കൊച്ചി: മലയാളത്തിലെ മുതിർന്ന ചലച്ചിത്ര നിർമ്മാതാവ് ജിയോ കുട്ടപ്പൻ (എൻജി ജോൺ- 90) അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ബുധനാഴ്ച പുലർച്ചെ ഒന്നരയ്ക്ക് എറണാകുളം മെഡിക്കൽ സെൻ്റർ ആശുപത്രിയിൽ അന്ത്യം. 90-ാം പിറന്നാളാഘോഷത്തിന് കുടുംബം തയ്യാറെടുക്കവെയാണ് ജോണിൻ്റെ മരണം. ആദ്യകാല സിനിമാ നിർമ്മാണം- വിതരണ കമ്പനിയായ ജിയോ പിക്ചേഴ്സിൻ്റെ ബാനറിൽ നിരവധി ചിത്രങ്ങൾ എൻ ജി ജോൺ നിർമ്മിച്ചിട്ടുണ്ട്. മലയാള സിനിമാ ചരിത്രത്തിലെ ആദ്യകാല വിതരണക്കാരിൽ ഒരാളായ എൻ എക്സ് ജോർജിൻ്റെ മകനാണ് ജിയോ കുട്ടപ്പൻ എന്ന എൻ ജി ജോൺ.
കുഞ്ചാക്കോയുടെ ഉദയാ സ്റ്റുഡിയോയും പി സുബ്രഹ്മണ്യത്തിൻ്റെ മെറിലാൻറ് സ്റ്റുഡിയോയും മലയാളത്തിൽ വേരുപിടിക്കും മുമ്പ് ആ ചരിത്രത്തോടൊപ്പം പിച്ചവെച്ച മനുഷ്യനാണ് ജിയോ കുട്ടപ്പൻ. 1939 ൽ സൗത്ത് ഇന്ത്യൻ ഫിലിം ചേബർ ഓഫ് കോമേഴ്സ് രൂപം കൊണ്ട കാലം മുതൽ തന്നെ ജിയോ പിക്ചേഴ്സ് സംഘടനയിൽ അംഗമായിരുന്നു. 1966 ൽ അദ്ദേഹം കേരള ഫിലിം ചെംബർ പ്രസിഡണ്ടും സൗത്ത് ഇന്ത്യൻ ഫിലിം ചെമ്പറിൻ്റെ എക്സിക്യൂട്ടീവ് അംഗവുമായിരുന്നു. ആറ് വർഷം ഫിലിം ചെമ്പർ പ്രസിഡൻറ് ആയിരുന്നു. ജിയോ കുട്ടപ്പൻ നിർമ്മിച്ചവയിൽ ഏറെയും ഐ വി ശശി സിനിമകളാണ്. ഐ വി ശശിയുടെ ഇനിയും പുഴയൊഴുകും, ഏഴാം കടലിനക്കരെ, മീൻ, ഇന്നല്ലെങ്കിൽ നാളെ, ഈനാട്, ഇനിയെങ്കിലു , ഇത്രയും കാലം തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു.
ജെ ശശികുമാറിൻ്റെ മിനിമോൾ, എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത രജനീഗന്ധി, ഭദ്രൻ്റെ ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ, സുകുമാരനും മോഹൻലാലും പ്രധാന വേഷങ്ങളിലെത്തിയ മണിരത്നത്തിൻ്റെ മലയാളം ചിത്രം ഉണരൂ തുടങ്ങി സിനിമകളുടെയും നിർമ്മാതാവാണ്. മലയാള സിനിമയുടെ വിതരണ നിർമ്മാണ രംഗത്തെ ഏഴ് പതിറ്റാണ്ടിൻ്റെ അനുഭവങ്ങൾ ക്രോഡീകരിച്ചതാണ് എൻ ജി ജോണിൻ്റെ സിനിമയും ഞാനും – 70 വർഷങ്ങൾ എന്ന പുസ്തകം.
സംസ്കാരം വ്യാഴാഴ്ച ഇടപ്പള്ളി പൈപ്പ് ലൈൻ റോഡ് തോപ്പിൽ മേരി ക്യൂൻസ് പള്ളി സെമിത്തേരിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.



