ന്യൂഡല്‍ഹി: ഐതിഹാസിക സമരവിജയങ്ങളുടെ നെറുകില്‍ നില്ക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടിയില്‍ ആദ്യ പിളര്‍പ്പ്. പാര്‍ട്ടിയുടെ മുന്‍ വോളണ്ടിയറായ മനീഷ് ബ്രഹ്മഭട്ടിന്റെ നേതൃത്വത്തിലാണ് വിമത നീക്കം ഉണ്ടായിരിക്കുന്നത്. സംഘടനയില്‍ നിന്ന് വിട്ടുപോയ മനീഷ് കോക്രോച് ജനതാ പാര്‍ട്ടി ഡെമോക്രാറ്റിക് (സിജെപി ഡി) എന്ന പേരില്‍ പുതിയ പ്ലാറ്റ്ഫോം രൂപീകരിച്ചു. അഭിജീത്ത് ദീപ്കെ ഉള്‍പ്പെടെയുള്ള സിജെപി നേതൃത്വത്തോടുള്ള എതിര്‍പ്പ് പരസ്യമാക്കിക്കൊണ്ടാണ് ഈ പിരിഞ്ഞുപോക്ക്
അഭിജീത്ത് ദീപ്കെ സമരത്തെ മറ്റൊരു വഴിയിലേക്കും ചായ്വുകളിലേക്കും കൊണ്ടുപോകുന്നുവെന്നും ഈ സംഘടനയെ ടീം കെജ്രിവാളാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നുമാണ് വിമതരുടെ ആരോപണം. മുമ്പ് ആം ആദ്മി പാര്‍ട്ടിയുമായി സഹകരിച്ചിരുന്ന ആളുകള്‍ സിജെപിയുടെ നേതൃസ്ഥാനങ്ങള്‍ കൈയടക്കിയെന്നുമാണ് ആരോപണം. ബിജെപിയെ എതിര്‍ക്കുക എന്നത് മാത്രമായി ഈ വിദ്യാര്‍ഥി മുന്നേറ്റത്തിന്റെ ലക്ഷ്യങ്ങള്‍ ചുരുങ്ങരുതെന്നും മനീഷ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ സിജെപിയുടെ പ്രധാന നേതാക്കള്‍ ദീപ്കെയുടെ വസതിയില്‍ യോഗം ചേരുന്നുണ്ടെന്നറിഞ്ഞ് മനീഷ് ഗുജറാത്തില്‍ നിന്ന് ഛത്രപതി സംഭാജിനഗറിലേക്ക് എത്തിയിരുന്നു. ജന്തര്‍ മന്തറിലെ പ്രതിഷേധങ്ങളില്‍ സജീവമായി പങ്കെടുത്ത സന്നദ്ധപ്രവര്‍ത്തകരെ ഈ ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കിയെന്ന് ആരോപിച്ച് മനീഷ് ഉള്‍പ്പെടെയുള്ള ചിലര്‍ അവിടെ വച്ച് പ്രതിഷേധിച്ചതും ചര്‍ച്ചയായിരുന്നു.



