Wednesday, September 30, 2026
Homeകേരളംദാരിദ്ര്യരേഖയിൽ താഴെയുള്ളവർക്ക് സൗജന്യ ഹ്യദയപരിശോധന: മന്ത്രി കെ മുരളീധരൻ

ദാരിദ്ര്യരേഖയിൽ താഴെയുള്ളവർക്ക് സൗജന്യ ഹ്യദയപരിശോധന: മന്ത്രി കെ മുരളീധരൻ

ദാരിദ്യരേഖയിൽ താഴെയുള്ളവർക്ക് ഹൃദയാഘാതം നേരത്തെ തിരിച്ചറിയുന്ന പരിശോധന സൗജന്യമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിലെ എഎംസിഎച്ച്എസ്എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ലോക ഹൃദയദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഫലപ്രദമായ ഹൃദയ പരിശോധന സാധാരണക്കാർക്കും ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇസിജി യിലും മറ്റും കൃത്യമായ ഫലം കിട്ടാൻ പ്രയാസമുണ്ടായേക്കാം. ഹ്യദയാഘാതം വേഗത്തിൽ തിരിച്ചറിയുന്ന ട്രോപ്പ് ടി പരിശോധന ബിപിഎൽ വിഭാഗത്തിന് സൗജന്യമാക്കും. എല്ലാവർക്കും സംരക്ഷണം കൊടുക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്.

സ്വകാര്യ ആശുപത്രികൾ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പുകൾ പലപ്പോഴും സാധാരണക്കാർക്ക് അപ്രാപ്യമാണ്. സമൂഹത്തിന്റെ താഴെത്തട്ടിലുളളവർക്കായി മെഡിക്കൽ ക്യാമ്പ് നടത്തുന്നത് സർക്കാർ പ്രോത്സാഹിപ്പിക്കും. സമീപ പ്രദേശത്ത് മെഡിക്കൽ ക്യാമ്പ് നടന്നാൽ തീർച്ചയായും അതിൽ പങ്കെടുക്കണം. രോഗം നേരത്തെ തിരിച്ചറിയുന്നത് ഏറെ പ്രധാനമാണ്. മരുന്നുകളുടെ ലഭ്യത സർക്കാർ ഉറപ്പാക്കും. മരുന്നിന്റെ പേരിൽ കമ്മിഷൻ വാങ്ങാൻ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ആരോഗ്യമുള്ള കേരളത്തെ വാർത്തെടുക്കുകയാണ് ലക്ഷ്യം. കഴിക്കുന്ന ഭക്ഷണവും ശ്വസിക്കുന്ന വായുവും ശുദ്ധമായിരിക്കണം. നന്നായി ഭക്ഷണം കഴിക്കുന്നതിനൊപ്പം കൃത്യമായ വ്യായാമത്തിനും സമയം കണ്ടെത്തണം. ആരോഗ്യകാര്യത്തിൽ ജാഗ്രത പുലർത്തിയാൽ രോഗം തടയാനാകും. അമിത മദ്യപാനം, പുകവലി തുടങ്ങിയവ രോഗങ്ങൾ ക്ഷണിച്ചുവരുത്തും. ലഹരിക്കെതിരെ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ജനങ്ങൾ ഏറ്റെടുത്തതായും അദ്ദേഹം അറിയിച്ചു.

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ ഡോ. സഞ്ജയ് ബെഹാരി അധ്യക്ഷനായി. കേരള സംഗീത നാടക അക്കാദമി ചെയർമാൻ ജി വേണുഗോപാൽ, ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ഹൃദ്രോഗ വിഭാഗം തലവൻ ഡോ. കെ കെ നാരായണൻ നമ്പൂതിരി, മെഡിക്കൽ സൂപ്രണ്ട് ഡോ. എച്ച് വി ഈശ്വർ, നഴ്സിംഗ് സൂപ്രണ്ട് ഒ നിർമല, ഡോ. അരുൺ ഗോപാലകൃഷ്ണൻ, ഡോ. ദീപ എസ് കുമാർ, കെ കെ ശ്രീനാഥ്, വിദ്യാർഥികൾ, അധ്യാപകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ