Wednesday, November 11, 2026
Homeകേരളംകാസർകോട് കൊവിഡ് രോഗിയായ ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊന്നു: ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം തടവ്.

കാസർകോട് കൊവിഡ് രോഗിയായ ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊന്നു: ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം തടവ്.

കാസർകോട്: പിലിക്കോട് മടിവയലിൽ കൊവിഡ് ബാധിതനായ 67-കാരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പിലിക്കോട് മടിവയലിൽ പത്താനത്ത് കുഞ്ഞമ്പുവിനെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതിയും കുഞ്ഞമ്പുവിന്റെ ഭാര്യയുമായ ജാനകി എന്ന വെമ്പിരിച്ചി ജാനകി (55), രണ്ടാം പ്രതി രാജേഷ് എന്ന ഉണ്ട രാജേഷ് (40) എന്നിവരെ കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി-രണ്ട് ജഡ്ജി രാമു രമേഷ് ചന്ദ്രബാനു ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കിൽ പ്രതികൾ നാലുമാസം കൂടി അധിക തടവ് അനുഭവിക്കണം. കൂടാതെ, കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ വീട്ടിൽ അതിക്രമിച്ചുകയറിയെന്ന കുറ്റത്തിന് രണ്ടാം പ്രതിക്ക് 10 വർഷം അധിക തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. കേസിലെ മൂന്നാം പ്രതിയായ അനിൽ എന്ന അനിമാമൻ വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തിരുന്നു.

2021 ജൂലൈ 21-ന് രാത്രി പത്തുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കൊവിഡ് ബാധയെത്തുടർന്ന് ശരീരത്തിന്റെ ഒരു ഭാഗത്തിന് ശേഷിക്കുറവുണ്ടായി ശാരീരിക അവശതകൾ അനുഭവിച്ചിരുന്ന കുഞ്ഞമ്പു വീട്ടിലെ ഹാളിൽ കട്ടിലിൽ കിടക്കുകയായിരുന്നു. ഇയാളെ പരിചരിച്ചുവന്നിരുന്ന ഭാര്യ ജാനകിക്ക് ഇതിലുണ്ടായ ബുദ്ധിമുട്ടുകളും ഭർത്താവുമായുള്ള നിരന്തരമായ അഭിപ്രായവ്യത്യാസങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷൻ കണ്ടെത്തൽ.

ജാനകിയുടെ നിർദേശപ്രകാരം അവരുടെ സാന്നിധ്യത്തിൽ രണ്ടാം പ്രതി രാജേഷും മൂന്നാം പ്രതി അനിലും ചേർന്ന് കുഞ്ഞമ്പുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞമ്പുവിന്റെ ബന്ധുവായ പ്രമോദ് നൽകിയ പരാതിയിൽ ചന്തേര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ