Sunday, November 15, 2026
Homeഇന്ത്യയോഗ പരിശീലകയുടെ മൃതദേഹം ഫ്ലാറ്റിൽ കണ്ടെത്തിയ സംഭവം; ആൺസുഹൃത്ത് ഡൽഹിയിൽ പിടിയിൽ.

യോഗ പരിശീലകയുടെ മൃതദേഹം ഫ്ലാറ്റിൽ കണ്ടെത്തിയ സംഭവം; ആൺസുഹൃത്ത് ഡൽഹിയിൽ പിടിയിൽ.

പശ്ചിമ ബംഗാളിൽ 26 വയസ്സുകാരിയായ യോഗ പരിശീലകയെ ബന്ധുവിന്റെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്ത് പിടിയിൽ. കൊൽക്കത്ത സ്വദേശിനിയായ അഞ്ജലി ഷായുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ ലഖ്നൗ സ്വദേശി ധരംബീർ കുമാറിനെയാണ് ബംഗാൾ പൊലീസ് ഡൽഹിയിൽ നിന്ന് പിടികൂടിയത്.

ഓൺലൈൻ ഗെയിമായ പബ്ജിയിലൂടെയാണ് ഇരുവരും പരിചയപ്പെടുകയും പിന്നീട് പ്രണയബന്ധത്തിലാവുകയും ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തൽ. നവംബർ പത്തിനാണ് കൊൽക്കത്തയിലെ ബാരനഗറിൽ ബന്ധുവിന്റെ ഒഴിഞ്ഞുകിടന്ന ഫ്ലാറ്റിൽ അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിനുശേഷം യുവതിയുടെ മൊബൈൽ ഫോണും വിലപിടിപ്പുള്ള വസ്തുക്കളും കാണാതായതായി ബന്ധുക്കൾ പൊലീസിനെ അറിയിച്ചിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നവംബർ പന്ത്രണ്ടിന് കിഴക്കൻ ഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് ധരംബീർ കുമാറിനെ പിടികൂടിയത്. ഡൽഹിയിലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ട്രാൻസിറ്റ് റിമാൻഡിൽ കൊൽക്കത്തയിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. ഓൺലൈൻ ഗെയിമിലൂടെ പരിചയപ്പെട്ട മറ്റൊരു യുവതിയുമായും ധരംബീറിന് ബന്ധമുണ്ടായിരുന്നുവെന്നും ഇക്കാര്യം അഞ്ജലി അറിഞ്ഞതിനെത്തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നുമാണ് അന്വേഷണസംഘത്തിന്റെ സംശയം. ഈ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

നവംബർ എട്ടിന് കൊൽക്കത്തയിലെത്തിയ പ്രതി അഞ്ജലിയെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ടതായാണ് സംശയിക്കുന്നത്. കൊലപാതകത്തിന്റെ യഥാർഥ കാരണവും സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ