Friday, November 27, 2026
Homeകേരളംശബരിമല കയറുന്ന തീർഥാടകർക്കായി അപ്പാച്ചിമേട്ടിൽ തീർഥാടക വിശ്രമകേന്ദ്രം ഒരുങ്ങി

ശബരിമല കയറുന്ന തീർഥാടകർക്കായി അപ്പാച്ചിമേട്ടിൽ തീർഥാടക വിശ്രമകേന്ദ്രം ഒരുങ്ങി

പമ്പ: ശബരിമല കയറുന്ന തീർഥാടകർക്കായി അപ്പാച്ചിമേട്ടിൽ തീർഥാടക വിശ്രമകേന്ദ്രം ഒരുങ്ങി. മല കയറി ക്ഷീണിക്കുന്ന അയ്യപ്പന്മാർക്ക് വിശ്രമിക്കാനും ഭംഗിയുള്ള ചിത്രങ്ങൾ പകർത്താനുമായാണ് അപ്പാച്ചിമേട്ടിൽ കേന്ദ്രം ഒരുക്കിയത്. അപ്പാച്ചിമേട്ടിലെ ഉയരത്തിൽ നിന്ന് പെരിയാർ വന്യജീവി സാങ്കേതത്തിൻ്റെ കടുംപച്ച പശ്ചാത്തലം കാണാൻ കഴിയുന്ന വിധത്തിലാണ് പുതിയ വിശ്രമകേന്ദ്രം.

ലോവർ അപ്പാച്ചിമേട്ടിൽ ഉണ്ട വഴിപാട് കേന്ദ്രത്തിന് സമീപമാണ് 7000 ചതുരശ്ര അടിയിൽ തീർഥാടക വിശ്രമകേന്ദ്രം ഒരുങ്ങിയത്. മൂന്ന് തട്ടുകളിലായി ഒരുക്കിയ ഇവിടെ 1000 തീർഥാടകർക്ക് വരെ വിശ്രമിക്കാം. ടൈലുകൾ പാകി ഭംഗിയാക്കിയ പ്രതലത്തിൽ ഇരിക്കാൻ സ്റ്റീൽ ബെഞ്ചുകളും ബിൽറ്റ്-ഇൻ ഇരിപ്പിടങ്ങളുമുണ്ട്. കുടിക്കാൻ കുടിവെള്ള കിയോസ്ക്കും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ ശുചിമുറിയും തയ്യാർ.

നേരെത്തെ ഉണ്ടായിരുന്ന ഈ സ്ഥലം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. 11 ലക്ഷം രൂപ ചെലവിട്ടാണ് ഇപ്പോൾ നവീകരിച്ചത്. നവീകരിച്ച തീർഥാടക വിശ്രമകേന്ദ്രത്തിൻ്റെ ഉദ്ഘാടനം ഡിസംബറിന് മുമ്പ് ഉണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ പറഞ്ഞു. ഇവിടെ അവസാന മിനുക്കുപണികൾ നടന്നു കൊണ്ടിരിക്കുകയാണ്.

ശബരിമലയിൽ എത്തുന്ന അയ്യപ്പ ഭക്തർക്ക് രുചികരമായ ഭക്ഷണം വിളമ്പി അന്നദാന മണ്ഡപം. നവംബർ 24 വരെയുള്ള കണക്കനുസരിച്ചു സന്നിധാനത്തെ അന്നദാനമണ്ഡപത്തിൽ നിന്ന് ആകെ 135471 പേരാണ് ഭക്ഷണം കഴിച്ചത്. ഇതിൽ 44788 പേർ പ്രഭാതഭക്ഷണവും 34608 പേർ ഉച്ചയ്ക്ക് സദ്യയും 56075 പേർ രാത്രിയിലും ഭക്ഷണം കഴിച്ചവരാണ്. ഒരു ദിവസം ശരാശരി 18000 ഓളം ഭക്തർ ഭക്ഷണം കഴിക്കുന്നുണ്ട്. ഒരേ സമയം 1000 പേർക്ക് കഴിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്.

രാവിലെ 6:30 മുതൽ 11 വരെയാണ് പ്രഭാതഭക്ഷണത്തിൻ്റെ സമയം. ഇഡ്ഡലിയോ ദോശയോ ഉപ്പുമാവോ ആയിരിക്കും. കൂടെ കേസരിയും ചൂട്‌ ചുക്കുകാപ്പിയും. ഉച്ചയ്ക്ക് 12 മുതൽ 3 വരെയാണ്, പായസം അടക്കമുള്ള കേരളീയ സദ്യ. നെയ്യും പരിപ്പും സാമ്പാറും പപ്പടവും അവിയലും മോരുകറിയും ഉൾപ്പെടെയുള്ള സദ്യ കഴിക്കാൻ ഇതരസംസ്ഥാനത്ത് നിന്നുള്ള അയ്യപ്പന്മാരാണ് അന്നദാന മണ്ഡപത്തിന് മുൻപിലുള്ള വരിയിൽ കൂടുതൽ. പായസം ഓരോ ദിവസവും മാറി മാറി വിളമ്പുന്നു.

വൈകീട്ട് 6:30 ന് തുടങ്ങുന്ന അത്താഴത്തിന് കഞ്ഞിയും തോരനും അസ്ത്രവും (കിഴങ്ങുവർഗ്ഗങ്ങളും തേങ്ങയരപ്പും പ്രധാന ചേരുവകളായി വരുന്ന വിഭവം) ആണ് വിഭവങ്ങൾ. രാത്രി 11 വരെ അത്താഴം വിളമ്പും. മൂന്ന് ഷിഫ്റ്റിലായി 130 പേർ വിളമ്പുകാരായി ഉണ്ട്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ