ന്യൂഡൽഹി: ഇന്റർനെറ്റ് ഡാറ്റ ഉപയോഗിക്കാത്ത മൊബൈൽ ഉപഭോക്താക്കൾക്ക് വോയ്സ് കോളുകളും എസ്എംഎസും മാത്രം ഉൾപ്പെടുന്ന കുറഞ്ഞ നിരക്കിലുള്ള റീചാർജ് പ്ലാനുകൾ ലഭ്യമാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുതിയ ചട്ടങ്ങൾ പുറത്തിറക്കി.
പുതിയ ചട്ടങ്ങൾ പ്രകാരം ടെലികോം സേവനദാതാക്കൾ ഡാറ്റ ഉൾപ്പെടുന്ന സമാന പ്ലാനുകളുടെ വാലിഡിറ്റിക്ക് അനുയോജ്യമായ വോയ്സ്–എസ്എംഎസ് മാത്രം ഉൾപ്പെടുന്ന സ്പെഷ്യൽ ടാരിഫ് വൗച്ചറുകളും ലഭ്യമാക്കണം. കൂടാതെ, എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്ന കുറഞ്ഞത് ഒരു പ്ലാനും ദീർഘകാല വാലിഡിറ്റിയുള്ള വോയ്സ്–എസ്എംഎസ് പ്ലാനും ഉണ്ടായിരിക്കണം.
ഡാറ്റ സേവനം ഒഴിവാക്കുന്നതിനനുസരിച്ച് ഇത്തരം പ്ലാനുകളിൽ അനുയോജ്യമായ നിരക്കിളവും ഉണ്ടായിരിക്കണമെന്ന് ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നു.
2026 ഏപ്രിൽ 7ന് കരട് ഭേദഗതിയിൽ പൊതുജനാഭിപ്രായം തേടുകയും 1,132 പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു. ജൂൺ 15ന് ഓപ്പൺ ഹൗസ് ചർച്ചയും നടത്തിയ ശേഷമാണ് ചട്ടങ്ങൾ അന്തിമമാക്കിയത്.
കുറഞ്ഞ വരുമാനമുള്ളവർക്കും ഡാറ്റ ഉപയോഗിക്കാത്ത ഉപഭോക്താക്കൾക്കും തങ്ങളുടെ ആവശ്യത്തിനും സാമ്പത്തിക ശേഷിക്കും അനുസരിച്ച് റീചാർജ് തിരഞ്ഞെടുക്കാൻ പുതിയ സംവിധാനം കൂടുതൽ അവസരം നൽകുമെന്നാണ് ട്രായിയുടെ വിലയിരുത്തൽ.
കൊടിക്കുന്നിൽ സുരേഷ് എംപി പാർലമെന്റിൽ ഉന്നയിച്ച വിഷയവും ഈ നടപടിയുമായി ബന്ധപ്പെട്ടതാണ്. 2026 മാർച്ച് 11ന് ലോക്സഭയിൽ വിഷയം ഉന്നയിച്ച എംപി, ഇന്റർനെറ്റ് ഉപയോഗിക്കാത്ത മുതിർന്ന പൗരന്മാർക്കും സാധാരണ ഉപയോക്താക്കൾക്കും അടിസ്ഥാന ഫോണുകൾ ഉപയോഗിക്കുന്നവർക്കും ഡാറ്റ ഉൾപ്പെടുത്തിയ പ്ലാനുകൾ വാങ്ങേണ്ടിവരുന്നത് അനാവശ്യ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു.
ഡാറ്റ ആവശ്യമില്ലാത്തവർക്ക് ഉപയോഗിക്കുന്ന സേവനങ്ങൾക്ക് മാത്രം പണം നൽകാൻ കഴിയുന്ന തരത്തിൽ കുറഞ്ഞ നിരക്കിലുള്ള വോയ്സ്–എസ്എംഎസ് പ്ലാനുകൾ ഉറപ്പാക്കണമെന്നായിരുന്നു ആവശ്യം.
ടെലികോം ഉപഭോക്തൃ സംരക്ഷണ (പതിമൂന്നാം ഭേദഗതി) റെഗുലേഷൻസ് 2026 പുറത്തിറങ്ങിയതോടെ ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്ക് കൂടുതൽ അനുയോജ്യമായ റീചാർജ് ഓപ്ഷനുകൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



