കൊച്ചി: മലയാളബാല്യങ്ങൾക്ക് ഉണ്ണിക്കണ്ണൻ്റെ ബാലസങ്കൽപ്പം പകർന്നുനൽകിയ മുതിർന്ന ആർഎസ്എസ് പ്രചാരകനും ബാലഗോകുലത്തിൻ്റെ സ്ഥാപക നേതാവുമായ എം.എ. കൃഷ്ണൻ (എം.എ. സാർ) അന്തരിച്ചു. 97 വയസായിരുന്നു. ചികിത്സയിലിരിക്കെ എറണാകുളം അമൃത ആശുപത്രിയിലായിരുന്നു അന്ത്യം.
ബാലികാബാലന്മാരുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച എം.എ. കൃഷ്ണൻ ബാലഗോകുലം, തപസ്യ കലാസാഹിത്യവേദി തുടങ്ങിയ സംഘടനകളുടെ സ്ഥാപകനും വഴികാട്ടിയുമായിരുന്നു. അമൃതഭാരതി, ബാലസംസ്കാരകേന്ദ്രം, ബാലസാഹിതി പ്രകാശൻ, അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം, ബാലാവകാശ സംരക്ഷണ പ്രസ്ഥാനമായ സുരക്ഷാ തുടങ്ങിയ മുന്നേറ്റങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി.
ആർഎസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ്, പ്രചാര് പ്രമുഖ്, കേസരി പത്രാധിപർ തുടങ്ങിയ ചുമതലകളും ദീർഘകാലം വഹിച്ചു. ആർഎസ്എസ് ദക്ഷിണകേരളം പ്രാന്തകാര്യാലയമായ എറണാകുളം എളമക്കര മാധവനിവാസിലായിരുന്നു അവസാനകാലം അവസാനിപ്പിച്ചത്.
1929 ജനുവരി 17ന് കൊല്ലം ജില്ലയിലെ ഐവർകാലയിലാണ് ജനനം. കരിമ്പിൻപുഴ മറവുത്തോട്ടത്തിൽ ലക്ഷ്മിയമ്മയുടെയും ഐവർകാല മംഗലത്ത് പത്മനാഭൻ്റെയും മകനാണ്. കുഴിക്കലിടവക ജി.വി.എസ്.എച്ച്.എസിൽ നിന്ന് ശാസ്ത്രപരീക്ഷയും തിരുവനന്തപുരം മഹാരാജാസ് സംസ്കൃത കോളേജിൽനിന്ന് തർക്കശാസ്ത്രത്തിൽ മഹോപാധ്യായയും പാസായി.
കോട്ടയം വാഴൂർ ഹൈസ്കൂളിൽ അധ്യാപകനായി ഒരു വർഷം ജോലി ചെയ്തശേഷം രാജിവച്ച് 1954ൽ ആർഎസ്എസ് പ്രചാരകനായി. കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ പ്രചാരകനായി പ്രവർത്തിച്ചു. 1964ൽ കേസരി പത്രാധിപരായി.
മലബാറിൽ ടിപ്പുവിൻ്റെ കടന്നാക്രമണത്തിൽ ക്ഷേത്രങ്ങളെക്കുറിച്ചും മതപരിവർത്തന ശ്രമങ്ങളെക്കുറിച്ചുമുള്ള പരമ്പരകളിലൂടെ അദ്ദേഹം ജനശ്രദ്ധ നേടി. ഭാരതപ്പുഴയുടെ സംരക്ഷണത്തിനായി ‘നിളയുടെ ഇതിഹാസം’ എന്ന വിശേഷാൽപ്പതിപ്പും പ്രസിദ്ധീകരിച്ചു.
മലയാളത്തിൻ്റെ സാംസ്കാരിക, ബാലസാഹിത്യ, സാമൂഹിക മേഖലകളിൽ പതിറ്റാണ്ടുകളോളം പ്രവർത്തിച്ച എം.എ. കൃഷ്ണൻ്റെ നിര്യാണം വലിയ നഷ്ടമാണ്.



