Thursday, October 29, 2026
Homeഇന്ത്യരാത്രി ട്രെയിന്‍യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കുക; പുലര്‍ച്ചെ 5 മണിവരെ ചാര്‍ജിങ് പോയിന്റുകള്‍ ഓഫ് ചെയ്യും

രാത്രി ട്രെയിന്‍യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കുക; പുലര്‍ച്ചെ 5 മണിവരെ ചാര്‍ജിങ് പോയിന്റുകള്‍ ഓഫ് ചെയ്യും

ട്രെയിന്‍ യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ മറന്നോ?. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഫോണും പവര്‍ ബാങ്കും ചാര്‍ജിങ്ങിന് വെച്ചിട്ട് കിടക്കാമല്ലോ എന്നാണോ കരുതുന്നത്.?. എങ്കില്‍ അത് നടക്കില്ല.

ട്രെയിനുകളില്‍ രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെ മൊബൈല്‍ ചാര്‍ജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ബന്ധമായും നിര്‍ത്തിവയ്ക്കണമെന്ന് റെയില്‍വേ ബോര്‍ഡ് വീണ്ടും കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അടുത്തിടെ മുംബൈ ലോക്കല്‍ ട്രെയിനിനുള്ളില്‍ ഒരു യാത്രക്കാരന്റെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് കോച്ചില്‍ പുക നിറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് ഉത്തരവ്. ഈ നിയമം പുതിയതായി കൊണ്ടുവന്നതല്ല. വര്‍ഷങ്ങളായി നിലവിലുള്ള സുരക്ഷാ നിര്‍ദേശം കര്‍ശനമായി നടപ്പാക്കാനാണ് റെയില്‍വേ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്

ട്രെയിനുകളിലെ ചാര്‍ജിങ് പോയിന്റുകള്‍ രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെ ഓഫ് ചെയ്യണമെന്നാണ് റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശം. എല്ലാ സോണല്‍ റെയില്‍വേകളും ഇത് കര്‍ശനമായി പാലിക്കണം. നിശ്ചയിച്ച സമയത്ത് ചാര്‍ജിങ് പോയിന്റുകള്‍ പ്രവര്‍ത്തനരഹിതമാക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും റെയില്‍വേ നിര്‍ദേശിച്ചിട്ടുണ്ട്. നിയമം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് നിര്‍ദേശങ്ങളും പരിശീലനവും നല്‍കണം. കൂടാതെ ഉദ്യോഗസ്ഥരും സൂപ്പര്‍വൈസര്‍മാരും അപ്രതീക്ഷിത പരിശോധനകള്‍ നടത്തണമെന്നും റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

ട്രെയിനുകളിലെ രാത്രി ചാര്‍ജിങ് നിയന്ത്രണം വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ റെയില്‍വേ പരിഗണിച്ച വിഷയമാണ്. 2014 ജൂണ്‍ 19 നാണ് രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെ ചാര്‍ജിങ് പോയിന്റുകള്‍ ഓഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശം പുറപ്പെടുവിച്ചത്. ട്രെയിനുകളിലുണ്ടായ തീപിടിത്ത സംഭവങ്ങളും സുരക്ഷാ ആശങ്കകളുമാണ് ഇത്തരമൊരു നിയന്ത്രണത്തിന് പിന്നില്‍. 2021-ലും റെയില്‍വേ ഈ നിര്‍ദേശം കര്‍ശനമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകത ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ചിലയിടങ്ങളില്‍ ഇത് കൃത്യമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ വീണ്ടും നിര്‍ദേശം ശക്തമാക്കിയിരിക്കുന്നത്.

രാത്രി ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ യാത്ര തുടങ്ങുന്നതിന് മുമ്പ് മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് തുടങ്ങിയ ഉപകരണങ്ങള്‍ ആവശ്യത്തിന് ചാര്‍ജ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. പുലര്‍ച്ചെ 5 മണി വരെ ട്രെയിനിലെ ചാര്‍ജിങ് പോയിന്റുകള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഓര്‍ക്കുക.

ട്രെയിനിലെ ചാര്‍ജിങ് നിയന്ത്രണം യാത്രക്കാര്‍ക്ക് ചെറിയ അസൗകര്യം സൃഷ്ടിച്ചേക്കാം. എന്നാല്‍ തീപിടിത്തം പോലുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലെന്ന നിലയിലാണ് ഈ നടപടി. രാത്രി യാത്രയ്ക്ക് മുമ്പ് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുകയും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യുന്നത് യാത്ര കൂടുതല്‍ സുരക്ഷിതമാക്കാന്‍ സഹായിക്കും.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ