മുംബൈ: നടന്‍ ടൈഗര്‍ ഷ്‌റോഫിനെ വെടിവച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ കൂടി പോലിസിന്റെ പിടിയിലായി. അക്രമികള്‍ക്ക് ആയുധങ്ങള്‍ എത്തിച്ചുനല്‍കിയവരാണ് പിടിയിലായത്. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം പത്തായി ഉയര്‍ന്നു. അറസ്റ്റിലായവര്‍ പോലിസിന്റെ കണ്ണുവെട്ടിക്കുന്നതിനായി മുംബൈയില്‍ തങ്ങളുടെ താമസസ്ഥലം പലതവണ മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്.
ഡല്‍ഹിയില്‍ നിന്ന് പിടികൂടിയ നാല് പേരെ ഇന്ന് പുലര്‍ച്ചെയോടെ മുംബൈയിലേക്ക് എത്തിച്ചു. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് പ്രതികളുടെ നീക്കങ്ങളെ കുറിച്ച് പോലിസിന് കൂടുതല്‍ വിവരങ്ങള്‍ കിട്ടി. ബോളിവുഡ് താരം സല്‍മാന്‍ ഖാനെ ലക്ഷ്യമിട്ടെത്തിയ സംഘം, പിന്നീട് സുരക്ഷ താരതമ്യേന കുറവുള്ള മറ്റ് പ്രമുഖ നടന്മാരെ ലക്ഷ്യമാക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി റണ്‍ബീര്‍ കപൂറിന്റെ ബാന്ദ്രയിലെ വീടും ഈ സംഘം നിരീക്ഷിച്ചിരുന്നതായി പോലിസ് വ്യക്തമാക്കി.
കോട്ടയില്‍ നിന്ന് പിടിയിലായ ഫൂല്‍ സിംഗ്, റൈഹാന്‍ അന്‍സാരി, റിതിക് കുമാര്‍ എന്നീ മൂന്ന് ഷൂട്ടര്‍മാരെയും മുംബൈയിലെത്തിച്ച് കോടതിയില്‍ ഹാജരാക്കി. ഇവരെ ഒക്ടോബര്‍ 31 വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികള്‍ 25000 രൂപ മുടക്കി സെക്കന്റ് ഹാന്റ് ബൈക്ക് വാങ്ങിയിരുന്നതായും റൈഹാന്‍ അന്‍സാരിയുടെ അക്കൗണ്ടിലേക്ക് 37,000 രൂപ മാറ്റിയതായും പോലിസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. ഷൂട്ടര്‍മാര്‍ ഉപയോഗിച്ച തോക്കുകള്‍ ഇനിയും കണ്ടെത്താനായിട്ടില്ല. ഇത് അന്വേഷണത്തില്‍ വെല്ലുവിളിയാണ്. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചതും തിരിച്ചടിയാണ്.



