തിരുവനന്തപുരം: ശബരിമല മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട് ലഭിച്ച 47 അപ്പീലുകളും നിരസിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. പത്ത് വർഷം തുടർച്ചയായി മൂന്ന് ക്ഷേത്രങ്ങളിൽ പൂജ ചെയ്തവരെയാണ് മേൽശാന്തി നിയമനത്തിനായി പരിഗണിച്ചതെന്നും മാനദണ്ഡങ്ങൾ പാലിക്കാത്ത അപേക്ഷകരെ വിജിലൻസ് പരിശോധനയിൽ ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്തിന് മുന്നോടിയായി നടക്കുന്ന മേൽശാന്തി നറുക്കെടുപ്പിലേക്ക് നേരത്തെ യോഗ്യത നേടിയ അഞ്ച് പേരെ മാത്രം പരിഗണിക്കാനാണ് ദേവസ്വം ബോർഡ് തീരുമാനം. പത്ത് വർഷം തുടർച്ചയായി ശാന്തിയായി ജോലി ചെയ്തിരിക്കണമെന്നതാണ് പ്രധാന യോഗ്യതാ മാനദണ്ഡം.
യോഗ്യത നേടിയ അഞ്ച് അപേക്ഷകർക്ക് മാത്രമായി തിങ്കളാഴ്ച രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. ഭാവിയിൽ മേൽശാന്തി നിയമനത്തിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്ന കാര്യം പരിഗണിക്കുമെന്നും കെ. ജയകുമാർ അറിയിച്ചു.
ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ശാന്തിമാർക്ക് വിജിലൻസ് പരിശോധനയിലെ ചില മാനദണ്ഡങ്ങൾ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും സ്ഥലംമാറ്റങ്ങളും പ്രതിസന്ധിയാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച് ഒക്ടോബർ എട്ടിന് ചേരുന്ന ബോർഡ് യോഗത്തിൽ തീരുമാനമുണ്ടാകുമെന്നും വ്യക്തമാക്കി.



