ശ്രീനഗർ: ജമ്മു ജില്ലയിലെ കഠ്വ ജില്ലയിൽ സിഐഎസ്എഫ് യൂണിറ്റിൽ വെടിവയ്പിൽ നാല് ജവാൻമാർ കൊല്ലപ്പെട്ടു. സൈനികർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് സഹപ്രവർത്തകനായ ഹെഡ് കോൺസ്റ്റബിൾ നടത്തിയ വെടിവയ്പിലാണ് നാലുപേരും മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വെടിയുതിർത്ത ഹെഡ് കോൺസ്റ്റബിൾ അവധേഷ് കുമാർ സിങ്ങിനെ കസ്റ്റഡിയിലെടുത്തു.
ബസോളിയിലെ മഷ്‌ക ഗ്രാമത്തിലുള്ള സേവാ പവർ പ്രോജക്ടിൽ വിന്യസിച്ചിരുന്ന സിഐഎസ്എഫ് യൂണിറ്റിലാണ് ഇന്ന് വൈകിട്ട് 6.40ഓടെ സംഭവം. അസിസ്റ്റൻ്റ് കമാൻഡൻ്റ് അങ്കിത് കുമാർ പാണ്ഡെ, സബ് ഇൻസ്പെക്ടർ ലക്ഷ്മൺ സിങ്, കോൺസ്റ്റബിൾ റഫീഖ് അഹമ്മദ്, കോൺസ്റ്റബിൾ സന്ദീപ് കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്.
അവധേഷ് കുമാർ സിങ് എ.കെ.-47 തോക്ക് ഉപയോഗിച്ച് സഹപ്രവർത്തകർക്കുനേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇയാളുടെ കൈവശം 150 വെടിയുണ്ടകളുണ്ടായിരുന്നതായി സിഐഎസ്എഫ് അറിയിച്ചു. വെടിയേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.



