Monday, October 5, 2026
Homeഇന്ത്യകാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്ക്; രണ്ടാഴ്ച പിന്നിട്ടിട്ടും ഓർമ തിരിച്ചുകിട്ടാതെ 19കാരിയായ നഴ്സിങ് വിദ്യാർഥിനി, ബന്ധപ്പെട്ട...

കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്ക്; രണ്ടാഴ്ച പിന്നിട്ടിട്ടും ഓർമ തിരിച്ചുകിട്ടാതെ 19കാരിയായ നഴ്സിങ് വിദ്യാർഥിനി, ബന്ധപ്പെട്ട അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപം.

ബോവിക്കാനം : മുളിയാർ മഞ്ചക്കല്ലിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 19കാരിയായ നഴ്സിങ് വിദ്യാർഥിനി രണ്ടാഴ്ച പിന്നിട്ടിട്ടും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. ബന്തടുക്ക കരിവേടകം തങ്കത്തടുത്തെ സി.എം. ജിതിനയാണ് ഗുരുതര പരിക്കുകളോടെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്.

ജിതിനയ്ക്ക് ഇതുവരെ ഓർമ പൂർണമായി തിരിച്ചുകിട്ടിയിട്ടില്ലെന്നാണ് വിവരം. സെപ്റ്റംബർ 21ന് പുലർച്ചെ 5.30ഓടെ ബോവിക്കാനം-കാനത്തൂർ റോഡിലെ മഞ്ചക്കല്ലിൽവച്ചായിരുന്നു അപകടം.
മംഗളൂരുവിൽ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനിയായ ജിതിന, അയൽവാസിയായ പി. അമൽരാജിനൊപ്പം സ്കൂട്ടറിൽ കാസർകോട്ടേക്ക് വരുന്നതിനിടെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്.

സ്കൂട്ടറിന്റെ വെളിച്ചത്തിനിടെ കാട്ടുപോത്ത് അപ്രതീക്ഷിതമായി റോഡിലേക്ക് ചാടിയെത്തുകയും ജിതിനയെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ ജിതിനയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുകയാണ്. രഞ്ജിത്തിന്റെയും വിജയയുടെയും മകളാണ് ജിതിന.

ജിതിനയുടെ ആരോഗ്യനില മെച്ചപ്പെടുമെന്ന പ്രതീക്ഷയിലും പ്രാർഥനയിലുമാണ് കുടുംബം. അതേസമയം, സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ബന്ധപ്പെട്ട അധികൃതർ ജിതിനയെ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

ചികിത്സയ്ക്കായി ഇതിനകം ലക്ഷക്കണക്കിന് രൂപ കുടുംബത്തിന് ചെലവഴിക്കേണ്ടിവന്നതായാണ് വിവരം. ജിതിനയുടെ ചികിത്സയ്ക്ക് ആവശ്യമായ മുഴുവൻ തുകയും വനംവകുപ്പ് ഏറ്റെടുക്കണമെന്ന് കുറ്റിക്കോൽ ഗ്രാമപഞ്ചായത്തംഗം ജോസ് പാറത്തട്ടേൽ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ബന്ധപ്പെട്ട അധികൃതർക്ക് അദ്ദേഹം നിവേദനം നൽകിയിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ