ആലപ്പുഴ: ഫിറ്റ്നസ് നഷ്ടപ്പെട്ടതോടെ പ്രതിസന്ധിയിലായ ആലപ്പുഴ കറ്റാനം സെന്റ് സ്ഫീൻസ് എൽപി സ്കൂളിൽ തിങ്കളാഴ്ച ക്ളാസുകൾ തുടങ്ങാൻ നിർദേശം. താൽകാലിക ക്ലാസ് മുറി സജജ്ജമാക്കാൻ ഭരണിക്കാവ് പഞ്ചായത്താണ് നിർദേശം നൽകിയത്. വിദ്യാഭ്യാസ വകുപ്പ് ഇടപെടാത്ത സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ ഇടപെടൽ. ഇന്നലെ ചേർന്ന യോഗത്തിൽ മാനേജ്മെന്റ് അനുകൂല മറുപടി നൽകിയില്ല. സ്കൂളിന്റെ ഒരു കെട്ടിടത്തിന്റെ ഫിറ്റ്നസ് ഡിസംബർ 31 വരെയാണ് ഉള്ളത്. ഇത് മാർച്ച് വരെ നീട്ടാനുള്ള ഇടപെടലുകൾ നടത്തുമെന്നാണ് പഞ്ചായത്ത് അറിയിച്ചിരിക്കുന്നത്.
പ്രശ്ന പരിഹാരത്തിന് ഇടപെടണമെന്ന് മന്ത്രി എം ലിജു വകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. നാളെ മന്ത്രി എം ലിജു ജില്ലയിലെത്തുന്നുണ്ട്. 41 കുട്ടികളുടെ പഠനം 23 ദിവസമായി മുടങ്ങിയിരിക്കുകയാണ്. മാനേജ്മെന്റ് അനാസ്ഥയെ തുടർന്ന് ആലപ്പുഴ കറ്റാനം സെന്റ് സ്റ്റീഫൻസ് ഐഡഡ് സ്കൂളിൽ അധ്യയനം നിലച്ചത്. 1916 മുതൽ കറ്റാനത്ത് പ്രവർത്തിക്കുന്ന സെന്റ് സ്റ്റീഫൻസ് എൽപി സ്കൂൾ 2009 ലാണ് ഓർത്തഡോക്സ് വലിയ പള്ളി മാനേജ്മെന്റ് വാങ്ങുന്നത്. ആദ്യകാലങ്ങളിൽ നന്നായി പ്രവർത്തിച്ചെങ്കിലും പതിയെ സ്കൂളിൻ്റെ പ്രവർത്തനങ്ങൾ മന്ദഗതിയിലായി.
കഴിഞ്ഞ ജൂൺ 30ന് കാലപ്പഴക്കത്തിൽ ബലക്ഷയം സംഭവിച്ച ഒരു കെട്ടിടത്തിന്റെ ഫിറ്റ്നസും നഷ്ടമായി. ഇത് പുതുക്കാൻ മാനേജ്മെന്റ് തയ്യാറായില്ല. ഇതോടെ 1,3 ക്ലാസുകൾ അടച്ചു പൂട്ടി. അധ്യാപകരുടെ ജോലി പോയി. കെട്ടിടം പണിയാനോ, കുട്ടികൾക്ക് ബദൽ ക്ലാസുകൾ ഒരുക്കാനോ മാനേജ്മെന്റിന് താത്പര്യമില്ല. 41 കുട്ടികളുടെ ഭാവി വെള്ളത്തിലായി. സ്കൂളിന്റെ പ്രവർത്തനം വിപുലീകരിക്കാനായി നിയമപ്രശ്നങ്ങൾ പറഞ്ഞ് സെന്റ് സ്റ്റീഫൻസ് എൽപി സ്കൂൾ അടച്ചു പൂട്ടാനാണ് മാനേജ്മെന്റ് ശ്രമമെന്നാണ് രക്ഷിതാക്കളുടെ ആരോപണം. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തിരുന്നു.



