കാലം എത്ര വേഗത്തിലാണ് കടന്നുപോകുന്നത്! കർക്കടകത്തിലെ പെയ്യൊഴിയാത്ത മഴമേഘങ്ങളെല്ലാം ഒഴിഞ്ഞുമാറി മാനത്ത് വെയിൽ നാളങ്ങൾ തെളിയുമ്പോൾ തന്നെ മനസ്സിന് അപാരമായൊരു കുളിർമയാണ്. തൊടിയിൽ പൂത്തുനിൽക്കുന്ന തുമ്പപ്പൂക്കളും മുക്കുറ്റിയുമെല്ലാം വിളിച്ചുപറയു. ഐശ്വര്യത്തിന്റെ തിരുമധുരവുമായി ചിങ്ങമാസം എത്തിക്കഴിഞ്ഞു.
എന്റെ ഓർമ്മച്ചെപ്പിൽ മായാതെ കിടക്കുന്നത് ആ ബാല്യകാല ഓണനാളുകളാണ്. അതിൽ അതിരറ്റ സന്തോഷത്തിന്റെ പൂക്കാലവുമുണ്ട്, നെഞ്ചുപൊട്ടുന്ന സങ്കടത്തിന്റെ ഓർമ്മകളുമുണ്ട്. ഉത്രാടപ്പാച്ചിലും അത്തം നാൾ മുതൽ മുറ്റത്ത് വിരിയുന്ന പൂക്കളങ്ങളുമായിരുന്നു ആ നാളുകളിലെ പ്രധാന താരം. പൂക്കളമൊരുക്കാൻ വേണ്ടി പുലർച്ചെ തന്നെ പൂക്കൊട്ടയുമായി അയൽപക്കത്തെ പറമ്പുകളിലൂടെ ഓടിനടന്ന ആ നാളുകൾ.തുമ്പയും തുളസിയും മുക്കുറ്റിയും തെച്ചിയും കോളാമ്പിപ്പൂവുമൊക്കെ തിരഞ്ഞുള്ള ആ യാത്ര തന്നെ എന്തൊരു ആവേശമായിരുന്നു.
പൂപറിക്കാനും മരക്കൊമ്പിൽ ഊഞ്ഞാലുകെട്ടി തരാനുമൊക്കെ ഞങ്ങളുടെ കൂടെ ഒരു കളിക്കൂട്ടുകാരനുമുണ്ടായിരുന്നു. അയൽപക്കത്ത് ഭൂരിഭാഗവും നായർ, ഈഴവ കുടുംബങ്ങളായിരുന്നു. അന്ന് ഞങ്ങളുടെ വീട്ടിൽ ആടുകളെ വളർത്തിയിരുന്നതുകൊണ്ട് എല്ലാ വീടുകളിലും ആട്ടിൻപാൽ എത്തിച്ചുനൽകിയിരുന്നത് ഞാനായിരുന്നു.
പക്ഷേ, തിരുവോണനാളിൽ മറ്റു വീടുകളിൽ ചെല്ലുമ്പോൾ ആ സന്തോഷത്തിനിടയിലും ഉള്ളിലൊരു ചെറു നോവുണ്ടായിരുന്നു. മാംസം കഴിക്കുന്നവരായതുകൊണ്ട് ഞങ്ങൾക്കവിടെ അയിത്തമായിരുന്നു. പാൽ കുപ്പി കയ്യിൽ വാങ്ങില്ല പൂമുഖ പടിവാതിൽ വയ്ക്കണം ഞങ്ങൾ കൊണ്ടുക്കൊടുക്കുന്ന ആട്ടിൻപാലിന് ഇല്ലാത്ത അയിത്തം ഞങ്ങളോട് കാണിക്കുമ്പോൾ?, വാട്ടിയ വാഴയിലയിലേക്ക് അവർ വെച്ചുതരുന്ന ഓണപ്പലഹാരങ്ങൾ കയ്യിലേക്ക് എറിഞ്ഞു തരികയാണ് ചെയ്യുന്നത്. ബാല്യമനസ്സിൽ അത് അത്ഭുതവും സങ്കടവും ഉണ്ടാക്കിയിരുന്നു.
എങ്കിലും, അത്തം കഴിഞ്ഞാൽ എല്ലാവരിലും ഒരു പ്രത്യേക ഉന്മേഷമായിരുന്നു. പപ്പ വാങ്ങിത്തരുന്ന ആ പുത്തൻകോടിയും കുപ്പിവളകളും, കമ്മലും, മാലയും ഒക്കെ ഇന്നും എന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു!
തിരുവോണത്തലേന്ന് അടുക്കളയിൽ നിന്ന് ഒഴുകിയെത്തുന്ന സാമ്പാറിന്റെയും, കൂട്ടുകറികളുടെയും, പ്രഥമന്റെയുമൊക്കെ മണം മനസ്സ് നിറയ്ക്കുമായിരുന്നു. വാഴയിലയിട്ട്, തുമ്പപ്പൂവിനേക്കാൾ വെളുത്ത ചോറും കാളനും ഓലനും പായസവുമെല്ലാം കൂട്ടിയുള്ള ആ തിരുവോണസദ്യയുടെ രുചി നാവിൽ നിന്ന് ഇപ്പോഴും മാഞ്ഞിട്ടില്ല.
സദ്യ കഴിഞ്ഞ് എല്ലാവരും ഒത്തുചേർന്ന് ഊഞ്ഞാലാടിയതും നാടൻ കളികളിൽ ഏർപ്പെട്ടതുമൊക്കെ ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു. എന്നാൽ, അന്നത്തെ ആ അവിസ്മരണീയമായ സന്തോഷങ്ങൾക്കിടയിലേക്കാണ് ഒരിക്കലും മറക്കാനാവാത്ത ആ ദുരന്തം വന്നുവീണത്. തിരുവോണ ദിവസം സന്തോഷത്തോടെ കൂടെക്കളിച്ചുകൊണ്ടിരുന്ന ഞങ്ങളുടെ ആ പ്രിയപ്പെട്ട കളിക്കൂട്ടുകാരൻ ക്ലിഫി, തട്ടിത്തെറിപ്പിച്ച പന്തെടുക്കാൻ പോയപ്പോൾ ഷോക്കേറ്റ് മരിച്ചു! സന്തോഷത്തിന്റെ നിമിഷങ്ങൾ പെട്ടെന്ന് കണ്ണീരണിഞ്ഞ ആ ദിവസം ഒരൊറ്റ ഓണക്കാലത്തിനും എന്റെ മനസ്സിൽ നിന്ന് മായ്ച്ചു കളയാനാവില്ല. ഓരോ ചിങ്ങമാസത്തിലും പൂക്കളം തീർക്കുമ്പോൾ ഉള്ളിലൊരു വിങ്ങലായി അവൻ കടന്നുവരും.
ഇന്ന് കാലം ഏറെ മാറിപ്പോയി. ആഗ്രഹിക്കുന്നതെന്തും വിരൽത്തുമ്പിൽ, ഓൺലൈനിൽ കിട്ടുന്ന ഒരു പുതിയ കാലമായി ഇത് മാറിക്കഴിഞ്ഞു! പൂക്കളമിടാൻ പൂക്കൾ കടകളിൽ നിന്നും ഓൺലൈൻ ആപ്പുകളിൽ നിന്നും റെഡിയായി വീട്ടിലെത്തുന്നു. അടുക്കളയിലെ ഒത്തൊരുമയോടെയുള്ള പാചകത്തിന് പകരം റെഡിമേഡ് സദ്യകൾ കാറ്ററിംഗുകാർ വീട്ടുപടിക്കൽ കൊണ്ടുത്തരുന്നു. പൂക്കളവും സദ്യയും ഊഞ്ഞാലാട്ടവും പുലിക്കളിയുമെല്ലാം വീടുകളിൽ നിന്ന് അകന്ന് ഡിജിറ്റൽ സ്ക്രീനുകളിലേക്ക് ഒതുങ്ങിപ്പോയി.
ആഘോഷങ്ങൾ കൂടുതൽ എളുപ്പമായെങ്കിലും, മനുഷ്യർ തമ്മിലുള്ള ആ പഴയ ആത്മബന്ധവും കാത്തിരിപ്പിന്റെ മധുരവും ഈ ഓൺലൈൻ യുഗത്തിൽ എവിടെയോ നഷ്ടപ്പെട്ടുപോയതുപോലെ തോന്നാറുണ്ട്. എങ്കിലും സാങ്കേതികവിദ്യ എത്ര വളർന്നാലും ഓൺലൈനിലൂടെ വാങ്ങാൻ കിട്ടാത്ത ഒന്നേയുള്ളൂ.നമ്മുടെ ആ പഴയ ബാല്യകാല ഓർമ്മകൾ! ഓരോ ചിങ്ങമാസത്തിലും എന്റെ ഉള്ളിൽ ആ തുമ്പപ്പൂക്കൾ വീണ്ടും പൂക്കാറുണ്ട്.സന്തോഷവും സങ്കടവും കലർന്ന ആ പഴയ ഓണക്കാലത്തിലേക്ക് എന്നെ വീണ്ടും കൂട്ടിക്കൊണ്ടുപോകാൻ!




ബാലുകാലഓണ ഓർമ്മകൾ സുന്ദരം🤝😊 ഓണാശംസകൾ🏵️🌹❤️🥰