തിരുവനന്തപുരം: പി പി ദിവ്യയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടന്ന ക്രമക്കേടുകളിലാണ് അന്വേഷണം. ടെന്‍ഡര്‍ ഇല്ലാതെ കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് നിര്‍മ്മാണ കരാര്‍ നല്കി എന്ന പരാതിയിലാണ് അന്വേഷണം. കെഎസ്യു ഉപാധ്യക്ഷന്‍ മുഹമ്മദ് ഷമ്മാസാണ് ഇതുസംബന്ധിച്ച പരാതി നൽകിയത്.
17(A) പ്രകാരം അന്വേഷണത്തിനുള്ള അനുമതിയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫിനെതിരെയും അന്വേഷണമുണ്ട്. ദിവ്യയുടെ ബിനാമിയുടേതാണ് കാര്‍ട്ടണ്‍ ഇന്ത്യ കമ്പനി എന്നാണ് പരാതി. ദിവ്യയുടെയും ഭര്‍ത്താവിന്റെയും സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ചു വിജിലന്‍സ് അന്വേഷണം നടത്തുമെന്നാണ് വിവരം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പരാതിയിൽ അന്വേഷണത്തിന് അനുമതി നല്‍കിയിരുന്നില്ല
മുൻസർക്കാരിന്റെ കാലത്ത് എൽഡിഎഫ് സര്‍ക്കാരും സിപിഐഎമ്മും പി പി ദിവ്യയെ സംരക്ഷിക്കുകയായിരുന്നുവെന്ന് മുഹമ്മദ് ഷമ്മാസ് പ്രതികരിച്ചു. ഉന്നത നേതാക്കളുടെ പങ്കും ബിനാമി ഇടപാടുകളും പുറത്ത് വരുമെന്ന കാരണത്താലാണ് കേസില്‍ മുന്‍ സര്‍ക്കാര്‍ ദിവ്യയെ സംരക്ഷിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ‘നീണ്ട പോരാട്ടതിന് ഒടുവിലാണ് ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. തെളിവുകള്‍ സഹിതമാണ് കേസുമായി മുന്നോട്ട് പോയത്. പി പി ദിവ്യയുടെ ഭര്‍ത്താവിന്റെ പേരിലുള്ള ഭൂമി ഇടപാടുകളുടെ ഡോക്യുമെന്റുകള്‍ അടക്കം വാര്‍ത്താസമ്മേളനത്തില്‍ പുറത്ത് വിട്ടിരുന്നു. എനിക്കെതിരെ ദിവ്യ ഉതുവരെയും നിയമ നടപടിക്ക് പോയിട്ടില്ല. ബിജെപിയില്‍ ചേരാനുള്ള ദിവ്യയുടെ ശ്രമങ്ങള്‍ അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ ആയിരുന്നു. കണ്ണൂരില്‍ കോടിക്കണക്കിന് രൂപയുടെ കരാറുകള്‍ കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് ലഭിക്കുന്നു. കമ്പനിയുടെ ഡയറക്ടറും ദിവ്യയുടെ ഭര്‍ത്താവും നിരവധി പണമിടപാടുകളിൽ ചേര്‍ന്നിരുന്നു.
ഭൂമി ഇടപാടുമായും സ്വര്‍ണ ഇടപാടുമായും ഇവര്‍ നിരവധി പണമിടപാടുകളാണ് നടത്തിയത്. ടെന്‍ഡര്‍ ഇല്ലാതെയാണ് കരാര്‍ നല്‍കിയത്. വിജിലന്‍സ് അന്വേഷണം ഉണ്ടായില്ലെങ്കില്‍ തെളിവുകള്‍ പുറത്ത് വിടാന്‍ തയ്യാറായിരുന്നു. ഏകദേശം 25 കോടി രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്’, മുഹമ്മദ് ഷമ്മാസ് മാധ്യമങ്ങളോട് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി പി ദിവ്യ കാർട്ടൻ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ബിനാമി കമ്പനി സ്ഥാപിച്ചെന്നും, ഈ കമ്പനിക്ക് ജില്ലാ പഞ്ചായത്തിൽ നിന്നും നിർമാണ കരാറുകൾ ലഭിച്ചതിൽ അഴിമതിയുണ്ടെന്നുമായിരുന്നു പരാതി. ഈ പരാതി സംസ്ഥാന വിജിലൻസ് അന്വേഷിക്കേണ്ടെന്ന് മുൻ സർക്കാർ തീരുമാനിച്ചിരുന്നു. അഴിമതി നിരോധന വകുപ്പ് പ്രകാരം, പി പി ദിവ്യയോ അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയോ ഇടപെട്ടതിനെ തെളിവുകളില്ലെന്നാണ് എൽഡിഎഫ് സർക്കാർ പറഞ്ഞിരുന്നത്.



