Saturday, September 12, 2026
Homeകേരളംവയോജനസൗഹൃദ ഓഫീസുകൾക്ക് സർട്ടിഫിക്കേഷൻ; രാജ്യത്ത് ആദ്യം കേരളത്തിൽ

വയോജനസൗഹൃദ ഓഫീസുകൾക്ക് സർട്ടിഫിക്കേഷൻ; രാജ്യത്ത് ആദ്യം കേരളത്തിൽ

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളെ വയോജന സൗഹൃദമാക്കുന്നതിനായി വയോജന ക്ഷേമ വകുപ്പ് നടപ്പാക്കുന്ന വയോജന സൗഹൃദ ഓഫീസ് സർട്ടിഫിക്കേഷൻ (Elder Friendly Office Certification-EFOC) പദ്ധതിക്ക് തുടക്കമാകുന്നു. രാജ്യത്ത് ആദ്യമായാണ് സർക്കാർ ഓഫീസുകൾക്കായി ഇത്തരമൊരു സമഗ്ര സർട്ടിഫിക്കേഷൻ സംവിധാനം നടപ്പാക്കുന്നത്. വില്ലേജ്, താലൂക്ക് ഓഫീസുകൾ മുതൽ ആശുപത്രികൾ, ബാങ്കുകൾ, ഗതാഗത കൗണ്ടറുകൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും പദ്ധതി ഘട്ടംഘട്ടമായി വ്യാപിപ്പിക്കും.

പൊതുവായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഓഫീസുകളിൽ പരിശോധന നടത്തി ഗോൾഡ്, സിൽവർ, ബ്രോൺസ് വിഭാഗങ്ങളിലായി സർട്ടിഫിക്കറ്റുകൾ നൽകും. നിശ്ചിത കാലയളവിന് ശേഷം സർട്ടിഫിക്കേഷൻ പുതുക്കണം. സർട്ടിഫിക്കറ്റ് നേടിയ ഓഫീസുകളിൽ മുന്നറിയിപ്പില്ലാതെയും പരിശോധന നടത്തും.

രാജ്യത്ത് ഏറ്റവുമധികം മുതിർന്ന പൗരന്മാരുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ വരും വർഷങ്ങളിൽ വയോജന ജനസംഖ്യ ഇനിയും വർധിക്കുമെന്നാണ് കണക്ക്. സർക്കാർ ഓഫീസുകളിലെത്തുന്ന മുതിർന്ന പൗരന്മാർ നേരിടുന്ന നീണ്ട ക്യൂ, പ്രവേശനത്തിന് പടികൾ മാത്രമുള്ള സംവിധാനം, ചെറിയ അക്ഷരത്തിലുള്ള ഫോമുകൾ, ഗോവണികയറി എത്തേണ്ട കൗണ്ടറുകൾ തുടങ്ങിയ പ്രായോഗിക ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുകയാണ് പദ്ധതിയുടെ ലക്ഷ്യം.

അഞ്ച് മേഖലകളിലായാണ് ഓഫീസുകളെ വിലയിരുത്തുക. കെട്ടിടത്തിന്റെ പ്രവേശനക്ഷമതയ്ക്ക് 30 ശതമാനം, സേവനരീതിക്ക് 25 ശതമാനം, ജീവനക്കാരുടെ പരിശീലനത്തിനും പെരുമാറ്റത്തിനും 20 ശതമാനം, വിവരവിനിമയത്തിന് 15 ശതമാനം, പങ്കാളിത്തത്തിന് 10 ശതമാനം എന്നിങ്ങനെയാണ് സ്‌കോർ നിശ്ചയിക്കുക. പടികളില്ലാത്ത പ്രവേശനം, താഴത്തെ നിലയിൽ ശൗചാലയം, മുതിർന്നവർക്ക് മുൻഗണനാ ക്യൂ, മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങൾക്കായി പ്രത്യേകം ചുമതലയുള്ള ഉദ്യോഗസ്ഥൻ തുടങ്ങിയവ നിർബന്ധിത മാനദണ്ഡങ്ങളായിരിക്കും. ഇവയിലേതെങ്കിലും ഇല്ലെങ്കിൽ മൊത്തം സ്‌കോർ എത്രയായാലും സർട്ടിഫിക്കേഷന് അർഹതയുണ്ടാകില്ല.

85 ശതമാനത്തിന് മുകളിൽ ആകെ സ്‌കോറും ഓരോ മേഖലയിലും കുറഞ്ഞത് 60 ശതമാനം സ്‌കോറും നേടുന്ന ഓഫീസുകൾക്ക് അഞ്ചു വർഷത്തേക്ക് ഗോൾഡ് സർട്ടിഫിക്കറ്റ് ലഭിക്കും. 70 മുതൽ 84 ശതമാനം വരെ സ്‌കോർ നേടുന്നവർക്ക് അഞ്ചു വർഷത്തേക്ക് സിൽവർ സർട്ടിഫിക്കറ്റും 60 മുതൽ 69 ശതമാനം വരെ സ്‌കോർ നേടുന്നവർക്ക് താൽക്കാലിക ബ്രോൺസ് സർട്ടിഫിക്കറ്റും നൽകും. ബ്രോൺസ് സർട്ടിഫിക്കറ്റിന് രണ്ടു വർഷമാണ് കാലാവധി. തുടർന്ന് പുനഃപരിശോധന നടത്തിയ ശേഷമേ ഇത് സ്ഥിരപ്പെടുത്തൂ. സർട്ടിഫിക്കറ്റുള്ള ഓഫീസുകളിൽ പത്തു ശതമാനത്തിലും ഓരോ വർഷവും അപ്രതീക്ഷിത പരിശോധന നടത്തും.

ഓഫീസ് സന്ദർശിച്ച് സ്‌കോർ നിശ്ചയിക്കുന്നത് ബന്ധപ്പെട്ട ഓഫീസുമായി യാതൊരു ബന്ധവുമില്ലാത്ത എംപാനൽ ചെയ്ത സ്വതന്ത്ര ഏജൻസികളാണ്. വയോജന വകുപ്പിനു കീഴിലെ നോഡൽ സെല്ലാണ് രജിസ്ട്രി കൈകാര്യം ചെയ്യുക.

മാനദണ്ഡങ്ങൾക്ക് അംഗീകാരം നൽകുന്നതും ഗോൾഡ് പുരസ്‌കാരങ്ങൾ തീരുമാനിക്കുന്നതും സംസ്ഥാനതല സ്റ്റിയറിംഗ് കമ്മിറ്റിയാണ്.
യുഎഇയിലെ ഷാർജയിലെ വയോജനസൗഹൃദ മാതൃക, ലോകാരോഗ്യ സംഘടനയുടെ ഏജ്-ഫ്രണ്ട്‌ലി സിറ്റീസ് ശൃംഖല, അമേരിക്കയിലെ സർട്ടിഫൈഡ് ഏജ്-ഫ്രണ്ട്‌ലി എംപ്ലോയർ പദ്ധതി എന്നിവയാണ് വയോജന സൗഹൃദ ഓഫീസ് സർട്ടിഫിക്കേഷന് മാതൃകയാക്കുന്നത്.

2021-ലെ ഭിന്നശേഷി അവകാശ നിയമപ്രകാരം പുറപ്പെടുവിച്ച ദേശീയ മാർഗരേഖ അനുസരിച്ചാണ് റാംപ്, സൈൻ ബോർഡ്, ശൗചാലയം തുടങ്ങിയവയുടെ സാങ്കേതിക മാനദണ്ഡങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ മാനദണ്ഡങ്ങൾ അന്തിമമാക്കി സർക്കാർ ഉത്തരവിറക്കുകയും ഏജൻസികളെ എംപാനൽ ചെയ്യുകയും ചെയ്യും. തുടർന്നുള്ള ആറു മാസത്തിനുള്ളിൽ ഓരോ ജില്ലയിലും ഒരു ഓഫീസ് വീതം ആകെ 14 എണ്ണം പൈലറ്റായി തിരഞ്ഞെടുക്കും.

രണ്ടാം വർഷം വില്ലേജ്, താലൂക്ക്, കളക്ടറേറ്റ് ഓഫീസുകൾ, ട്രഷറികൾ, ആർ.ടി.ഒകൾ, സർക്കാർ ആശുപത്രികൾ എന്നിവയിലൂടെ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും. മൂന്നാം വർഷം മുതൽ മറ്റ് ഓഫീസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പണമടച്ച് സ്വമേധയാ പദ്ധതിയിൽ ചേരാൻ താൽപര്യമുള്ള സ്വകാര്യ ആശുപത്രികൾ, നഴ്‌സിങ് ഹോമുകൾ, ഫാർമസികൾ തുടങ്ങിയ സ്ഥാപനങ്ങൾക്കും സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനുള്ള അവസരമുണ്ടാകും.

സർട്ടിഫിക്കറ്റ് ലഭിക്കുന്ന ഓഫീസുകൾക്ക് ഫലകവും ക്യുആർ കോഡുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റും ലഭിക്കും. ഇവയുടെ പേര് പൊതു രജിസ്ട്രിയിൽ ഉൾപ്പെടുത്തും. ഗോൾഡ് സർട്ടിഫിക്കറ്റ് നേടുന്ന ഓഫീസുകൾക്ക് സിൽവർ ഇക്കോണമി പദ്ധതിയുടെ ഭാഗമായുള്ള പദ്ധതികളിൽ മുൻഗണനയും ലഭിക്കും. ഏജൻസികളുടെ എംപാനൽമെന്റ് പൂർത്തിയാകുന്നതോടെ ഈ സാമ്പത്തിക വർഷം തന്നെ പൈലറ്റ് ഘട്ടം തുടങ്ങും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ