തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊലക്കേസ് പ്രതി തൂങ്ങിമരിച്ചു. ഭാര്യയെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 55 വയസ്സുകാരന് ശ്രീനിവാസന് എന്നയാളാണ് മരിച്ചത്.
ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ആത്മഹത്യയെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയതിനാണ് ശ്രീനിവാസനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇന്നലെ രാത്രിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജയില്‍ അധികൃതര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അടുത്തിടെയാണ് ശ്രീനിവാസന് പരോളിന് പോയി തിരികെയെത്തിയത്.തൂങ്ങിമരിക്കാന്‍ ഇടയായ കാരണം എന്താണെന്ന് വ്യക്തമല്ല.
ജയിലില്‍ തടവുകാര്‍ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം ഉണ്ടാകരുതെന്ന് കര്‍ശനമായ നിര്‍ദേശമുണ്ടെന്നിരിക്കെ, ഇത്തരമൊരു സംഭവം നടന്നത് എങ്ങനെയാണെന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലിസ് പറഞ്ഞു.



