ഇടുക്കി ഹൈറേഞ്ച് മേഖലയിൽ ഏലം കർഷകരുടെ ഉറക്കം കെടുത്തി വ്യാപക മോഷണം. വിപണിയിൽ വില കൂടിയതോടെ മോഷണം പതിവായിരിക്കുകയാണ്. രാജകുമാരി സ്വദേശി ബേസിലിൻ്റെ തോട്ടത്തിൽ നിന്ന് നൂറ് കിലോയോളം ഏലക്കയാണ് കവർന്നത്.
ഏലത്തിന് വിപണിയിൽ നല്ല വില ലഭിച്ചതോടെ തോട്ടങ്ങളിൽ മോഷണം വ്യാപകമാകുകയാണ്. കൃഷിയിടത്തിൽ എത്തിയപ്പോഴാണ് ഏലക്ക പറിച്ചു കടത്തിക്കൊണ്ടുപോയ വിവരം ബേസിൽ അറിയുന്നത്.
തോണ്ടിമല, രാജകുമാരി മേഖലകളിൽ തോട്ടങ്ങളിൽ കയറി ഏലത്തിൻ്റെ ശരങ്ങളിൽ നിന്ന് മുറിച്ചുകൊണ്ടാണ് കവർച്ച സംഘം മടങ്ങുന്നത്. ജനവാസ മേഖലകളിൽ നിന്നും ദൂരെയായി സ്ഥിതി ചെയ്യുന്ന തോട്ടങ്ങളിൽ ആളില്ലാത്ത സമയം നോക്കിയാണ് കവർച്ച.
കഠിനാധ്വാനം ചെയ്തും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുമാണ് ഓരോ കർഷകനും വിളവെടുപ്പ് വരെ കൃഷിയിടം പരിപാലിക്കുന്നത്. ബാങ്ക് ലോണുകളും കടങ്ങളും എടുത്ത് വളവും കീടനാശിനികളും വാങ്ങി കൃഷി ചെയ്ത കർഷകരുടെ വിളവെടുപ്പിന് തൊട്ടുമുമ്പ് മോഷണം സംഭവിക്കുന്നത് വലിയ സാമ്പത്തിക തിരിച്ചടിയാണ്.



