കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് സംഘടിപ്പിക്കുന്ന ടൂറിസ്റ്റ് ഗൈഡ് പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്തെ KITTS ആസ്ഥാനത്താണ് പരിശീലനം നടത്തുന്നത്. സ്റ്റേറ്റ് ലെവൽ ഗൈഡ്, ലോക്കൽ ലെവൽ ഗൈഡ് വിഭാഗങ്ങളിലായി ആകെ 168 സീറ്റുകളാണുള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 9 ആണ്.
സ്റ്റേറ്റ് ലെവൽ ഗൈഡ് വിഭാഗത്തിൽ ഒൻപത് ആഴ്ച നീളുന്ന പരിശീലനത്തിനായി 27 സീറ്റുകളാണുള്ളത്. യു ജി സി അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. കൂടാതെ, അംഗീകൃത സർവകലാശാലയിലോ സ്ഥാപനത്തിലോ സംഘടനയിലോ എംബസിയിലോ സാംസ്കാരിക കേന്ദ്രത്തിലോ വിദേശഭാഷയിൽ കുറഞ്ഞത് ആറുമാസത്തെ റെഗുലർ കോഴ്സ് പൂർത്തിയാക്കിയ പ്ലസ് ടു യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നിർബന്ധമാണ്. അപേക്ഷകർക്ക് 20 വയസ്സ് പൂർത്തിയായിരിക്കണം. ജി എസ് ടി ഉൾപ്പെടെ 32,745 രൂപയാണ് ഫീസ്.
ലോക്കൽ ലെവൽ ഗൈഡ് വിഭാഗത്തിൽ നാലാഴ്ചയാണ് പരിശീലന കാലാവധി. ഈ വിഭാഗത്തിൽ 141 സീറ്റുകളുണ്ട്. എസ്എസ്എൽസി, എസ് എസ് സി, സിബിഎസ്ഇ അല്ലെങ്കിൽ പത്താം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകർക്ക് 20 വയസ്സ് പൂർത്തിയായിരിക്കണം. ജി എസ് ടി ഉൾപ്പെടെ 20,355 രൂപയാണ് പരിശീലന ഫീസ്. ഈ വിഭാഗത്തിൽ അപേക്ഷിക്കുന്നവർ സ്വന്തം താമസജില്ലയിലെ ക്വാട്ടയിൽ മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. മറ്റ് ജില്ലകളിലെ ക്വാട്ടയിൽ സമർപ്പിക്കുന്ന അപേക്ഷകൾ നിരസിക്കും.
എഴുത്തുപരീക്ഷയുടെയും വ്യക്തിഗത അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. സ്മാരകങ്ങളെക്കുറിച്ചുള്ള അറിവ്, ചരിത്രം, പൊതുവിജ്ഞാനം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ എഴുത്തുപരീക്ഷയിൽ ഉൾപ്പെടും. എഴുത്തുപരീക്ഷയിൽ 50 ശതമാനമോ അതിലധികമോ മാർക്ക് നേടുന്നവരെ മാത്രമേ അഭിമുഖത്തിന് പരിഗണിക്കൂ. മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും അന്തിമ തെരഞ്ഞെടുപ്പ്.



