പത്തനംതിട്ട: പെട്രോള്‍ വാങ്ങാന്‍ കുപ്പി വേണമെന്ന വ്യാജേന വീട്ടിലെത്തി വൃദ്ധയുടെ സ്വര്‍ണമാല കവര്‍ന്നു. 70 കാരിയായ ഏലിയാമ്മയുടെ രണ്ട് പവന് തൂക്കം വരുന്ന മാലയാണ് പ്രതി കവര്‍ന്നത്. മല്ലപ്പള്ളി വായ്പൂര് സ്വദേശി 43കാരന് യൂനിസിനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കീഴ്വായ്പൂര് സ്റ്റോര്‍ മുക്കിലാണ് സംഭവം നടന്നത്.
പെട്രോള്‍ വാങ്ങാനായി കുപ്പി നല്‍കിയശേഷം തിരികെ നടന്ന ഏലിയാമ്മയുടെ പുറകെയെത്തിയ പ്രതി മുഖത്ത് മുളകുപൊടി വിതറി മാല പൊട്ടിക്കുകയായിരുന്നു. മോഷണ ശേഷം പ്രതി ബാര്‍ബര്‍ ഷോപ്പില്‍ കയറി. പ്രതിയുടെ സിസിടിവി ദൃശ്യം പൊലീസ് ശേഖരിച്ചിരുന്നു. പിന്നാലെയാണ് മാല മോഷ്ടാവിനെ കീഴ്വായ്പൂര് പൊലീസ് പിടികൂടിയത്. നാല് ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത തീര്‍ക്കുന്നതിന് വേണ്ടിയാണ് മോഷണം നടത്തിയതെന്നാണ് പ്രതി പൊലീസില്‍ മൊഴി നല്‍കിയത്.



