Tuesday, October 20, 2026
Homeകേരളംപിഴവ് മറച്ചുവെച്ചിട്ട് കാര്യമില്ല, കോട്ടയത്ത് സംഭവിച്ചത് ന്യായീകരിക്കാനാകില്ല:ചികിത്സാപിഴവ് സമ്മതിച്ച് മന്ത്രി.

പിഴവ് മറച്ചുവെച്ചിട്ട് കാര്യമില്ല, കോട്ടയത്ത് സംഭവിച്ചത് ന്യായീകരിക്കാനാകില്ല:ചികിത്സാപിഴവ് സമ്മതിച്ച് മന്ത്രി.

കോട്ടയം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സാപിഴവുകൾ ഉണ്ടായിട്ടുണ്ടെന്ന് സമ്മതിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. കോട്ടയത്ത് ഉണ്ടായ സംഭവം ന്യായീകരിക്കാനാകാത്തതാണെന്നും റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചികിത്സാപിഴവുകൾ മറച്ചുവെച്ചിട്ട് കാര്യമില്ലെന്നും ഇത്തരം സംഭവങ്ങൾ ആരോഗ്യവകുപ്പിന് പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചികിത്സാപിഴവിനെത്തുടർന്ന് മരണം സംഭവിക്കുന്നത് ദുഃഖകരമാണ്. പ്രധാനമായും നാലോ അഞ്ചോ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ചിലത് സ്വാഭാവികമായി സംഭവിക്കുന്നവയാണെങ്കിലും മറ്റു ചിലത് ഗൗരവത്തോടെ കാണേണ്ടതാണെന്നും മന്ത്രി പ്രതികരിച്ചു.

കോട്ടയത്തെ സംഭവം ഗൗരവമുള്ളതാണെന്നും അതിനെ ന്യായീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും അതു പരിശോധിച്ച ശേഷം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സർക്കാർ ഗൗരവമായി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ മാസം ആദ്യം ചങ്ങനാശ്ശേരി സ്വദേശിനി ഹസീനയുടെ മരണവുമായി ബന്ധപ്പെട്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ ചികിത്സാപിഴവ് ആരോപണം ഉയർന്നിരുന്നു. ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഹസീന മരിച്ചത്. തുടർന്ന് ചികിത്സാപിഴവ് ആരോപിച്ച് കുടുംബം രംഗത്തെത്തുകയായിരുന്നു.

കണ്ണൂരിലേതിൽ നിന്ന് വ്യത്യസ്തമാണ് കോട്ടയത്തെ സംഭവമെന്നും ഇതിൽ സ്വീകരിക്കേണ്ട നടപടികൾ സർക്കാർ ഗൗരവമായി പരിഗണിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

സർക്കാർ ആശുപത്രികളിലെ ചികിത്സാപിഴവ് ആരോപണങ്ങൾ വീണ്ടും ചർച്ചയാകുന്നതിനിടെ, കോട്ടയം സംഭവത്തിൽ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന തുടർനടപടികൾ നിർണായകമാകും.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ