകൃതിയായ ‘മധുരൈകാഞ്ചി ‘യിൽ പറയുന്നുണ്ട് .

ഓണത്തെക്കുറിച്ചുളള ചില പരാമർശങ്ങൾ “ഇന്ദ്രവിഴാ “എന്ന് മാങ്കുടി തുരനാരുടെ കൃതിയിൽ കാണാം.ഇന്ദ്രന്റെ വിജയം എന്നാണ് ഇതിന് അർത്ഥം.അഥവാ അസുരനായ മഹാബലിയെ ദേവനായ വിഷ്ണു പരാജയപ്പെടുത്തിയതിന്റെ സൂചന ഇതിലുണ്ട്.പരശുരാമൻ വരുണനിൽനിന്ന് കേരള ക്ഷേത്രത്തെ മോചിപ്പിച്ച് ബ്രാഹ്മണർക്ക് ദാനം നൽകിയെന്നും കോപിഷ്ടനായ പരശുരാമൻ മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യർത്ഥനയെ തുടർന്ന് വർഷത്തിലൊരിക്കൽ തൃക്കാക്കരയിൽ അവതരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു എന്നൊരു പ്രബലമല്ലാത്ത ഐതീഹ്യവും ,ലോഗന്റെ “മലബാർ മാന്വൽ” എന്ന കൃതിയിൽ ഒമാനിലെ സലാലയിൽ അന്ത്യ വിശ്രമം കൊള്ളുന്ന ചേരമാൻ പെരുമാൾ ഇസ്ലാംമതം സ്വീകരിച്ച് മക്കയിൽ പോയത് ചിങ്ങമാസത്തിലെ തിരുവോണ നാളിലായിരുന്നുവെന്നും ഈ തിർത്ഥാടനത്തിന്റെ അനുസ്മരണം ഓണാഘോഷമായി മാറിയെന്നും പറയുന്നുണ്ട് .

കർക്കടകമാസത്തിന് ശേഷം മാനം തെളിയുമ്പോൾ വിദേശകപ്പലുകൾ പണ്ട് സുഗന്ധ ദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത് ചിങ്ങ മാസത്തിലായിരുന്നു .അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കുന്നു എന്നും ചില അഭിപ്രായങ്ങളുണ്ട് . കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം.വ്യാപാരത്തിൽ നിന്നും കൂടുതൽ പണം ലഭിക്കുമ്പോൾ ആഘോഷിക്കുക എന്നതും മലയാളികൾ പൊതുവെ അനുവർത്തിച്ചിരുന്നു.

ഓണം പോലെയുള്ള വിശേഷ സന്ദർഭങ്ങളിൽ പൂക്കളും ഇലകളും ഉപയോഗിച്ച് ഒരുക്കുന്ന കലാരൂപമാണ് പൂക്കളം. പത്തു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ മാനസിക ഉല്ലാസത്തിനും കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനുമായി കൊണ്ടാടുന്നു. അത്തം നാൾ ഇടുന്ന പൂക്കളത്തെ അത്തപ്പൂക്കളം എന്ന് വിളിക്കുന്നു. വളരെ ചെറുതും മഞ്ഞ നിറത്തിലുള്ളതുമായ ചെത്തി പൂക്കളാൽ അലങ്കരിച്ചിരിക്കുന്നതാണ് അത്തപ്പൂക്കളം.എന്നാൽ ഓണപൂക്കൾ എന്ന് പറയുന്നത് പാടത്തും തൊടിയിലും കാണുന്ന പൂക്കളാണ്. തുമ്പ, ചെത്തി, ചെമ്പരത്തി, കാക്കപ്പൂ, മുക്കുറ്റി, കോളാമ്പി, തുളസി, പിച്ചകം, വാടാമല്ലി, പവിഴമല്ലി എന്നിങ്ങനെ നീളുന്നതാണ് ഓണപൂക്കൾ .ചുവപ്പു നിറമുള്ള പൂവുകൾ പൂക്കളത്തിൽ ഉപയോഗിക്കില്ല .മഹാബലിയെ ഭൂമിയിൽ നിന്ന് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതായി കരുതപ്പെടുന്ന എറണാകുളം ജില്ലയിലുള്ള തൃപ്പൂണിത്തുറയിൽ അത്തച്ചമയം എന്ന മഹത്തായ ഘോഷയാത്ര ഈ ദിവസമാണ് നടക്കുന്നത്. ചിത്തിര നാൾ വീടുകൾ വൃത്തിയാക്കുവാൻ തുടങ്ങുക എന്നതാണ് ഈ ദിനത്തിൽ പ്രധാനം .കൂടുതൽ പൂക്കൾ ഉപയോഗിച്ച് രണ്ടാമത്തെ വട്ടം ഇട്ട് പൂക്കളത്തിന്റെ വലുപ്പം കൂട്ടുന്നു.

ചോതി നാൾ ഓണക്കോടി എന്നറിയപ്പെടുന്ന പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും പരസ്പരം സമ്മാനമായി നൽകുന്നതിനായും വിവിധ സാധനങ്ങൾ വാങ്ങുന്നതിനായും കുടുംബമായി പുറത്ത്‌ പോകുന്നതാണ് പ്രധാനം , കൂടാതെ പൂക്കളത്തിലേക്ക് ഒന്നിലധികം പാളി പൂക്കൾ ചേർത്ത് പൂക്കളത്തെ കൂടുതൽ വലുതാക്കുന്നു.
വിശാഖം നാൾ ഓണസദ്യ അഥവാ ഓണ വിരുന്നിന് തുടക്കമിടുന്നത് ഈ
ദിവസമാണ്. വീട്ടിലെ ഓരോ അംഗവും ഇതിൽ പങ്കാളികളാകണം
പരമ്പരാഗത രീതിയനുസരിച്ച് 26 വിഭങ്ങൾ നിറഞ്ഞ വിഭവസമൃദ്ധമായ ഒന്നാണ് ഓണസദ്യയെങ്കിലും, ഇപ്പോൾ കുടുംബങ്ങൾ ഇത് സാധ്യമായത്ര ഗംഭീരമാക്കാൻ ശ്രമിക്കുകയും 10 മുതൽ 15 വരെ വിഭവങ്ങൾ കൂടുതലായി ഉൾപ്പെടുത്തി സദ്യ കെങ്കേമമാക്കും . ഓണം വിളവെടുപ്പ് മഹോത്സവം കൂടി ആയതിനാൽ വിശാഖം ദിനം പൊതുസ്ഥലങ്ങളിലും ചന്തകളിലും വലിയ തിരക്കനുഭവപെടുന്നുമുണ്ട് .

അനിഴം നാൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വള്ളംകളി സംഘങ്ങൾ അവരുടെ ചുണ്ടൻവള്ളങ്ങളുമായി എത്തി പരസ്പരം വാശിയോടെ തുഴയുന്ന ആവേശകമായ ആറന്മുള ഉത്രട്ടാതി വള്ളംകളി ഈ ദിനത്തിലാണ് .തൃക്കേട്ട നാൾ
കുടുംബങ്ങളും ഒരുമിച്ചു കൂടി സമ്മാനങ്ങൾ നൽകുന്ന ദിവസമാണിത്.തൃക്കേട്ട ദിവസം ആകുമ്പോൾ അഞ്ചോ ആറോ വട്ടങ്ങളിലായി വ്യത്യസ്ത പൂക്കളുള്ള ഒരു വലിയ പൂക്കളം ഉണ്ടാക്കുന്നു. മൂലം നാൾ പരമ്പരാഗത കലാരൂപങ്ങളും ഘോഷയാത്രകളും ഈ ദിനത്തിലാണ് പുലി കളി അല്ലെങ്കിൽ കടുവ കളി. കലാകാരന്മാർ കടുവകളെയും ആടുകളെയും വേട്ടക്കാരെയും പോലെ ചായങ്ങളും വേഷങ്ങളും അണിഞ്ഞ് പ്രാദേശിക താളവാദ്യങ്ങളുടെ അകമ്പടിയോടെ നൃത്തം ചെയ്യുന്ന പുലി കളി ഏറെ രസകരമാണ്.  ആഘോഷത്തിന്റെ ഭാഗമായ തിരുവാതിര കളി അഥവാ കൈകൊട്ടി കളി ആണ്. ഇതിനായി പരമ്പരാഗത കേരളീയ വസ്ത്രമായ സെറ്റ് മുണ്ട് ധരിച്ച സ്ത്രീകൾ ഒരു പൂക്കളത്തിനും നിലവിളക്കിനും ചുറ്റും നൃത്തം ചെയ്യുന്നു. വീട്ടു മുറ്റത്ത് പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച ഊഞ്ഞാൽ കെട്ടുന്നതും ഈ ദിനമാണ് .ചിലയിടങ്ങളിൽ ചതുരത്തിലുള്ള പൂക്കളം തീർക്കുന്നതും ഈ ദിനമാണ് .പൂരം നാൾ ഓണാഘോഷത്തിന്റെ എട്ടാം ദിവസം പൂക്കളത്തിന്റെ മധ്യത്തിലും മാവേലിയുടെയും വാമനന്റെയും ചെറിയ പ്രതിമകൾ വെക്കുന്നു .ഓണത്തപ്പൻ അഥവാ തൃക്കാക്കരയപ്പൻന്റെ പ്രതിമകൾ സ്ഥാപിച്ചതിനുശേഷം മാത്രമേ വീടുകൾ സന്ദർശിക്കാൻ മാവേലിക്ക് ക്ഷണം ലഭ്യമാകൂ എന്ന് വിശ്വസിക്കപ്പെടുന്നു.

ഉത്രാടം നാൾ ഏറ്റവും വലിയ പൂക്കളം തയാറാക്കുന്ന ദിനം .ഓണാഘോഷത്തിന്റെ അവസാന ദിവസം സദ്യ തയ്യാറാക്കാൻ ആവശ്യമായ പുതിയ പച്ചക്കറികളും മറ്റ് വിഭവങ്ങളും വാങ്ങുകയും വിഭവങ്ങൾ കാലേകൂട്ടി തയാറാക്കാൻ തുടങ്ങുകയും ചെയുന്നതിനെയാണ് ‘ഉത്രാടപ്പാച്ചിൽ’ എന്ന് വിളിക്കുന്നത്.കൂടാതെ ഒടിച്ചുകുത്തി വള്ളങ്ങൾ കൊണ്ടുള്ള വള്ളം കളികൾ കേരളത്തിലെ വിവിധ നദികളിൽ ഈ ദിവസങ്ങളിലുണ്ടാകും തിരുവോണം നാൾ ഓണാഘോഷങ്ങളുടെ സമാപന ദിവസം ആണ് . വിഭവ സമൃദ്ധമായ സദ്യയും പായസവുമെല്ലാം കഴിച്ച്, വിവിധ തരം കളികളുമൊക്കെയായി ഈ ദിവസം ഗംഭീരമായി ആഘോഷിക്കുന്നു.തറയിൽ ഇരുന്നുകൊണ്ട് വാഴയിലയിൽ വിളമ്പുന്ന സദ്യ . എല്ലാവരും തുല്യരാണ് എന്ന സന്ദേശവും വിനയത്തിന്റെയും അച്ചടക്കത്തിന്റെയും പ്രതിഫലനവും ഇതിലൂടെ പ്രകടമാകുന്നു തുടർന്ന്, കുടുംബാംഗങ്ങളെല്ലാം ഒത്തുചേർന്ന് വിവിധ കളികൾ സംഘടിപ്പിക്കുന്നു. വടം വലിയാണ് ഈ ദിവസത്തെ പ്രധാന വിനോദം. പിന്നീട് തിരുവോണം മുതൽ ചതയം നാൾ വരെ ഓണത്തിന്റെ ആവേശം തുടരും .

കൂടാതെ വിവിധ കലാ രൂപങ്ങളുടെ ആഘോഷം കൂടിയാണ് ഓണം .ഓണ തെയ്യം ,വേലൻ തുള്ളൽ ,ഓണ വില്ല് ,ഓണ പൊട്ടൻ ,ആട്ടക്കളം കുത്തൽ ,പുലികളി, നായയും പുലിയും വക്കൽ ,ഭാരകളി ,കാമ്പിത്തായം കളി, ഓണം കളി ,ഓണത്തല്ല്, കുമ്മാട്ടി കളി, കൈകൊട്ടി കളി, നാടൻ പന്തുകളി ,വള്ളം കളി തുടങ്ങി ഒട്ടനവധി കളികളും കലാരൂപങ്ങളുമുണ്ട്. മവേലി ചരിത്രം പോലെ അത്ര സ്വാധീനമില്ലെങ്കിലും ശ്രീബുദ്ധനുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള കഥകളും ഉണ്ട്‌. സിദ്ധാർത്ഥ രാജകുമാരൻ ബോധോദയത്തിന്‌ ശേഷം ശ്രവണപദത്തിലേക്ക്‌ പ്രവേശിച്ചത്‌ ശ്രാവണമാസത്തിലെ തിരുവോണനാളിലായിരുന്നുവെന്ന്‌ ബുദ്ധമതാനുയായികൾ വിശ്വസിക്കുന്നു. ബുദ്ധമതത്തിന്‌ ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഈ ശ്രാവണപദ സ്വീകാരം ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ്‌ ഓണമെന്ന്‌ അവർ സമർത്ഥിക്കുന്നു. ശ്രാവണം ലോപിച്ച് ഓണം ആയി എന്നും ഒരു പക്ഷം .

ഓണത്തെ സംബന്ധിച്ചു ഇനിയും ഒട്ടനവധി ഐതീഹ്യം ഉണ്ട് .തിരുവോണ ദിവസം ഉണ്ണാ വൃതം ഇരിക്കുന്ന ആറന്മുളയിലെ കാരണവന്മാർ, മത്സ്യ മാംസാദികൾ ഓണസദ്യക്കൊപ്പം കഴിക്കുന്ന വടക്കൻ കേരളത്തിലെ ഒരു വിഭാഗം അങ്ങനെ വലിയ ബഹു സ്വരതയുടെ ആഘോഷമാണ് ഓണം .അന്താരാഷ്‌ട്ര തലത്തിൽ വരെ അധികാരത്തിനും വെട്ടിപിടിക്കലിനും ശ്രമിക്കുമ്പോൾ പ്രതിപക്ഷത്തെ ഉന്മൂലനം ചെയ്യുന്ന തീവ്രവാദ ശൈലിയിൽ നിന്നും വ്യത്യസ്തമായി പാതാളത്തിലേക്കു ചവിട്ടി താക്കുമ്പോഴും നാടിന്റെ സമ്പൽ സമൃദ്ധിയിൽ തിരിച്ചു വന്നു ഒപ്പം കൂടാനും ആഘോഷിക്കാനും അവസരം നൽകിയ ഉദാത്തമായ മാതൃക കൂടി ഓണാഘോഷത്തിലുണ്ട്.

ഇലക്ട്രോണിക് മാധ്യമങ്ങളുടെ അതി പ്രസരത്തിൽ ബന്ധങ്ങൾക്കും സ്നേഹ സൗഹാർദ്ദങ്ങൾക്കുമെല്ലാം വലിയ കോട്ടമുണ്ടാകുമ്പോളും മാനവ സംസ്കാരത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കഴിയുന്ന ഒത്തൊരുമയുടെ ഉത്തരാധുനിക മുഖമായി ഓണമുൾപ്പടെയുള്ള ആഘോഷങ്ങൾ മാറണം .ഓണ സദ്യയിലോ അതിരു കടക്കാത്ത ആഘോഷങ്ങളിലോ ഒന്നും അസഹിഷ്ണതയില്ലാതെ എല്ലാവരും ചേർന്ന് നിൽക്കുമ്പോൾ കേരള തനിമക്കു മാറ്റ് കൂടും. ഈ കാലത്തു “ഉള്ളത് കൊണ്ട് ഓണം പോലെ” നമുക്ക് ജീവിക്കാനും കഴിയണം ……

ലോക ചരിത്രത്തിലെ ഏറ്റവും മികച്ച പ്രവാസി മഹാബലി കൃത്യ സമയത്തു
ആഘോഷമായി വന്നു പോകുന്നു. പ്രവാസത്തിലേക്കു പോകാൻ കാരണക്കാരായവർ ആഘോഷങ്ങളിൽ ഒപ്പം കൂടുന്നു ..

✍അഫ്സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments