Eh,Dumbo! അവിടെയുള്ളവരും നമ്മളും കൂട്ടു കൂടിയുള്ള യാത്രയാകുമ്പോൾ ഭാഷ – ഹിന്ദി, ഇംഗ്ലീഷ്, മലയാളവും —— എല്ലാം കൂടി കലർന്ന് ഒരു ‘അവിയൽ ‘ പരുവമായിരിക്കും. അതിൽ ‘ഡംബോ’ എന്ന് പറഞ്ഞത് എന്നെയാണോ കൂട്ടത്തിലുള്ളവരിലെ ആരെങ്കിലുമാണോ എന്നറിയാതെ ഞാൻ ! ഇത്തരം അവസരങ്ങളിൽ ‘ മൗനം വിദ്വാന് ഭൂഷണം’. പക്ഷെ ഭയപ്പെട്ടതു പോലെ ഒന്നുമില്ല,ന്യൂയോർക്ക് സിറ്റിയിലെ ഈ സ്ഥലം,
ബ്രൂക്ലിനിലെ ഒരു ഐക്കോണിക് ഫോട്ടോ സ്പോട്ട് എന്നു വേണമെങ്കിൽ പറയാം.
മാൻഹട്ടൻ & ബ്രൂക്ലിൻ പാലങ്ങളുടെ മനോഹരമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്.
Dumbo എന്നാൽ ‘Down Under the Manhattan Bridge Overpass ‘ എന്നാണ്. സാധാരണ വിദേശ രാജ്യങ്ങളിലുള്ള യാത്രയിൽ ‘പാമ്പും കോണി’കളിയിലെ പാമ്പിൻ്റെ മാതിരിയുള്ള റോഡുകളിലുള്ള ഓവർ പാസും അണ്ടർ പാസും മറ്റും എന്നെ അത്ഭുതപ്പെടുത്താറുണ്ട്. ഇവിടെ ആ ഡ്യൂട്ടി ബ്രിഡ്ജുകൾ ഏറ്റെടുത്തിരിക്കുന്നു എന്ന് പറയാം. അവിടെ നിന്ന് രണ്ട് പാലങ്ങൾ കാണാൻ കഴിയും. മാൻഹട്ടൻ പാലവും ബ്രൂക്ലിൻ പാലവും. അതിൽ മാൻഹട്ടൺ പാലം ഏകദേശം 2000 ത്തിലധികം മീറ്റർ നീളമുള്ള ഈസ്റ്റ് നദിക്ക് കുറുകെയുള്ള തൂക്കുപാലമാണ്.
ബ്രൂക്ലിൻ പാലം യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും പഴക്കം ചെന്ന തൂക്കുപാലങ്ങളിൽ ഒന്ന്. ഇതിനും ഏകദേശം1,800 മീറ്ററിലധികം നീളമുണ്ട്.
പത്തൊൻപതാം നൂറ്റാണ്ടിലെ എഞ്ചിനീയറിംഗിന്റെ മികച്ച നേട്ടമായിട്ടാണ് കരുതുന്നത്. രണ്ടും NYC യുടെ സ്വകാര്യ അഹങ്കാരം എന്നു പറയാം.
ഉരുളൻ കല്ലുകൾ പാകിയ തെരുവുകൾ, ധാരാളം കോഫി ഷോപ്പുകൾ, ആർട്ട് ഗാലറികൾ, വാട്ടർ ഫ്രണ്ട് എല്ലാം കൂടി പാലങ്ങളുടെ കാഴ്ചകൾ മാത്രമല്ല ആ പ്രദേശത്തെ നല്ലൊരു ടൂറിസ്റ്റ് സ്ഥലമാക്കി എടുത്തിരിക്കുന്നു.
ബ്രൂക്ലിൻ ബ്രിഡ്ജ് പാർക്ക് കാണാനുള്ള നടപ്പിലാണ് ,എമിലി വാറൻ റോബ്ലിംഗിനെ കുറിച്ചറിയുന്നത്.
ബ്രൂക്ലിൻ പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച സ്ത്രീ എന്ന നിലയിൽ ചരിത്രം സൃഷ്ടിച്ച ന്യൂയോർക്കുകാരിയായ ലീഡ് എഞ്ചിനീയറാണവർ. എമിലി തന്റെ കാലഘട്ടത്തിലെ അഭ്യസ്തവിദ്യയായ ഒരു സ്ത്രീയായിരുന്നു. പാലത്തിന്റെ ചീഫ് എഞ്ചിനീയർ ആയിരുന്ന ഭർത്താവ് രോഗം” ബാധിച്ച് ഭാഗികമായി വികലാംഗനായിരുന്നു. എമിലി അദ്ദേഹത്തിന്റെ ആശയവിനിമയങ്ങളുടെ ചുമതല ഏറ്റെടുത്തു.അദ്ദേഹത്തിന്റെ പദ്ധതികൾ പഠിച്ച്, അദ്ദേഹത്തിന്റെ സ്പെസിഫിക്കേഷനുകൾ പകർത്തി പരിഷ്കരിച്ചു. കൂടാതെ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് എഞ്ചിനീയർമാർക്ക് നിർദ്ദേശങ്ങൾ എഴുതി വിശദീകരിച്ചു കൊടുത്ത് പാലം ഉയർത്തുന്നതിൽ അവർ ഒരു പ്രധാന പങ്ക് വഹിച്ചുവത്രേ!
ബ്രൂക്ലിൻ ബ്രിഡ്ജ് പാർക്ക് ഇപ്പോൾ അവരുടെ പേരിലുള്ള പ്ലാസയോടെയാണ് പൂർത്തിയാക്കിയിരിക്കുന്നത്. എമിലി വാറൻ റോബ്ലിംഗ് ഇല്ലാതെ ബ്രൂക്ലിൻ പാലം പൂർത്തിയാകില്ലായിരുന്നു എന്നാണ് പറയുന്നത്. ആദ്യമായിട്ടാണ് അവരെ പറ്റി കേൾക്കുന്നത് എങ്കിലും എന്തെല്ലാം ചരിത്ര വിശേഷങ്ങൾ അല്ലേ!
സൂര്യോദയം, സൂര്യാസ്തമയം, പ്രീമാര്യേജ് ഷൂട്ടിംഗ്, അതു പോലെ പേരു കേട്ട പല സിനിമകളുടെയും TV ഷോകളിലേയും സംഗീത ഷോകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.
‘സ്പൈഡർമാൻ -2’ എന്ന സിനിമ( അതാണ് ഞാൻ കേട്ടിട്ടുള്ള സിനിമ) യുടേയും ലൊക്കേഷനായിട്ടുണ്ടത്രേ!
ഞങ്ങൾ അവിടെ ചെന്നപ്പോൾ രാവിലത്തെ നടത്തം കഴിഞ്ഞ് റെസ്റ്റ് എടുക്കുന്നവരും ജോഗ്ഗിംഗ് & വ്യായാമത്തിന് നടക്കുന്നവരൊക്കെ ആയിരുന്നു. അവിടെ താമസിക്കുന്നവരുടെ കൂടെ പട്ടികൾ നിർബന്ധമുള്ളതു പോലെയാണ്. എവിടെ ചെന്നാലും പട്ടികളെ കൈയ്യിൽ എടുത്തു കൊണ്ടോ, ബാഗിലോ , പ്രാം ലോ അല്ലെങ്കിൽ leash പിടിച്ചു കൊണ്ടു നടക്കുന്നത് കാണാം. മുന്തിയ ഇനം പട്ടികളോടൊപ്പം നമ്മുടെ ചില നാടൻ പട്ടികളേയും ഇതു പോലെ കൊണ്ട് നടക്കുന്നത് കാണാം. അവർ അങ്ങനെ സ്റ്റെലായി നടന്നു പോകുന്നത് കണ്ടപ്പോൾ, ഓരോരുത്തരുടെ ഭാഗ്യം എങ്ങനെ & എവിടെ നിന്ന് വരുന്നു എന്നു പറയാൻ പറ്റില്ല എന്നു തോന്നി പോയി. അതിപ്പോൾ പട്ടികളുടെ കാര്യത്തിലാണെങ്കിൽ പോലും!
നല്ലൊരു കാഴ്ചയോടോപ്പം തണുത്ത കാറ്റും സൂര്യൻ്റെ താപത്തിന് വലിയ ശക്തിയില്ലാത്തതും ആരേയും കുറച്ചു നേരങ്കിലും dumb ആക്കുന്ന സ്ഥലം
എന്നതിൽ സംശയമില്ല.
Thanks



