കോഴിക്കോട്: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയെ ന്യായീകരിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സ്ത്രീകളുടെ സുരക്ഷയാണ് കാന്തപുരം ഉദ്ദേശിച്ചതെന്നും ഈ കാലഘട്ടത്തിൽ വേട്ടയാടപ്പെടുന്നത് സ്ത്രീകളാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
‘പണ്ഡിതോചിതമായ അഭിപ്രായം അദ്ദേഹം പ്രകടിപ്പിച്ചതാണ്. അതിനപ്പുറത്ത് ഒന്നും പറയാനില്ല. വര്ത്തമാനകാലത്ത് സ്ത്രീകളാണ് ഏറെ വേട്ടയാടപ്പെടുന്നത്. അതൊക്കെ ഉദ്ദ്യേശിച്ചുകൊണ്ടാകാം അദ്ദേഹം പറഞ്ഞിട്ടുണ്ടാവുക. സാമൂഹ്യമായിട്ടുള്ള അവസ്ഥയെ പരാമർശിച്ച് പറഞ്ഞതാകാം. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പറഞ്ഞതാകാം. സാമൂഹ്യമായ ഇത്തരം അവസ്ഥയിൽ എല്ലാവർക്കും ഓരോ അഭിപ്രായമില്ല. സമൂഹത്തിൻ്റെ നന്മയ്ക്ക് വേണ്ടിയുള്ള അഭിപ്രായങ്ങളോട് ചേർന്ന് നിൽക്കുക എന്നുള്ളതാണ് – അദ്ദേഹം പറഞ്ഞു.
മതപണ്ഡിതർ അവരുടെ അഭിപ്രായം പറയുമെന്നും അതിനുള്ള സ്വാതന്ത്യ്രം ഉണ്ടെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. ഏത് സാഹചര്യത്തിലാണ് പറഞ്ഞതെന്നും പ്രധാനമാണ്. സാദിഖലി ശിഹാബ് തങ്ങൾ തന്നെ വിഷയത്തിൽ നിലപാട് പറഞ്ഞിട്ടുണ്ട്. അച്ചടക്കം ഉണ്ടാകണം എന്ന നിലയ്ക്കായിരിക്കും കാന്തപുരം അഭിപ്രായം പറഞ്ഞത്. അച്ചടക്കം ഉണ്ടാകുക എന്നത് മതത്തിൻ്റെ ഭാഗമാണ്. സ്ത്രീകൾക്ക് ഉയരാനും, ശക്തി ഉണ്ടാകാനും എല്ലാ സംഘടനയും ശ്രമിക്കുന്നുണ്ട്. സ്ത്രീകൾക്ക് എല്ലാ മേഖലയിലും പ്രവർത്തിക്കാൻ ഇവിടെ അവസരമുണ്ട്. മതപണ്ഡിതർ പറയുന്ന അഭിപ്രായം ഉൾക്കൊള്ളുന്നവരും തള്ളുന്നവരും ഉണ്ടാകും. ഒരു ജനാധിപത്യ രാജ്യത്ത് അതിനെല്ലാം ഉള്ള സ്വാതന്ത്ര്യമുണ്ട്. വിഷയം വിവാദമാക്കേണ്ടതില്ല. ഒരുപാട് വിശ്വാസങ്ങൾ ഉള്ള രാജ്യമാണ്. മതത്തിൻ്റെ നിർദ്ദേശം നൽകൽ പണ്ഡിതരുടെ ഉത്തരവാദിത്തമാണ്. അതായിരിക്കും കാന്തപുരം നിർവഹിച്ചത് – അദ്ദേഹം പറഞ്ഞു.



