തെന്നിന്ത്യൻ ചലച്ചിത്ര താരം സിൽക്ക് സ്മിത ഓർമ്മയായിട്ട് ഇന്നേയ്ക്ക് 30 വർഷം. എണ്‍പതുകളുടെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ വേഷമിട്ട നായികനടി സ്മിതയായിരുന്നു. അഭിനയശേഷി ഉണ്ടായിട്ടും മാദകനടിയായി ഒതുങ്ങേണ്ടി വന്നു സിൽക്ക് സ്മിതയ്ക്ക്
വശ്യസുന്ദരമായ നയനങ്ങളും മോഹിപ്പിക്കുന്ന ഭാവവുമായി പ്രേക്ഷകഹൃദയം കവർന്ന താരമായിരുന്നു സിൽക്ക് സ്മിത. മേക്കപ്പ് സഹായിയായും ജൂനിയർ ആർട്ടിസ്റ്റായും സിനിമകളിലെത്തിയ വിജയലക്ഷ്മി എന്ന ആന്ധ്രാക്കാരി ആൻ്റണി ഈസ്റ്റ്മാൻ്റെ ‘ഇണയെത്തേടി’ എന്ന ചിത്രത്തിലാണ് സ്മിതയെന്ന പേരിൽ അവതരിക്കുന്നത്. ‘വണ്ടിച്ചക്രം’ എന്ന തമിഴ് സിനിമയിൽ സിൽക്ക് എന്ന കഥാപാത്രം അവതരിപ്പിച്ചതോടെ സിൽക്ക് സ്മിതയായി മാറി.
സിനിമയുടെ വിജയം ഉറപ്പാക്കുന്ന ഫോർമുലയിലേക്ക് സിൽക്ക് സ്മിതയെ വിളക്കിച്ചേർക്കാൻ അക്കാലത്ത് സിനിമാക്കാർ മത്സരിച്ചു. നായികയേക്കാൾ പ്രതിഫലം പറ്റുന്ന നർത്തകിയായി അവർ മാറി. ഒരേസമയം മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലെല്ലാം വിപണിമൂല്യമുള്ള താരമായി സിൽക്ക് സ്മിത ഉയർന്നു.
പതിനെട്ട് വർഷം നീണ്ട അഭിനയജീവിതത്തിൽ ഗ്ലാമർ റോളുകൾക്കപ്പുറം സ്മിതയുടെ അഭിനയ മികവ് പ്രയോജനപ്പെടുത്തിയ സിനിമകളുണ്ടായി. അഥർവത്തിലെ പൊന്നിയും സ്ഫടികത്തിലെ ലൈലയുമെല്ലാം ആ കൂട്ടത്തിൽപ്പെട്ടവയാണ്. അഭ്രപാളിയിലെ സുന്ദരിയുടെ ജീവിതം വിഷാദഭരിതമായിരുന്നുവെന്ന് അറിഞ്ഞത് ജീവിതത്തിൻ്റെ അവസാന ടേക്കിന് ആത്മഹത്യയിലൂടെ കട്ട് പറഞ്ഞപ്പോഴായിരുന്നു.
1996 സെപ്തംബർ 23-ന് രാത്രിയിൽ, 36-ാം വയസ്സിൽ സ്മിത വാങ്ങിയപ്പോൾ മാത്രമാണ് സ്മിതയുടെ വ്യഥകളെപ്പറ്റി ലോകം അറിഞ്ഞത്. സിനിമയുടെ വെള്ളിവെളിച്ചത്തിൽ പൊന്നിയെ പോലെയും ലൈലയെ പോലെയും മറ്റൊരു അസ്തിത്വം അവർ കൊതിച്ചിട്ടുണ്ടാകില്ലേ…



