Monday, September 21, 2026
Homeകേരളംമഴക്കെടുതിയിൽ കേരളം; മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും മരണം ഒൻപതായി, ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്.

മഴക്കെടുതിയിൽ കേരളം; മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും മരണം ഒൻപതായി, ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം ഒൻപതായി. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട്.

പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.പൂക്കോട്ടുംപാടം ടി.കെ. കോളനി കോട്ടപ്പുഴയിലുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. അപകടത്തിൽപ്പെട്ട് ഒഴുക്കിൽപ്പെട്ടവരിൽ അഞ്ചുപേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്.

കോട്ടക്കൽ എടരിക്കോട് സ്വദേശി മങ്ങാടൻ അനസ് യാസീൻ, തിരൂർ സ്വദേശി മുഹമ്മദ് കുട്ടി, വണ്ടൂർ സ്വദേശി കുപ്പനത്ത് സജ്ജാദ് എന്നിവരാണ് മരിച്ച മൂന്നുപേർ. കണ്ടെടുത്ത മറ്റ് രണ്ട് മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയാനുള്ള നടപടികൾ പോലീസും അധികൃതരും തുടരുകയാണ്.അപകടത്തിൽപ്പെട്ട ഒരാൾക്കായി പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ഫയർഫോഴ്സ്, പോലീസ്, സന്നദ്ധ പ്രവർത്തകർ, നാട്ടുകാർ എന്നിവർ സംയുക്തമായാണ് പുഴയിലും അനുബന്ധ പ്രദേശങ്ങളിലും രക്ഷാപ്രവർത്തനം നടത്തുന്നത്. ഒഴുക്കിൽപ്പെട്ട മൂന്ന് പേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ഉളർവട്ടം കടവിലും ചോക്കാട്-അമരമ്പലം പഞ്ചായത്തുകളുടെ അതിർത്തിയിലെ പൂക്കോട്ടുംപാടം ടി.കെ. കോളനി പുഴയിലുമാണ് മലവെള്ളപ്പാച്ചിലുണ്ടായത്. പ്രദേശത്ത് മഴയില്ലാതിരുന്ന സമയത്താണ് പുഴയിലെ ജലനിരപ്പ് പെട്ടെന്ന് ഉയർന്നത്.വനമേഖലയിൽ ശക്തമായ മഴ പെയ്തതാണ് പുഴയിലെ ഒഴുക്ക് വർധിക്കാൻ കാരണമെന്നാണ് വിവരം. പാറക്കെട്ടുകൾ നിറഞ്ഞ പുഴയിൽ അപകടസാധ്യത കൂടുതലുള്ള മേഖലയാണിത്. സോഷ്യൽ മീഡിയയിലെ ദൃശ്യങ്ങൾ കണ്ട് നിരവധി വിനോദസഞ്ചാരികൾ ഇവിടേക്ക് എത്താറുണ്ട്.

വീണ്ടും മലവെള്ളപ്പാച്ചിലുണ്ടാകാനുള്ള സാധ്യതയുണ്ട്. മന്ത്രി എ.പി. അനിൽകുമാർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.കോട്ടയം ഈരാറ്റുപേട്ടയിൽ സ്കൂട്ടറിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് യുവതി മരിച്ചു. ഈരാറ്റുപേട്ട-വാഗമൺ റോഡിൽ തീക്കോയ്ക്ക് സമീപം വേലത്തുശ്ശേരിയിലാണ് അപകടം. ചെന്നൈ ജവഹർ നഗർ സ്വദേശിനി സംഗീതയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു യുവതിക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൂഞ്ഞാർ തെക്കേക്കര പെരിങ്ങുളം ഉറവപ്ലാവിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് 80കാരൻ മരിച്ചു. ജോസഫാണ് മരിച്ചത്. അപകടസമയത്ത് മൂന്ന് പേരാണ് വീട്ടിലുണ്ടായിരുന്നത്.
രണ്ടുപേരെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് സുരക്ഷിതമായി പുറത്തെടുത്തു. മണ്ണിനടിയിൽ കുടുങ്ങിയ ജോസഫിനെ കണ്ടെത്താൻ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇടുക്കി വട്ടവട കൊട്ടക്കാമ്പൂരിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. ബാലകൃഷ്ണനും സഹോദരി ചിന്നുവുമാണ് മരിച്ചത്. ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മന് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടം. ശീതകാല പച്ചക്കറി കൃഷി ചെയ്യുന്ന തട്ടുതട്ടായ കൃഷിയിടത്തിലെ ഷെഡിൽ ഇരിക്കുമ്പോൾ ഇവരുടെ മുകളിലേക്ക് മണ്ണിടിഞ്ഞുവീഴുകയായിരുന്നു. ഒറ്റപ്പെട്ട പ്രദേശമായതിനാൽ നാട്ടുകാർ ഏറെ പ്രയാസപ്പെട്ടാണ് മൃതദേഹങ്ങളും പരിക്കേറ്റ മാരിയമ്മനെയും പുറത്തെടുത്തത്.

കഴിഞ്ഞ മൂന്ന് ദിവസമായി പ്രദേശത്ത് ശക്തമായ മഴയാണ്. കനത്ത മഴയെ തുടർന്ന് കൊട്ടക്കാമ്പൂർ-തട്ടാമ്പാറ റോഡിലെ പാലവും ഒലിച്ചുപോയി. പാലം പൂർണമായി തകർന്നതോടെ പ്രദേശത്തെ മുപ്പതോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. മേഖല സന്ദർശിക്കാനെത്തിയ നൂറോളം വിനോദസഞ്ചാരികളും പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്.മഴയും മണ്ണിടിച്ചിൽ സാധ്യതയും കണക്കിലെടുത്ത് ഇടുക്കി ജില്ലയിൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള വിനോദസഞ്ചാരത്തിന് പൂർണ നിരോധനം ഏർപ്പെടുത്തി. ജലവിനോദങ്ങൾക്കും സാഹസിക വിനോദസഞ്ചാര പ്രവർത്തനങ്ങൾക്കും കർശന വിലക്കുണ്ട്.

മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് പഴയ മൂന്നാറിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്. പഴയ മൂന്നാറിൽ നിന്ന് എത്തുന്ന വാഹനങ്ങൾ സി.എസ്.ഐ പള്ളിക്ക് സമീപത്തുനിന്ന് ഗ്യാപ് റോഡിലേക്ക് പ്രവേശിച്ച് പൊലീസ് സ്റ്റേഷന് സമീപത്തെ പാലം കടന്നാണ് മൂന്നാർ ടൗണിലെത്തേണ്ടത്.മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.ശക്തമായ മഴ തുടരുന്നതിനാൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ