Friday, November 27, 2026
Homeഇന്ത്യകുപ്പിവെള്ള വിപണിയിൽ വിവാദം: ബിസ്‌ലേരിക്കെതിരായ എഫ്.എസ്.എസ്.എ.ഐ നടപടിയും 'ക്യാമ്പ ഷുവർ' എൻട്രിയും.

കുപ്പിവെള്ള വിപണിയിൽ വിവാദം: ബിസ്‌ലേരിക്കെതിരായ എഫ്.എസ്.എസ്.എ.ഐ നടപടിയും ‘ക്യാമ്പ ഷുവർ’ എൻട്രിയും.

മുംബൈ: ഇന്ത്യയുടെ 30,000 കോടി രൂപയുടെ കുപ്പിവെള്ള വിപണിയിൽ മുകേഷ് അംബാനിയുടെ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് അവതരിപ്പിച്ച ‘ക്യാമ്പ ഷുവർ’ (Campa Sure) ഉയർത്തുന്ന കടുത്ത മത്സരത്തിനിടെ, വിപണിയിലെ ഒന്നാമന്മാരായ ബിസ്‌ലേരിക്കെതിരെ (Bisleri) ഭക്ഷ്യസുരക്ഷാ അതോറിറ്റി (FSSAI) നിയമനടപടിക്ക് അനുമതി നൽകിയതോടെ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നു. സർക്കാർ സംവിധാനങ്ങൾ റിലയൻസിന് അനുകൂലമായി പ്രവർത്തിക്കുന്നു എന്ന ആരോപണവുമായി നിരവധി പേർ സമൂഹമാധ്യമങ്ങളിലും പൊതുരംഗത്തും രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷം സെപ്റ്റംബറിലുണ്ടായ തുടർച്ചയായ സംഭവവികാസങ്ങളാണ് ഈ വിവാദത്തിന് ആധാരം. 2025 സെപ്റ്റംബർ 22-ന് കേന്ദ്ര സർക്കാർ കുപ്പിവെള്ളത്തിന്റെ ജി.എസ്.ടി. (GST) 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു. ജി.എസ്.ടി. കുറച്ച് ആറാം ദിവസമായ 2025 സെപ്റ്റംബർ 28-ന് റിലയൻസ് ‘ക്യാമ്പ ഷുവർ’ വിപണിയിലിറക്കി. മറ്റ് ബ്രാൻഡുകൾ 1 ലിറ്റർ കുപ്പിക്ക് 20 രൂപ ഈടാക്കുമ്പോൾ, 15 രൂപയ്ക്കും, 250 മില്ലിക്ക് 5 രൂപയ്ക്കും, 500 മില്ലിക്ക് 8 രൂപയ്ക്കും, 2 ലിറ്ററിന് 25 രൂപയ്ക്കുമാണ് റിലയൻസ് വെള്ളം നൽകുന്നത്.

2025 സെപ്റ്റംബർ 30-ന്, ക്യാമ്പ ഷുവർ വിപണിയിലെത്തി രണ്ട് ദിവസത്തിന് ശേഷം, ഗോവയിലെ ബിസ്‌ലേരി പ്ലാന്റിൽ നിന്ന് എഫ്.എസ്.എസ്.എ.ഐ. ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി ആറ് സാമ്പിളുകൾ ശേഖരിച്ചു.

ഗോവയിൽ നിന്ന് ശേഖരിച്ച ആറ് സാമ്പിളുകളിൽ അഞ്ചെണ്ണം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചപ്പോൾ, ഒരു ബാച്ചിലെ വെള്ളത്തിൽ അനുവദനീയമായ അളവിലും (10 മൈക്രോഗ്രാം/ലിറ്റർ) കൂടുതൽ ‘ബ്രോമേറ്റ്’ (12 മൈക്രോഗ്രാം/ലിറ്റർ) കണ്ടെത്തിയെന്നാണ് പ്രാഥമിക പരിശോധനാ ഫലം. ബിസ്‌ലേരിയുടെ അപ്പീലിനെ തുടർന്ന് റഫറൽ ലാബിൽ നടത്തിയ തുടർപരിശോധനയിൽ ബ്രോമേറ്റിന്റെ അളവ് സുരക്ഷിതമാണെന്ന് കണ്ടെത്തിയെങ്കിലും, അർബുദത്തിന് കാരണമായേക്കാവുന്ന പോളി ന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ (PAHs) സാന്നിധ്യം രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ 2026 നവംബർ 22-ന് എഫ്.എസ്.എസ്.എ.ഐ. ബിസ്‌ലേരിക്കെതിരെ നിയമനടപടിക്ക് അനുമതി നൽകി.

എന്നാൽ, 14 മാസം മുമ്പ് ഗോവയിലെ ഒരു പ്ലാന്റിലെ ഒരൊറ്റ ബാച്ചിൽ മാത്രമുണ്ടായ വിഷയമാണിതെന്നും, തങ്ങളുടെ ഉൽപ്പന്നങ്ങൾ പൂർണ്ണമായും സുരക്ഷിതമാണെന്നും ബിസ്‌ലേരി വ്യക്തമാക്കി. അംഗീകൃത ലാബിൽ നടത്തിയ സ്വതന്ത്ര പരിശോധനയിൽ കുഴപ്പങ്ങളൊന്നും കണ്ടെത്തിയിരുന്നില്ലെന്നും കമ്പനി അറിയിച്ചു.

ജി.എസ്.ടി. ഇളവുകൾ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ റിലയൻസ് വിപണിയിലെത്തിയതും, തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ എതിരാളികളായ ബിസ്‌ലേരിയുടെ സാമ്പിളുകൾ ശേഖരിച്ച് ഒരു വർഷത്തിന് ശേഷം നടപടി പ്രഖ്യാപിച്ചതും യാദൃച്ഛികമല്ലെന്നാണ് വിമർശകരുടെ വാദം. മുമ്പ് ബിസ്‌ലറിയെ ഏറ്റെടുക്കാൻ റിലയൻസ് ശ്രമിച്ചിരുന്നെങ്കിലും അത് പരാജയപ്പെട്ടിരുന്നു. “കുപ്പിവെള്ളം എന്നാൽ ബിസ്‌ലേരി” എന്ന ഉപഭോക്താക്കളുടെ വിശ്വാസം തകർത്ത് റിലയൻസിന്റെ ‘ക്യാമ്പ ഷുവർ’, ‘ഇൻഡിപെൻഡൻസ്’ ബ്രാൻഡുകൾക്ക് വിപണി പിടിച്ചെടുക്കാൻ കേന്ദ്ര ഏജൻസികൾ ഒത്താശ ചെയ്യുന്നു എന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന വിമർശനം.

അതേസമയം, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ കുപ്പിവെള്ള ബ്രാൻഡുകളിലും പരിശോധന നടത്തുന്നുണ്ടെന്നും, ബിസ്‌ലേരിക്കെതിരായ നടപടിക്ക് പിന്നിൽ മറ്റ് കമ്പനികളുടെ ഇടപെടലുകൾ ഉള്ളതായി ഔദ്യോഗിക തെളിവുകളൊന്നുമില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ