കൂടുതൽ ആളുകളും ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ആപ്പാണ് വാട്സ്ആപ്പ്. ഇടയ്ക്കിടെ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഇവർ നമ്മളെ ഞെട്ടിക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ മറ്റൊരു ഫീച്ചറുമായി എത്തുകയാണഅ അവർ. ബില്‍ പേയ്മെന്റ്സ് എന്ന ഫീച്ചറാണ് ആപ്പ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.
വിവിധ ഗാര്‍ഹിക ബില്ലുകള്‍ ഇനി വാട്സ്ആപ്പിലൂടെ പേയ്മെന്റ് ചെയ്യാൻ കഴിയും. ഭാരത് കണക്ട് എന്ന ബില്‍ പേയ്മെന്റ് സംവിധാനത്തിന്റെ പിന്തുണയോടെ ആണ് ഇത് പ്രവർത്തിക്കുന്നത്. പുതിയ സേവനം ഇന്ത്യയില്‍ ഘട്ടംഘട്ടമായാണ് ലഭ്യമാവുക.
വൈദ്യുതി, ഗ്യാസ്, വെള്ളം, ഫാസ്റ്റാഗ്, ഇന്‍ഷുറന്‍സ്, ക്രെഡിറ്റ് കാര്‍ഡ്, വായ്പ തിരിച്ചടവ് തുടങ്ങി 30 വിഭാഗങ്ങളിലായി 22,722 ബില്ലര്‍മാരുടെ സേവനം ആയിരിക്കും വാട്സ്ആപ്പില്‍ ലഭ്യമാവുക. വരും ആഴ്ചകളില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
വാട്സ്ആപ്പിന്റെ ഹോം സ്ക്രീനില്‍ മുകളില്‍ രൂപ ചിഹ്നത്തില്‍ ടാപ്പ് ചെയ്യുക. തുടര്‍ന്ന് ആവശ്യമായ ബില്‍ വിഭാഗവും ബില്ലറും തെരഞ്ഞെടുക്കാം. അക്കൗണ്ട് വിവരങ്ങള്‍ നല്‍കുക. വാട്സ്ആപ്പ് ബില്‍ തുക ലഭ്യമാക്കും. തുക പരിശോധിച്ച ശേഷം പേയ്മെന്റ് നടത്താം. യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണമടയ്ക്കാനുള്ള സൗകര്യവും ഇതിൽ കാണാം.
വീട്ടിലെ വിവിധ ബില്ലുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനായി ഹൗസ്ഹോള്‍ഡ് ബില്‍സ് സമ്മറിയും ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. നേരത്തെ പണമടച്ചിട്ടുള്ള ബില്ലര്‍മാരെ പേയ്മെന്റ്സ് ഹോം സ്ക്രീനില്‍ കാണാൻ സാധിക്കും. അതുവഴി വീണ്ടും ബില്‍ പേയ്മെന്റിലേക്ക് എത്താം. ഒരേ ബില്ലറിന് കീഴില്‍ ഒന്നിലധികം അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാനും സാധിക്കും. ഇന്ന് എല്ലാ ബില്ലുകളും ഓൺലൈനായി ആണ് ആളുകൾ അടയ്ക്കുന്നത്. അതുകൊണ്ട് വിവിധ ബില്ലുകള്‍ അടയ്ക്കുന്നതിനായി മറ്റൊരു ആപ്പിലേക്ക് മാറേണ്ട സാഹചര്യം കൂടി ഒഴിവാക്കുകയാണ് പുതിയ ഫീച്ചർ കൊണ്ട് വാട്സ്ആപ്പ് ഉദ്ദേശമിടുന്നത്.



