ഓണമേ… ഓണമേ… പൊന്നോണമേ
ഓർമ്മകൾ പൂക്കും പൊൻകാലമേ…
മാവേലി തേടും മനസ്സുകളിലിന്നും
സ്നേഹത്തിൻ ദീപം തെളിയണമേ..
പൂക്കളം ചിരിക്കുമീ പൂമുറ്റമാകെ,
പൂമ്പാറ്റ പാടുമീ നേരം…
കണ്ണീരൊപ്പാനൊരു കൈ നീട്ടിയാൽ
കാണാം ഭൂമിയിൽ സ്വർഗ്ഗം…
പാടം പാടുന്നു നെല്ലിൻ പാട്ട്,
കാറ്റിൽ കസവിൻറെ പൊൻകനല്…
താളം പിടിക്കുന്നു ചിത്തിര പക്ഷികൾ..
തുമ്പപ്പൂ ചൂടിയ ബാല്യകാലം..
അമ്മുമ്മ ചൊല്ലിയ ഓണക്കഥകൾ
ഇന്നും വിളിക്കുന്നു നമ്മെ..
അവിയലെരിശ്ശേരി പച്ചടി പപ്പടം
പായസം
പൊന്നാര്യന്ചോറു മണം..
ഉയരുന്നു മാളിക,
ഇടിയുന്നു മാനസം
ഉറവകൾ വറ്റുന്ന കാലം…
കള്ളവും ചതിയും
കയ്യടി നേടുന്നു,
സത്യത്തിൻ മുറിവിന് ശോകം…
പണത്തിൻ്റെ തൂക്കത്തിൽ
ബന്ധങ്ങൾ വീഴുന്നു,
പുഞ്ചിരി പോലും വിൽപ്പനയാകുന്നു…
മനുഷ്യൻ മറന്നോ
മനുഷ്യത്വമെന്ന
മാവേലിമന്നൻറെ സ്വപ്നം?
കൈകോർക്കാമൊന്നായ്
ഹൃദയം തുറക്കാം,
കരുണയെ വീണ്ടും വിതക്കാം…
സ്നേഹമാം നെല്ലിൻ
പൊൻകതിർ വീശി
ഭൂമിയിലോണത്തെ
വരവേൽക്കാം..
സ്നേഹം ജയിക്കട്ടെ,
നന്മകൾ പൂക്കട്ടെ,
ഭൂമിയാകെ ഓണമായിടട്ടെ…!




👌